മധ്യപ്രദേശില്‍ കള്ള് ഷാപ്പുകളില്‍ വിദേശ മദ്യവും; നടപടി വിവാദമാകുന്നു

Posted on: January 7, 2014 10:57 pm | Last updated: January 7, 2014 at 10:57 pm

drugഭോപ്പാല്‍: സംസ്ഥാനത്ത് നാടന്‍ മദ്യം വില്‍ക്കുന്ന കടകളില്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം (ഐ എം എഫ് എല്‍) കൂടി വില്‍ക്കാന്‍ അനുവദിക്കാന്‍ മധ്യപ്രദേശ് മന്ത്രിസഭ തീരുമാനിച്ചു. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ അധ്യക്ഷതയില്‍ തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്. തുടര്‍ച്ചയായി മൂന്നാം തവണയും മധ്യപ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേറ്റ ചൗഹാന്‍ സംസ്ഥാനത്ത് പുതിയ മദ്യ ഷാപ്പുകള്‍ ആരംഭിക്കില്ലെന്ന് ഉറപ്പ് നല്‍കിയിരുന്നു.
സംസ്ഥാന സര്‍ക്കാറിന്റെ ഈ തീരുമാനത്തെ കോണ്‍ഗ്രസ് വക്താവ് പങ്കജ് ചതുര്‍വേദി ശക്തിയായി അപലപിച്ചു. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ സഹായിച്ച മദ്യലോബിയെ സഹായിക്കാനാണ് ഈ തീരുമാനമെന്ന് അദ്ദേഹം ആരോപിച്ചു.
എന്നാല്‍, സംസ്ഥാന എക്‌സൈസ് മന്ത്രി ജയന്ത് മല്ലയ്യ സര്‍ക്കാര്‍ തീരുമാനത്തെ ശക്തിയായി ന്യായീകരിച്ചു. പുതിയ മദ്യഷോപ്പുകള്‍ ആരംഭിക്കുകയല്ല, നിലവിലുള്ള നാടന്‍ മദ്യ വില്‍പ്പന കേന്ദ്രങ്ങള്‍ വഴി ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം വില്‍ക്കുക മാത്രമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.