വ്യോമയാന മേഖലയില്‍ 2014 ല്‍ ഇന്ത്യ വന്‍നേട്ടം കൈവരിക്കുമെന്ന് റിപ്പോര്‍ട്ട്

Posted on: January 8, 2014 11:45 pm | Last updated: January 8, 2014 at 11:45 pm

dubai inter national airport1നെടുമ്പാശ്ശേരി: വ്യോമയാന മേഖലയില്‍ 2014 ല്‍ ഇന്ത്യ വന്‍ നേട്ടം കൈവരിക്കുമെന്ന് ഇന്റര്‍നാഷനല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ (അയാട്ട)യുടെ അവലോകന റിപ്പോര്‍ട്ട്. വിവിധ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ചയുണ്ടാകാന്‍ പോകുന്ന രാജ്യങ്ങളുടെ മുന്‍നിരയില്‍ ഇന്ത്യയുണ്ടാകുമെന്നും ഇന്റര്‍നാഷനല്‍ എയര്‍ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ വിലയിരുത്തുന്നുണ്ട്.

പല കമ്പനികളും നിന്നു പോയങ്കിലും 2013ല്‍ ആഗോളതലത്തില്‍ 1,290 കോടി ഡോളറാണ് വിമാനക്കമ്പനികളുടെ മിച്ച ലാഭം. 2014 യില്‍ 1,970 കോടിയായി വളരുമെന്നാണ് കണക്കാക്കുന്നത്. ലോകം സാമ്പത്തിക മാന്ദ്യം നേരിടുന്ന ഈ സമയത്തും വിദേശ രാജ്യങ്ങളില്‍ ജോലി തേടി പോകുന്നവരുടെയും പഠിക്കുന്നവരുടെയും എണ്ണം വര്‍ധിക്കുമെന്നാണ് കണക്കാക്കുന്നത.് കൂടാതെ കേരളം പോലെയുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ പേര്‍ വിനോദസഞ്ചാരത്തിനായി എത്തുന്നതും ഈ മേഖലയില്‍ വന്‍ നേട്ടം ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട്. 28 ഇന്റര്‍നാഷനല്‍ എയര്‍ലൈന്‍സുകളുടെ ഗ്രൂപ്പായ സ്റ്റാര്‍ അലൈന്‍സില്‍ എയര്‍ ഇന്ത്യക്ക് സ്ഥാനം ലഭിച്ചത് ഈ മേഖലയുടെ വളര്‍ച്ചക്ക് ഏറെ സഹായകരമാകും. അംഗത്വം ലഭിച്ചതുമൂലം എയര്‍ഇന്ത്യ യാത്രക്കാര്‍ക്ക് സ്റ്റാര്‍ അലൈന്‍സില്‍ അംഗത്വമുള്ള എല്ലാ വിമാന കമ്പനികളുടെയും ഫ്‌ളൈറ്റുകളില്‍ യാത്ര ചെയ്യാന്‍ കഴിയും.
ജെറ്റ് എയര്‍വെയ്‌സിന്റെ 24 ശതമാനം ഓഹരി 2,000 കോടി രൂപക്ക് അബൂദബി ആസ്ഥാനമാക്കിയുള്ള ഇത്തിഹാദിന് നല്‍കിയിട്ടുള്ള കരാറിന് ഡി ജി സി എ അനുമതി നല്‍കിയിട്ടുണ്ട്. ഇതുവഴി യു എ ഇ യിലേക്കുള്ള പ്രതിവാര സീറ്റുകളുടെ എണ്ണം അടുത്ത മൂന്ന് വര്‍ഷത്തേക്ക് 50,000 ആക്കി ഉയര്‍ത്തിയിട്ടുണ്ട്. ഇത് മൂലം ഇന്ത്യയിലെ 23 ചെറുകിട വിമാനത്താവളങ്ങളില്‍ നിന്ന് ഈ ഫ്‌ളൈറ്റുകളില്‍ അബൂദബിയിലേക്ക് പോകാന്‍ കണക്ഷന്‍ ലഭിക്കും. ഇത് വഴി ഗള്‍ഫ് മേഖലയിലേക്കും തിരിച്ചും കൂടുതല്‍ പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയും.
ലോകത്തിലെ ഏറ്റവും വലിയ യാത്രാ വിമാനമായ എയര്‍ബസ് എ 380, മുബൈയിലെ ഹൈടെക് എയര്‍പോര്‍ട്ട് ടെര്‍മിനനില്‍ നിന്ന് ഈ വര്‍ഷം മുതല്‍ തുടര്‍ച്ചയായി വിമാന സര്‍വീസ് തുടങ്ങുമെന്ന പ്രഖ്യാപനം വ്യോമയാന മേഖല പ്രതീക്ഷയോടെയാണ് സ്വീകരിക്കുന്നത്. ഇതുപോലെയുള്ള വിമാനങ്ങള്‍ ഇന്ത്യയില്‍ നിന്ന് സര്‍വീസ് നടത്തിയാല്‍ കൂടുതല്‍ വിനോദസഞ്ചാരികളെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ കഴിയും. 2014 ല്‍ രണ്ട് വിമാന കമ്പനികളെങ്കിലും ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കാന്‍ സാധ്യതയുണ്ട്. ഇതിന്റെ നടപടിക്രമങ്ങള്‍ അവസാന ഘട്ടത്തിലാണ.്