പ്രശാന്ത് ഭൂഷണ്‍ പറഞ്ഞത്

Posted on: January 8, 2014 6:00 am | Last updated: January 7, 2014 at 9:38 pm

കാശ്മീരിലെ സൈനിക വിന്യാസത്തെക്കുറിച്ചു ആം ആദ്മി പാര്‍ട്ടി നേതാവ് പ്രശാന്ത് ഭൂഷണ്‍ നടത്തിയ പ്രസ്താവനയെ മനുഷ്യാവകാശങ്ങളെ മാനിക്കുന്നവരാരും സ്വാഗതം ചെയ്യാതിരിക്കില്ല. കാശ്മീരില്‍ സൈന്യം തുടരണമോ എന്ന കാര്യത്തില്‍ ഹിത പരിശോധന ആവശ്യമാണമെന്നും തന്റെ പാര്‍ട്ടി അധികാരത്തിലേറിയാല്‍ അങ്ങനെ ചെയ്യുമെന്നുമാണ് ഒരു ചാനലുമായുള്ള അഭിമുഖത്തില്‍ പ്രശാന്ത് ഭൂഷണ്‍ പ്രഖ്യാപിച്ചത്. ജനങ്ങള്‍ അനുകൂലിക്കാത്ത സൈനികവിന്യാസം ജനാധിപത്യ വിരുദ്ധമാണ്. സുരക്ഷയുടെ പേരില്‍ വിന്യസിച്ച സൈന്യം അവിടെ മനുഷ്യാവകാശ ലംഘനങ്ങളാണ് നടത്തിവരുന്നത്. കാശ്മീരില്‍ പ്രാബല്യത്തിലുള്ള സേനാ പ്രത്യേകാധികാര നിയമം എടുത്തുകളയേണ്ടതാണ്. മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ സേനക്ക് പരിരക്ഷ നല്‍കുന്ന നിയമം ജനങ്ങളില്‍ അന്യതാബോധം സൃഷ്ടിക്കാന്‍ ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അരുതാത്തതെന്തോ പറഞ്ഞ മട്ടിലായിരുന്നു ഈ പ്രസ്താവത്തോട് കോണ്‍ഗ്രസിന്റെയും ബി ജെ പിയുടെയും എ എ പി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന്റെയും പ്രതികരണങ്ങള്‍. പല മനുഷ്യാവകാശ പ്രവര്‍ത്തകരും നേരത്തെ ഉന്നയിച്ചതാണ് കാശ്മീരിലെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും സൈനിക വിന്യാസവും പ്രത്യേക സൈനികാധികാര നിയമവും പിന്‍വലിക്കണമെന്ന ആവശ്യം. കാശ്മീര്‍ പി ഡി പി നേതാവ് മഹ്ബൂബാ മുഫ്തി പറഞ്ഞ പോലെ കാശ്മീരികളുടെ മനസ്സറിഞ്ഞുള്ളതാണ് ഈ പ്രസ്താവനകള്‍. സൈന്യം തുടരുന്നതില്‍ കാശ്മീരികള്‍ക്ക് ഒട്ടും താത്പര്യമില്ല. ഇതെക്കുറിച്ചു ജനങ്ങളുടെ അഭിപ്രായമാരായണമെന്ന ആവശ്യമുയരുമ്പോഴേക്കും സര്‍ക്കാറും സൈനിക നേതൃത്വവും വെപ്രാളപ്പെടുന്നതിന്റെ കാരണവും മറ്റൊന്നല്ല. കാശ്മീര്‍ ജനതയുടെ സുരക്ഷക്കും പ്രദേശത്തെ സമാധാന സ്ഥാപനത്തിനുമെന്ന പേരില്‍ വിന്യസിച്ച സൈന്യത്തെയാണ് തീവ്രവാദികളേക്കാള്‍ കാശ്മീരികള്‍ ഇന്ന് ഭയപ്പെടുന്നത്. വ്യാജ ഏറ്റുമുട്ടല്‍ , ബലാത്സംഗം, തുടങ്ങി പ്രത്യേകാധികാരത്തിന്റെ മറവില്‍ സൈനികര്‍ നടത്തുന്ന കൊടിയ മനുഷ്യാവകാശങ്ങളുടെയും അതിക്രമത്തിന്റെയും കഥകള്‍ നിരവധി പുറത്തു വന്നിട്ടുണ്ട്. പാക് ഭീകരവാദികളെന്ന് കള്ള ആരോപണം നടത്തി ബാരാമുള്ള ജില്ലയിലെ നദിഹാല്‍ ഗ്രാമത്തിലെ നിരപരാധികളായ മൂന്ന് യുവാക്കളെ വെടിവച്ചുകൊന്ന സംഭവത്തില്‍ കേണലും മേജറുമടക്കം 6 സൈനിക ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത് രണ്ടാഴ്ച മുമ്പാണ്. സ്ഥാനക്കയറ്റമടക്കമുള്ള നേട്ടങ്ങള്‍ ലക്ഷൃമിട്ടായിരുന്നു ഇവര്‍ വ്യാജ ഏറ്റുമുട്ടല്‍ ആസൂത്രണം ചെയ്തതെന്നാണ് കരസേന നിയോഗിച്ച കോര്‍ട്ട് ഓഫ് എന്‍ക്വയറി കണ്ടെത്തിയത്.
