Connect with us

Kannur

ചരിത്രത്തിന്റെ സൂക്ഷിപ്പുകാരനായി മഹമൂദ് റംസാന്‍

Published

|

Last Updated

ചേലേരി: പഴയ നാണയങ്ങള്‍ ചരിത്രമാണ്. ഇവ കഴിഞ്ഞുപോയ നൂറ്റാണ്ടിലെ കച്ചവടങ്ങള്‍ നിയന്ത്രിച്ചു. രാജവാഴ്ചയുടെയും കോളനി അധീനശത്വത്തിന്റെയും കഥ പറഞ്ഞു. കാലം ചെല്ലുന്തോറും നാണയപ്പെരുമയും മാഹാത്മ്യവും പഴയമിലൊതുങ്ങി. എന്നാല്‍ നാണയങ്ങളുടെ പൊലിമ കുറക്കാതെ, അവയുടെ ചരിത്രമൂല്യം കാത്ത് ചേലേരിയിലെ പി മഹമൂദ് റംസാന്‍ നാണയങ്ങളുടെ കാവല്‍ക്കാരനും ചരിത്ര സൂക്ഷിപ്പുകാരനുമായി മാറുന്നു.
നൂഞ്ഞേരി മര്‍ക്കസുല്‍ ഹുദാ അഞ്ചാം വാര്‍ഷിക ഒന്നാം സനദ്ദാന സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ പ്രദര്‍ശനത്തിലാണ് മഹമൂദ് റംസാന്റെ നാണയ ചരിത്ര പ്രദര്‍ശനം അറിവിന്റെ പുതിയ വാതായനങ്ങള്‍ തുറന്നിട്ടത്. പ്രദര്‍ശനം കാണാനെത്തിയവരെയെല്ലാം മുഹമ്മദ് റംസാന്‍ പറഞ്ഞു പഠിപ്പിച്ചും നാണയ ലോകത്തിന്റെ കൗതുക കാഴ്ചകള്‍ കാട്ടി.
ജീവിത പ്രാരാബ്ധം കാരണം വര്‍ഷങ്ങള്‍ക്ക് മുമ്പ് നാടുവിട്ട് ബോംബെയിലെത്തിയപ്പോഴാണ് മഹമൂദ് റംസാന്‍ വിവിധ രാജ്യങ്ങളുടെ നാണയവും കറന്‍സിയും ശേഖരിച്ച് തുടങ്ങിയത്. ഇപ്പോള്‍ 62 രാഷ്ട്രങ്ങളുടെ നാണയങ്ങളും 130 രാഷ്ട്രങ്ങളുടെ കറന്‍സികളും മഹമൂദിന്റെ ശേഖരത്തിലുണ്ട്.
10 വര്‍ഷത്തിലധികം മര്‍ച്ചന്റ് നേവിയില്‍ ജോലി ചെയ്ത ഇദ്ദേഹത്തിന്റെ ശേഖരത്തില്‍ നാല് നൂറ്റാണ്ട് പഴക്കമുള്ള നാണയങ്ങള്‍ വരെയുണ്ട്. ഗതകാല സ്മരണകളുണര്‍ത്തുന്ന കാശും ഓട്ടമുക്കാലും മഹമൂദ് പൊന്നുപോലെ സൂക്ഷിക്കുന്നു. 1614ല്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി ഇറക്കിയ നാണയം, ബ്രിട്ടനിലെ ഡയാന രാജകുമാരിയുടെയും ചാള്‍സ് രാജകുമാരന്റെയും വിവാഹ സമയത്ത് ഇറക്കിയ വെള്ളി നാണയം-ഈ നാണയം പതിനായിരം രൂപ കൊടുത്താണ് മഹമൂദ് സംഘടിപ്പിച്ചത്.
കഅബാ ശരീഫിന്റെ ചിത്രത്തോട് കൂടി ഇറാന്‍ പുറത്തിറക്കിയ കറന്‍സിയോട് മഹമൂദിന് ഏറെ പ്രിയം. 2000 റിയാലിന്റെ ഈ കറന്‍സി എന്തുവില കൊടുത്തും എടുക്കാന്‍ ചിലര്‍ തയ്യാറായെങ്കിലും മഹമൂദ് അത് വിട്ടുകൊടുത്തില്ല.
കറന്‍സി നാണയശേഖരത്തിന് പ്രാമുഖ്യം കൊടുക്കുന്ന മഹമൂദിന്റെ ശേഖരത്തില്‍ സ്റ്റാമ്പ്, വിവിധ രാഷ്ട്രങ്ങളുടെ എയര്‍ ടിക്കറ്റ്, ടെലിഫോണ്‍ കാര്‍ഡുകള്‍, കൗതുകങ്ങളായ വാര്‍ത്തകളുടെ കട്ടിംഗ് എന്നിവയുമുണ്ട്. ഒറ്റ പ്രസവത്തില്‍ 15 കുട്ടികളെ പ്രസവിച്ച് ലോക റിക്കാര്‍ഡ് തിരുത്തിയ ന്യൂയോര്‍ക്കിലെ ക്രിസ്റ്റീന സൂര്‍ഹിസുന്‍ എന്ന 34 കാരിയെ കുറിച്ച് വന്ന വാര്‍ത്തയുടെ കട്ടിംഗ് മഹമൂദിന്റെ ശേഖരത്തിലുണ്ട്. 11 ആണ്‍കുട്ടികളും നാല് പെണ്‍കുട്ടികളുമടങ്ങുന്ന ക്രിസ്റ്റീനയുടെ ഫോട്ടോ സഹിതം ഒരു മലയാള പത്രം തന്നെ പ്രസിദ്ധീകരിച്ചതാണിത്. ഗര്‍ഭിണിയായ സമയത്ത് വയര്‍ അസാമാന്യമായി വളര്‍ന്നുവെന്നല്ലാതെ ഓരോ കുട്ടികളെയും ക്ലേശമൊന്നുമില്ലാതെയാണ് പ്രസവിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ചൈനയുടെ മാഹാത്മ്യം വിളിച്ചറിയിക്കുന്ന ശേഖരങ്ങളാണ് മഹമൂദിന്റെ മറ്റൊരു സമ്പാദ്യം. ചൈനയില്‍ മെയ് ദിന ദിവസം തൊഴിലാളികള്‍ എഴുതി നല്‍കിയ കവിതയും ചൈനയിലെ കൗതുക വസ്തുക്കളുമെല്ലാം മഹമൂദ് ഇപ്പോഴും പൊന്നുപോലെ കാത്തുസൂക്ഷിക്കുന്നു.
നേരത്തെ ചേലേരി മുക്ക് സുന്നി മദ്‌റസയില്‍ നടന്ന ചടങ്ങില്‍ കണ്ണൂര്‍ പ്രസ് ക്ലബ് ജോ. സെക്രട്ടറി സി വി സാജു പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ഇബ്‌റാഹിം ഹാജി അധ്യക്ഷത വഹിച്ചു. അബ്ദുറഷീദ് ദാരിമി, അശ്രഫ് ചേലേരി, നസീര്‍ സഅദി, യൂസുഫ് ഹാജി നൂഞ്ഞേരി, സമദ് നൂഞ്ഞേരി, ഇ വി ഖാദര്‍ പ്രസംഗിച്ചു.

 

---- facebook comment plugin here -----

Latest