2015ല്‍ അമ്പലവയലില്‍ ദേശീയ റോസ് പ്രദര്‍ശനം

Posted on: January 10, 2014 12:55 pm | Last updated: January 10, 2014 at 12:55 pm

കല്‍പറ്റ: കേരള കാര്‍ഷിക സര്‍വകലാശാല ‘പൂപ്പൊലി’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന പ്രഥമ പുഷ്‌പോത്സവത്തിന് അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ഒരുക്കം തകൃതിയില്‍. കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ബ്ലോക്ക് നമ്പര്‍ മൂന്നില്‍ മൂന്നര ഏക്കര്‍ സ്ഥലമാണ് ഫെബ്രുവരി രണ്ട് മുതല്‍ 12 വരെ നടത്തുന്ന പുഷ്‌പോത്സവത്തിനായി വിനിയോഗിക്കുന്നത്. രണ്ടിനു ഉച്ചകഴിഞ്ഞ് കൃഷി മന്ത്രി കെ പി മോഹനന്‍ ‘പൂപ്പൊലി’ ഉദ്ഘാടനം ചെയ്യും. സമാപനസമ്മേളനത്തിന്റെ ഉദ്ഘാടനം 12ന് വൈകീട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും.
വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, പൊതു-സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങള്‍, ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍, സ്വയംസഹായസംഘങ്ങള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ‘പൂപ്പൊലി’ സംഘടിപ്പിക്കുന്നതെന്ന് കാര്‍ഷിക ഗവേഷണകേന്ദ്രം അസോസിയേറ്റ് ഡയറക്ടര്‍ ഡോ. പി രാജേന്ദ്രന്‍ പറഞ്ഞു. വയനാട്ടില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള പൂകൃഷി പ്രോത്സാഹിപ്പിക്കുകയും ഗവേഷണകേന്ദ്രത്തെ ഹെല്‍ത്തി അഗ്രോ ടൂറിസം സെന്ററുമായി വികസിപ്പിക്കുകയുമാണ് ദേശീയോത്സവമെന്ന നിലയില്‍ ജില്ലയില്‍ വര്‍ഷംതോറും നടത്താന്‍ തീരുമാനിച്ച പുഷ്‌പോത്സവത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. റോസ്, ഡാലിയ, ജര്‍ബറ, അന്തൂറിയം, ഓര്‍ക്കിഡ്, ഹെലിയോണിയ തുടങ്ങിയ ഇനങ്ങളില്‍പ്പെട്ട പൂക്കളുടെയും വിവിധയിനം ഫലങ്ങളുടേയും പ്രദര്‍ശനമായിരിക്കും ‘പൂപ്പൊലി’യുടെ മുഖ്യ ആകര്‍ഷണം. ഫ്രാന്‍സ്, ഹോളണ്ട് എന്നീ രാജ്യങ്ങളില്‍നിന്നു ഇറക്കുമതി ചെയ്തതടക്കം ആയിരത്തിലധികം റോസ് ഇനങ്ങങ്ങള്‍ പുഷ്‌പോത്സവനഗരിയില്‍ ഇടംപിടിക്കും. 865 ഇനം റോസ് ചെടികള്‍ ഇതിനകം ഗവേഷണകേന്ദ്രത്തില്‍ എത്തി. ഡാലിയ പൂക്കളുടെ വമ്പന്‍ ശേഖരവും ഉണ്ടാകും. 5000 ഓളം ഇനം ഡാലിയ പൂക്കളുടെ പ്രദര്‍ശനമാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
500നടുത്ത് സ്റ്റാളുകള്‍ നഗരിയില്‍ പ്രവര്‍ത്തിക്കും. കാര്‍ഷിക വിജ്ഞാനം സാധാരണക്കാരിലേക്ക് പകരാന്‍ ഉതകുന്നതായിരിക്കും ഇവയില്‍ ഏറെയും. സ്ഥാപനങ്ങള്‍ക്കും മറ്റും സ്റ്റാളുകള്‍ അനുവദിക്കുന്ന പ്രക്രിയ കഴിഞ്ഞദിവസം ആരംഭിച്ചു.
‘ഇടവിളയായി വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യാവുന്ന ഇനത്തില്‍പ്പെട്ട പൂച്ചെടികള്‍ നൂറുകണക്കിനാണ്. ഈ സാധ്യത ജില്ലയിലെ കൃഷിക്കാര്‍ ഉപയോഗപ്പെടുത്തുന്നല്ല. ഈ അവസ്ഥയ്ക്ക് പരിഹാരമാകാന്‍ ‘പൂപ്പൊലി’ക്ക് കഴിയുമെന്നാണ് പ്രതീക്ഷ. വാണിജ്യാടിസ്ഥാനത്തിലുള്ള പൂകൃഷിയില്‍ കര്‍ഷകര്‍ക്ക് അറിവും പ്രോത്സാഹനവും നല്‍കുന്ന സെമിനാറുകളും പുഷ്‌പോത്സവത്തിന്റെ ഭാഗമായിരിക്കും. പൂകൃഷിക്ക് ഏറ്റവും യോജിച്ച മണ്ണും കാലാവസ്ഥയുമാണ് വയനാട്ടിലേത്. ഇത്രയും സുന്ദരമായ പ്രകൃതിയും കാലാവസ്ഥയും ലോകത്ത് മറ്റെവിടെയും ഇല്ലെന്നു പറയുന്നതില്‍ അനൗചിത്യമില്ല’-ഗവേഷണകേന്ദ്രം അസോസിയേറ്റ് ഡയറക്ടര്‍ പറഞ്ഞു.
പ്രാദേശിക ഗവേഷണ കേന്ദ്രത്തില്‍ 2015ല്‍ ദേശീയ റോസ് പ്രദര്‍ശനം നടത്തുന്നതിനുള്ള നീക്കം പുരോഗതിയിലാണെന്ന് ഡോ.രാജേന്ദ്രന്‍ വെളിപ്പെടുത്തി. ചണ്ഡീഗഡ്, ബാംഗ്ലൂര്‍, ഡല്‍ഹി, ഊട്ടി എന്നിവിടങ്ങളില്‍ മാത്രം നാഷണല്‍ റോസ് സൊസൈറ്റി നടത്തിവരാറുള്ള റോസ് പ്രദര്‍ശനത്തിനാണ് അമ്പലവയലില്‍ വേദിയൊരുങ്ങുന്നത്. ഗവേഷണകേന്ദ്രത്തില്‍ ദേശീയ റോസ് പ്രദര്‍ശനം നടത്തുന്നതിനു അനുമതി തേടി നാഷണല്‍ റോസ് സൊസൈറ്റി കാര്‍ഷിക സര്‍വകലാശാലയ്ക്ക് കത്തയച്ചിരുന്നു.
പ്രദര്‍ശനത്തിനു ആതിഥ്യംവഹിക്കുന്നതില്‍ സന്നദ്ധത അറിയിച്ച് മറുപടി അയച്ചിട്ടുണ്ട്. അടുത്തവര്‍ഷം ഫെബ്രുവരിക്കും ഏപ്രിലിനുമിടയില്‍ അമ്പലവയലില്‍ ദേശീയ റോസ് പ്രദര്‍ശനം നടക്കുമെന്നാണ് പ്രതീക്ഷയെന്ന് ഡോ.രാജേന്ദ്രന്‍ പറഞ്ഞു.