Connect with us

Editors Pick

അക്രഡിറ്റഡ് നായരും രണ്ടാം പരശുരാമനും

Published

|

Last Updated

വിലക്കയറ്റത്തിലെ പ്രതിപക്ഷ വേവലാതി, കസ്തൂരി രംഗനില്‍ മണ്ഡലം നഷ്ടപ്പെടുന്ന റോഷി അഗസ്റ്റിന്റെ വേദന, ഗാഡ്ഗിലിന് വേണ്ടിയുള്ള വി ടി ബല്‍റാമിന്റെ മുറവിളി, കോണ്‍ഗ്രസിന് ബദല്‍ സൃഷ്ടിക്കാന്‍ ഇടതിന് കഴിയാതെ പോയതിനെക്കുറിച്ചുള്ള അഹ്മദ് കബീറിന്റെ താത്വിക വിശകലനം, നന്ദിപ്രമേയ ചര്‍ച്ചയുടെ അവസാന ദിനം ചൂടും ചൂരുമുള്ളതാക്കിയ വിഷയങ്ങള്‍ക്ക് അറ്റമില്ലായിരുന്നു. ഒടുവില്‍ ആറന്മുളയെ ചൊല്ലിയുള്ള വി എസ്-ഉമ്മന്‍ചാണ്ടി തത്സമയ ഏറ്റുമുട്ടല്‍ കൂടിയായതോടെ 20 വരെയുള്ള ഇടവേളക്ക് ഇരുപക്ഷവും ഊര്‍ജം സംഭരിച്ചു.
ഷുഗറുണ്ടെങ്കിലും പഞ്ചസാരക്ക് വില കൂടിയ കാര്യം ദിവാകരന്‍ അനുഭവിക്കുന്നുണ്ട്. ഹോര്‍ടികോര്‍പ്പിനോട് വിലനിയന്ത്രിക്കേണ്ടെന്ന് ഉത്തരവ് നല്‍കിയ കാര്യവും എടുത്തിട്ടതോടെ ഒരുവേള സഭയുടെ ക്രമസമാധാനവും തകര്‍ന്നു. വിരുദ്ധ വാദങ്ങളുടെ ഏറ്റുമുട്ടലിനും ഇരുപക്ഷത്തും കുറവില്ല. ഗാഡ്കിലെന്ന് കേട്ടാല്‍ ഞെട്ടുന്നവരാണ് ഭൂരിഭാഗവും. വിരുദ്ധ നിലപാട് സ്വീകരിച്ച് കഴിഞ്ഞ ദിവസം ഗാഡ്ഗിലിനെ പുണര്‍ന്നത് വി എസ് അച്യുതാനന്ദനെങ്കില്‍ ഇന്നലെ ഭരണപക്ഷത്തെ വി ടി ബല്‍റാമിനായിരുന്നു ഗാഡ്കില്‍ പ്രേമം. സ്വന്തം ആവാസ വ്യവസ്ഥ തകരുമെന്ന് വിശ്വസിക്കുന്ന റോഷി അഗസ്റ്റിന് ഇത് സഹിച്ചില്ല. രാജി വെച്ച് കളയുമെന്നായിരുന്നു റോഷിയുടെ ഭീഷണി. മലയോര കര്‍ഷകരെ ദ്രോഹിച്ച് ഒരു ജനപ്രതിനിധിക്കും മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന മുന്നറിയിപ്പും. ജാതിയാണോ ജനാധിപത്യമാണോ സര്‍ക്കാറിനെ നയിക്കുന്നതെന്ന് വി എസ് സുനില്‍കുമാര്‍ സംശയിച്ചു. ആഭ്യന്തരത്തില്‍ ഒരു നായരെ മാറ്റി മറ്റൊരു നായരെ മന്ത്രിയാക്കി. രണ്ടാമത്തെ നായര്‍ എന്‍ എസ് എസ് അക്രഡിറ്റഡായതാണ് കാരണം. റവന്യൂമന്ത്രിയാകട്ടെ ഈഴവന്‍. വകുപ്പ് പോകുമെന്ന ഘട്ടത്തില്‍ വെള്ളാപ്പള്ളിയെ ഇറക്കിയാണ് കളിച്ചത്. ആധുനിക കേരളത്തിന്റെ രണ്ടാം പരശുരാമന്‍ എന്നു മാര്‍ക്‌സിസ്റ്റുകാര്‍ വിശേഷിപ്പിക്കുന്ന ഇ എം എസിനു പോലും നടപ്പാക്കാന്‍ കഴിയാത്ത പട്ടാമ്പി താലൂക്ക് രൂപവത്കരിച്ചതില്‍ വി ടി ബല്‍റാം ഉമ്മന്‍ ചാണ്ടിക്ക് ഒരു പൂച്ചെണ്ട് നല്‍കി. താലൂക്കിന്റെ കാര്യത്തില്‍ തര്‍ക്കമില്ലെങ്കിലും ഇ എം എസിനെ രണ്ടാം പരശുരാമന്‍ എന്ന് വിളിക്കുന്നത് ബാബു എം പാലിശേരി ഇതുവരെ കേട്ടിട്ടില്ല. ഡി വൈ എഫ് ഐയില്‍ വന്ന് അധികനാളായിട്ടില്ലാത്ത പാലിശ്ശേരി അറിയാതെ പോയതില്‍ ബല്‍റാമിനും പരാതി ഉണ്ടായില്ല.
അരിച്ചു പെറുക്കി നോക്കിയിട്ടും നയപ്രഖ്യാപന പ്രസംഗത്തില്‍ എ കെ ബാലന്‍ കാമ്പുള്ളതൊന്നും കണ്ടില്ല. ആദ്യ സത്യപ്രതിജ്ഞ കെ മുരളീധരനും രണ്ടാമത്തേത് ആര്യാടന്‍ മുഹമ്മദും മൂന്നാമത്തേതില്‍ ആര്‍ ബാലകൃഷ്ണ പിള്ളയും ബഹിഷ്‌കരിച്ചത് ബാലന്‍ നോക്കിവെച്ചിട്ടുണ്ട്. യു ഡി എഫ് നേതാക്കള്‍ പരസ്പരം നടത്തിയ വിഴുപ്പലക്കല്‍ പ്രസ്താവനകളുടെ ഭാണ്ഡക്കെട്ടും ബാലന്‍ അഴിച്ചുവിട്ടു. ബൂര്‍ഷ്വാ സൊസൈറ്റിയില്‍ ജീവിക്കുന്നവരാകായാല്‍ സഖാക്കള്‍ക്കും ചില ദൗര്‍ബല്യങ്ങള്‍ വരും. അതു തിരുത്തുകയായിരുന്നു പ്ലീനം. പ്ലീനത്തെ വിമര്‍ശിച്ച വിഷ്ണുനാഥിനെ ബാലന്‍ ഓര്‍മ്മിപ്പിച്ചു.
കോണ്‍ഗ്രസിനെതിരായ ജനാധിപത്യ ബദല്‍ സ്ഥാപിക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് കഴിയാതെ പോയതില്‍ അഹമ്മദ് കബീറിന്റെ മനസ് വേദനിച്ചു. ഏക കക്ഷി ഭരണത്തിന്റെ കാലം കഴിഞ്ഞെന്ന് കൂടി പറഞ്ഞതോടെ മുല്ലക്കരക്ക് സംശയം. കോണ്‍ഗ്രസിതര ബി ജെ പി ഇതര സര്‍ക്കാര്‍ ഉണ്ടാക്കണമെന്നല്ലേ കബീര്‍ പറയുന്നതെന്ന്. അതെയെന്ന് പറയാതെ പറഞ്ഞു കബീര്‍.
ഗൗരിയമ്മയെയും എം വി രാഘവനെയും പുറത്താക്കിയ സി പി എമ്മിന് ഇന്ന് ഒരു ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പോലും നടപടിയെടുക്കാന്‍ ആര്‍ജ്ജവമില്ലെന്ന് കെ മുരളീധരന്റെ പക്ഷം. ആര്‍ക്കെങ്കിലുമെതിരെ നടപടിയെടുത്താല്‍ അവര്‍ പറയുന്നിടത്തേക്ക് പാര്‍ട്ടിപോകും. കൊയിലാണ്ടി ഓര്‍മിപ്പിച്ച് മുരളീധരന്‍ പറഞ്ഞുവെച്ചു.