ബംഗാളി യുവാക്കള്‍ക്ക് പോലീസിന്റെ ക്രൂര പീഡനം

Posted on: January 7, 2014 1:25 pm | Last updated: January 7, 2014 at 1:25 pm

ചങ്ങരംകുളം: മാല മോഷണക്കുറ്റം ആരോപിച്ച് ബംഗാളി സ്വദേശികളായ മൂന്ന് യുവാക്കള്‍ക്ക് പോലീസിന്റെ ക്രൂര പീഡനം. കല്‍കത്ത സ്വദേശികളായ മുഹമ്മദ്ഖയ്യൂം ഷൈഖ് (33), ആഷിക് ശൈഖ് (23), മിദു (19) എന്നിവര്‍ക്കാണ് ചങ്ങരംകുളം പോലീസിന്റെ ലോക്കപ്പ് പീഡനത്തില്‍ പരുക്കേറ്റത്. വെള്ളിയാഴ്ച്ച രാവിലെ കസ്റ്റഡിയിലെടുത്ത യുവാക്കളെ ഇന്നലെയാണ് പോലീസ് വിട്ടയച്ചത്.
നാലു ദിവസം അകാരണമായി ലോക്കപ്പിലിട്ട് പീഡിപ്പിച്ച ശേഷം നിരപരാധികളാണെന്ന് മനസിലാക്കിയാണ് വിട്ടയച്ചത്. ലാത്തി ഉപയോഗിച്ച് ശരീരമാസകലം അടിച്ച് പരുക്കേല്‍പ്പിക്കുകയും ഷൂസ് ഉപയോഗിച്ച് ചവിട്ടി പരുക്കേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ഖയൂമിന്റെ കണ്ണിന് താഴെ ലാത്തി ഉപയോഗിച്ച് അടിയേറ്റ് രക്തം കട്ട പിടിക്കുകയും ശരീരമാസകലം ലാത്തിയും ഷൂസും ഉപയോഗിച്ച് മര്‍ദിച്ചതിന്റെ പാടുകളും വ്യക്തമാണ്. കൂടാതെ കണ്ണില്‍ മുളക് തേച്ച് പീഡിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പോലീസിനെ ഭയന്ന് യുവാക്കള്‍ പീഡന വിവരം വെളിപ്പെടുത്താന്‍ തയ്യാറായില്ല. തങ്ങളെ ഉപദ്രവിക്കരുതെന്നും പരാതിയില്ലെന്നും ജീവിക്കാന്‍ വേണ്ടിയാണ് കേരളത്തില്‍ വന്നതെന്നും യുവാക്കള്‍ പറഞ്ഞു. പിന്നീട് നാട്ടിലെ സാമൂഹ്യപ്രവര്‍ത്തകര്‍ ഇടപ്പെട്ടാണ് ഇത്രയും ദയനീയ വിവരങ്ങള്‍ വെളിപ്പെടുത്തിയത്.
മൂന്നു ദിവസം ക്രൂരമായി മര്‍ദിച്ചിട്ടും മോഷണം സംബന്ധിച്ച് ഒരു വിവരവും ലഭിക്കാത്തതിനെ തുടര്‍ന്ന് ഇവരെ മോചിപ്പിക്കാന്‍ പോലീസ് തീരുമാനിച്ചു. യുവാക്കളുടെ ശരീരത്തിലെ മര്‍ദനത്തിന്റെ പാടുകള്‍ മാറാന്‍ വേണ്ടി ഒരു ദിവസം കൂടി പോലീസ് വൈകിപ്പിക്കുകയായിരുന്നു. കോക്കൂരിലെ വീട്ടില്‍ ചുമര് തേപ്പ് പണി ചെയ്യുകയായിരുന്നു യുവാക്കള്‍.
ഇതിന് സമീപത്തുള്ള വീട്ടില്‍ നിന്നും വെള്ളിയാഴ്ച പുലര്‍ച്ചെ യുവതിയുടെ കഴുത്തില്‍ നിന്നും മുഖംമൂടി ധരിച്ച മോഷ്ടാവ് മാല പൊട്ടിച്ചിരുന്നു. മാല നഷ്ടപ്പെട്ട യുവതിയുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് ബംഗാളി യുവാക്കളെ കസ്റ്റഡിയിലെടുത്തത്. ഇവര്‍ നിരപരാധികളാണെന്ന് മനസിലാക്കിയതോടെ പരാതിക്കാര്‍ പരാതി പിന്‍വലിച്ചു. യുവാക്കള്‍ ജോലി ചെയ്തിരുന്ന വീട്ടിലെ വീട്ടുകാര്‍ ചെന്നാണ് യുവാക്കളെ പോലീസില്‍ നിന്നും മോചിപ്പിച്ചത്.
എന്നാല്‍ ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്നും പരാതിയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷം നിരപരാധികളാണെന്ന് മനസിലായപ്പോള്‍ വിട്ടയച്ചിരുന്നുവെന്നും ചങ്ങരംകുളം എസ് ഐ പറഞ്ഞു.