ചെറുപുഷ്പ മിഷന്‍ ലീഗ് വാര്‍ഷികം മാനന്തവാടിയില്‍

Posted on: January 9, 2014 8:04 am | Last updated: January 9, 2014 at 8:04 am

കല്‍പറ്റ: ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തീയ അല്മായ പ്രേഷിത സംഘടനയായ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ 66-ാമത് സംസ്ഥാന രൂപത വാര്‍ഷികം മാനന്തവാടിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാനന്തവാടി രൂപതയുടേയും സംസ്ഥാന സമിതിയുടേയും ആഭിമുഖ്യത്തിലാണ് വാര്‍ഷികാഘോഷം. പുത്തൂര്‍ രൂപതാധ്യക്ഷന്‍ ബിഷപ് ഡോ. ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ് 11 ന് വാര്‍ഷികം ഉദ്ഘാടനം ചെയ്യും. 11 ന് രാവിലെ ഒമ്പതിന് മാനന്തവാടി മാര്‍ട്ടിന്‍ നഗര്‍ പള്ളിയില്‍ നിന്നും ആരംഭിക്കുന്ന പ്രേഷിത റാലി ഫാ. സിബി ചേലക്കപ്പിള്ളില്‍ ഫഌഗ് ഓഫ് ചെയ്യുന്നതോടെ വാര്‍ഷികാഘോഷം ആരംഭിക്കും. 19 രൂപതകളില്‍ നിന്നുള്ള പ്രതിനിധികള്‍ വാര്‍ഷികത്തില്‍ പങ്കെടുക്കും. മിഷന്‍ലീഗ് സംസ്ഥാന പ്രസിഡന്റ് ജോസ് പുതിയാപറമ്പില്‍ അധ്യക്ഷത വഹിക്കും. മാനന്തവാടി വികാരി ജനറല്‍ മോണ്‍. മാത്യു മാടപ്പള്ളിക്കുന്നേല്‍ മുഖ്യ പ്രഫാഷണം നടത്തും. ചെറുപുഷ്പ മിഷന്‍ലീഗിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ 10 വര്‍ഷമായി ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ചവക്കുന്ന മാനന്തവാടി രൂപതക്കുള്ള സമ്മാനം ബിഷപ് ഡോ. ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ് നല്കും. കേരളത്തിലെ മികച്ച മേഖല, ശാഖ എന്നിവക്കുള്ള സമ്മാനങ്ങളും അന്നേദിവസം നല്കും. ഫാ. സോണി വടയാപറമ്പില്‍. ജോയി മേപ്പാടം, രഞ്ജിത് മുതുപ്ലാക്കല്‍, സിസ്റ്റര്‍ ലിസ അലക്‌സ് എസ്‌കെഡി, ബെന്നി മുത്തനാട്ട്, ഫാ. സണ്ണി മഠത്തില്‍, ദില്‍ന കാവനമാലില്‍, ശാലു തൈപറമ്പില്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും. ഫാ. സോണി വടയാപറമ്പില്‍, ജോയ് മേപ്പാടം, രഞ്ജിത് മുതുപ്ലാക്കല്‍, ഡോളി പാറേക്കുടിയില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.