എഫ് ഐ ആറില്‍ പേരില്ലെങ്കിലും പ്രതിചേര്‍ക്കാം: സുപ്രീം കോടതി

Posted on: January 11, 2014 7:42 am | Last updated: January 11, 2014 at 7:42 am

supreme courtന്യൂഡല്‍ഹി: പ്രഥമ വിവര റിപ്പോര്‍ട്ടിലോ (എഫ് ഐ ആര്‍) കുറ്റപത്രത്തിലോ പേരില്ലെങ്കിലും വിചാരണക്കിടെ തെളിവ് ലഭിക്കുകയാണെങ്കില്‍ ഒരു വ്യക്തിയെ വിചാരണാ കോടതിക്ക് പ്രതിചേര്‍ക്കാമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് പി സദാശിവം അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെതാണ് സുപ്രധാനമായ ഉത്തരവ്.
എഫ് ഐ ആറിലോ കുറ്റപത്രത്തിലോ പേരില്ലെങ്കിലും വിചാരണ കോടതിക്ക് ഒരാളെ പ്രതി ചേര്‍ക്കാനും വിളിച്ചുവരുത്താനും അധികാരമുണ്ടെന്ന് ബഞ്ച് വ്യക്തമാക്കി. ക്രിമിനല്‍ നടപടിക്രമങ്ങളിലെ 319 ാം വകുപ്പ് ഇതിനുള്ള അധികാരം വിചാരണ കോടതിക്ക് നല്‍കിയിട്ടുണ്ടെന്ന് ഉത്തരവില്‍ പറയുന്നു.
2ജി സ്‌പെക്ട്രം കേസുകള്‍ ഉള്‍പ്പെടെയുള്ള പല കേസുകളിലും നിര്‍ണായകമാണ് സുപ്രീം കോടതി വിധി. സി ബി ഐ സമര്‍പ്പിച്ച എഫ് ഐ ആറിലും കുറ്റപത്രത്തിലും പേര് ചേര്‍ക്കാത്ത ചില കോര്‍പറേറ്റ് കമ്പനി ഉടമകളെ വിചാരണ കോടതി സമന്‍സ് അയച്ച് വിളിപ്പിച്ചിരുന്നു. കുറ്റപത്രത്തില്‍ പേരില്ലാത്തവരെ വിളിപ്പിക്കാന്‍ വിചാരണ കോടതിക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി ഒരു വ്യവസായി സമര്‍പ്പിച്ച ഹരജി തള്ളിയാണ് സുപ്രീം കോടതി ഉത്തരവ്.