സംസ്ഥാനത്ത് സമാധാനാന്തരീക്ഷം തകര്‍ക്കുന്നത് പലപ്പോഴും പോലീസിന്റെയും സൈന്യത്തിന്റെയും വിവേകരഹിതവും തത്വദീക്ഷയില്ലാത്തതുമായ നടപടികളാണ്. ജനങ്ങള്‍ നടത്തുന്ന സമാധാനപരമായ പ്രതിഷേധങ്ങളെ തോക്ക് കൊണ്ട് നേരിടാനേ സൈന്യത്തിനറിയൂ. കഴിഞ്ഞ ജൂലൈയില്‍ രാംബന്‍ മേഖലയില്‍ ഇമാമിനെ കൈയേറ്റം ചെയ്തതിനെതിരേ ബി എസ് എഫ് ക്യാമ്പിന് മുന്നില്‍ സമാധാനപരമായി പ്രതിഷേധിച്ച ജനക്കൂട്ടത്തിനു നേരെ സൈന്യം നടത്തിയ വെടിവെപ്പില്‍ നാല് പേരാണ് മരിച്ചു വീണത്. കൊല്ലപ്പെട്ടവരുടെ അനന്തരാവകാശികള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായവും കുടുംബത്തില്‍ നിന്ന് ഒരാള്‍ക്കു സര്‍ക്കാര്‍ ജോലിയും സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്‌തെങ്കിലും സൈനികരുടെ ക്രൂരതകള്‍ ബന്ധുക്കളിലും ജനങ്ങളിലും സൃഷ്ടിച്ച മുറിവുകളുണക്കാന്‍ അത് പര്യാപ്തമല്ലല്ലോ. സൈനികാതിക്രമങ്ങള്‍ക്ക് തക്ക ശിക്ഷയോ ജനങ്ങളെ വിശ്വാസത്തിലെടുത്തുള്ള പരിഹാരങ്ങളോ ഉണ്ടാകാറില്ല. ഭരണകൂട ഭീകരത മുതലെടുത്ത് തീവ്രവാദികള്‍ തഴച്ചു വളരുകയും ചെയ്യുന്നു.
സുചിന്തിതമായൊരു തീരുമാനം കൈക്കൊള്ളാന്‍ അധികൃതര്‍ക്കാകുന്നില്ലെന്നതാണ് കാശ്മീരിലെ സംഘര്‍ഷം ഇടവേളകളില്ലാതെ അനന്തമായി നിളുന്നതിന് പ്രധാന കാരണം. പ്രത്യേക അധികാരത്തോടെ സൈന്യം തുടരുന്നത് ഗുണകരമല്ലെന്ന് സര്‍ക്കാറിന് തന്നെ ബോധ്യമുണ്ട്. പിന്‍വലിച്ചാല്‍ ഫാസിസ്റ്റ് ശക്തികളുടെ വിമര്‍ശമുയരുമോ എന്ന ഭയവും. ഒരിക്കല്‍, സൈന്യത്തിന്റെ പ്രത്യേകാധികാരങ്ങള്‍ കുറക്കണമെന്ന കാര്യത്തില്‍ മന്ത്രിസഭക്ക് ഏകാഭിപ്രായമാണെന്ന് പറഞ്ഞ പ്രതിരോധ മന്ത്രി എ കെ ആന്റണി, പ്രത്യേകാധികാരത്തില്‍ ഇളവ് നല്‍കുന്നത് സങ്കീര്‍ണവും വളരെ പക്വതയോടെ കൈകാര്യം ചെയ്യേണ്ട പ്രശ്‌നമാവുമാണെന്ന് പിന്നീട് തിരുത്തിപ്പറഞ്ഞതില്‍ ഈ ഒളിച്ചുകളി വ്യക്തമാണ്. ഇതവസാനിപ്പിച്ചു ജനാധിപത്യ മൂല്യങ്ങള്‍ക്കനുസൃതവും മനുഷ്യാവകാശങ്ങളെ മാനിക്കുന്നതുമായ ഒരു നയം കാശ്മിരിലെ സൈനിക സാന്നിധ്യത്തിലും പ്രത്യേകാധികാരത്തിലും രൂപപ്പെടേണ്ടതുണ്ട്.