Connect with us

Palakkad

ബൈക്കിലെത്തിയ സംഘം ആശുപത്രിയില്‍ ആറ് പേരെ വെട്ടിപ്പരുക്കേല്‍പ്പിച്ചു

Published

|

Last Updated

ആലത്തൂര്‍: ആലത്തൂര്‍ താലൂക്കാശുപത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ബൈക്കിലെത്തിയ ക്രിമിനല്‍ സംഘം ആറ് പേരെ വെട്ടി പരുക്കേല്‍പ്പിച്ചു പരുക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണ്. ആറ്‌പേരെയും തൃശൂര്‍ മുളക്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം.
താലൂക്കാശുപത്രിയില്‍ “ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് അക്രമി സംഘം മാരാകായുധങ്ങളുമായി അക്രമം നടത്തിയത്. വടക്കഞ്ചേരി പാളയം സ്വദേശികളായ സുബ്രഹ്മണ്യന്റെ മകന്‍ ശിവദാസ് (28), ഗുരുവായൂരപ്പന്റെ മകന്‍ മനോജ് (29), കണ്ണന്റെ മകന്‍ സന്തോഷ് (22), കൃഷ്ണന്റെ മകന്‍ ബാബു (23), രാജന്റെ മകന്‍ ശശി(21), മേലാര്‍കോട് പയിറ്റാംകുന്നില്‍ വേലായുധന്‍ (65) എന്നിവര്‍ക്കാണ് വെട്ടേറ്റത്. മനോജ്, ശശി, വേലായുധന്‍ എന്നിവരുടെ പരുക്കുകള്‍ ഗുരുതരമാണ്. വേലായുധന്‍ ഗര്‍ഭിണിയായ മകളെ ഡോക്ടറെ കാണിക്കാനാണ് ആശുപത്രിയില്‍ വന്നത്. ഞായറാഴ്ച രാത്രിയില്‍ വടക്കഞ്ചേരി പാളയത്ത് കോണ്‍ഗ്രസ്, ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് അക്രമമെന്ന് പറയുന്നു. അക്രമത്തിന് പിന്നില്‍ ബി ജെ പി, ആര്‍ എസ് എസ് സംഘമാണെന്ന് കരുതുന്നു.
ഇന്നലെ സംഘര്‍ഷത്തില്‍ പരുക്കേറ്റ് പാളയം സ്വദേശി മനോഹരന്റെ മകന്‍ ദേവന്‍ (17)നെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ദേവനെ കാണുന്നതിനായി ഓട്ടോറിക്ഷയില്‍ വന്നവര്‍ക്കാണ് വെട്ടേറ്റത്. നാല് ബൈക്കുകളിലായി എത്തിയ സംഘമാണ് താലൂക്കാശുപത്രിയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്. ഓട്ടോറിക്ഷയിലും ഒ പി യിലുമായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് വെട്ടി പരുക്കേല്‍പ്പിച്ചത്. ആലത്തൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സി ഐ സന്തോഷ്‌കുമാറിനാണ് അന്വേഷണ ചുമതല.
താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ചികിത്സയെക്കെത്തിയ രോഗികളില്‍ പലരും അക്രമം കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. ആശുപത്രി വളപ്പില്‍ കാഷ്യാലിറ്റി സ്ഥിതിചെയ്യുന്ന പ്രധാന കെട്ടിടത്തിന്റെ മുന്‍ഭാഗത്തുനിന്നും ആരംഭിച്ച അക്രമം മെയിന്‍ ഗെയ്റ്റിന്റെ ഭാഗത്താണ് അവസാനിച്ചത്. ആശുപത്രിയുടെ മെയിന്‍ ഗെറ്റിലും മതിലിലും രക്തം തളം കെട്ടികിടന്നിരുന്നു.