Connect with us

Malappuram

മുണ്ടമ്പ്ര സ്‌കൂളില്‍ ഉച്ച ഭക്ഷണത്തിന് കോഴിക്കറിയും

Published

|

Last Updated

അരീക്കോട് : സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ച ഭക്ഷണത്തിന് കോഴിക്കറി നല്‍കാന്‍ തീരുമാനിച്ച് മുണ്ടമ്പ്ര ഗ്രാമസഭ മാതൃകയാകുന്നു. അരീക്കോട് പഞ്ചായത്തിലെ പതിനേഴാം വാര്‍ഡ് ഗ്രാമസഭയാണ് വേറിട്ട തീരുമാനമെടുത്ത് ശ്രദ്ധേയമാകുന്നത്. കഴിഞ്ഞ മാസം ചേര്‍ന്ന ഗ്രാമസഭയിലാണ് മുണ്ടമ്പ്ര ഗവണ്‍മെന്റ് യുപി സ്‌കൂളിലെ എഴുനൂറോളം കുട്ടികള്‍ക്ക് മാസത്തിലൊരിക്കല്‍ കോഴിക്കറി നല്‍കാന്‍ തീരുമാനമായത്. പദ്ധതിക്ക് പ്രതിമാസം പതിനയ്യായിരം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിലേക്കായി പഞ്ചായത്തില്‍ നിന്ന് ലഭിക്കുന്ന ഓണറേറിയം പൂര്‍ണമായും സംഭാവന ചെയ്യുമെന്ന് വാര്‍ഡ് മെമ്പര്‍ ഒഎം ഇബ്‌റാഹീം ഗ്രാമസഭയെ അറിയിക്കുകയായിരുന്നു. ഇതോടെ ശേഷിക്കുന്ന തുക ജനകീയ കൂട്ടായ്മയിലൂടെ സ്വരൂപിക്കാന്‍ ഗ്രാമസഭ തീരുമാനിക്കുകയും ചെയ്തു. വാര്‍ഡിലെ കുടുംബശ്രീ കൂട്ടായ്മയും പദ്ധതിക്ക് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച പദ്ധതിക്ക് ഔപചാരിക തുടക്കമാകും. രണ്ടാഴ്ച കൊണ്ട് ഗ്രാമസഭാ തീരുമാനം നടപ്പിലാകുന്നുവെന്നതും പദ്ധതിയുടെ പ്രത്യേകതയാണെന്ന് നാട്ടുകാര്‍ പറയുന്നു. ജനകീയ കൂട്ടായ്മയില്‍ സ്‌കൂള്‍ ഉച്ചഭക്ഷണ പരിപാടി മെച്ചപ്പെടുത്താനുള്ള ഗ്രാമസഭാ തീരുമാനം.