Connect with us

Malappuram

കുട്ടികര്‍ഷകര്‍ ആഹ്ലാദത്തില്‍: കൂരിപ്പൊയില്‍ സ്‌കൂളിലെ പച്ചക്കറിത്തോട്ടത്തില്‍ നൂറ് മേനി വിളവ്‌

Published

|

Last Updated

കാളികാവ്: കൂരിപ്പൊയില്‍ ജി എല്‍ പി സ്‌കൂളിലെ പച്ചക്കറിത്തോട്ടത്തില്‍ നൂറ് മേനി വിളഞ്ഞു. അന്യം നിന്ന് പോകുന്ന കാര്‍ഷിക വിളകളെ സംബന്ധിച്ച് പിഞ്ചു വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്ന് നല്‍കുന്നതിനാണ് സ്‌കൂള്‍മുറ്റത്ത് പച്ചക്കറിത്തോട്ടം നിര്‍മിച്ചത്.
ചോക്കാട് പഞ്ചായത്ത് കൃഷി ഭവന്റെ സഹായത്തോടെയാണ് സ്‌കൂളില്‍ പച്ചക്കറി കൃഷി നടത്തുന്നത്. പടവലം തോട്ടില്‍ നിന്ന് മൂന്നാമത് വിളവെടുപ്പിന് കാത്തിരിക്കുകയാണ് സ്‌കൂള്‍ കുട്ടികള്‍. വെണ്ട, വെള്ളരി, വഴുതന, കുമ്പളം, ചീര, പയര്‍ തുടങ്ങിയ പച്ചക്കറികളും സ്‌കൂള്‍ മുറ്റത്ത് നട്ട് പിടിപ്പിച്ചിട്ടുണ്ട്. കര്‍ഷകനായ പി ടി എ പ്രസിഡന്റ് പള്ളിത്തൊടിക അഹമ്മദ് കുട്ടി എന്ന ചെറിയാപ്പുവാണ് കുട്ടികളെ സ്‌കൂള്‍ മുറ്റത്ത് കൃഷി ചെയ്യിപ്പിക്കാന്‍ പഠിപ്പിക്കുന്നത്.
മണ്ണുമായി ആളുകള്‍ക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്ന അകല്‍ച്ച കുറക്കുന്നതിനും, പാഠ്യ പദ്ധതിയുടെ ഭാഗമായി കാര്‍ഷിക രീതികള്‍ പഠിപ്പിക്കുന്നതോടൊപ്പം സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ രാസ പദാര്‍ത്ഥങ്ങളോ കീട നാശിനികളോ ഇല്ലാത്ത പച്ചക്കറികള്‍ കുട്ടികള്‍ക്ക് കഴിക്കാന്‍ കഴിയുന്നു എന്നുള്ളതുമാണ് പച്ചക്കറിത്തോട്ടം കൊണ്ടുള്ള പ്രധാന നേട്ടമെന്ന് അധ്യാപകര്‍ പറയുന്നു.
വിദ്യാര്‍ഥികളായ നദീം നബ്ഹാന്‍, ഹസ്‌ന റുബ, മുഹമ്മദ് സഫ്‌വാന്‍, എം ടി സന, ഷമീം സ്വാലിഹ് എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികള്‍ പച്ചക്കറി പരിപാലിക്കുന്നത്. അധ്യാപകരായ അജയ് ശങ്കര്‍, രജീഷ്, വിനുരാജ്, രേഷ്മ എന്നിവര്‍ കുട്ടികള്‍ക്ക് കൃഷിയുടെ പാഠം പഠിപ്പിക്കുന്നു.