Connect with us

Kerala

പെട്രോള്‍ വില നിയന്ത്രണാധികാരം തിരിച്ചെടുക്കണം: കെ പി സി സി

Published

|

Last Updated

തിരുവനന്തപുരം: പെട്രോള്‍ വില നിയന്ത്രണാധികാരം കമ്പനികളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ തിരിച്ചെടുക്കണമെന്ന് കെ പി സി സി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 2009 ആവര്‍ത്തിക്കുമെന്നും പ്രസിഡന്റ് രമേശ് ചെന്നിത്തല അവകശപ്പെട്ടു. ഇന്ദിരാഭവനില്‍ ചേര്‍ന്ന കെ പി സി സി ഭാരവാഹികളുടെയും ഡി സി സി പ്രസിഡന്റുമാരുടെയും പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കളുടെയും യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു ചെന്നിത്തല. തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ തീരുമാനിച്ചതായും സംസ്ഥാനത്ത് യു ഡി എഫിന് അനുകൂല രാഷ്ട്രീയ സാഹചര്യമാണുള്ളതെന്ന് യോഗം വിലയിരുത്തിയതായും അദ്ദേഹം പറഞ്ഞു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്, ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്യല്‍, പാചക വാതക വിലവര്‍ധനവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ തുടങ്ങിയവ യോഗം വിശദമായി ചര്‍ച്ച ചെയ്തു.
തിരഞ്ഞെടുപ്പിനെ കോണ്‍ഗ്രസും യു ഡി എഫും ഒറ്റക്കെട്ടായി നേരിടും. ഇടതുമുന്നണി നടത്തിയ എല്ലാ സമരങ്ങളും പരാജയപ്പെട്ടു. ഓരോ സമരം കഴിയുന്തോറും ഇടത് മുന്നണിയുടെ ഗ്രാഫ് താഴോട്ട് പോകുകയാണ്. സി പി എമ്മിനോ അതിന്റെ ബഹുജന സംഘടനകള്‍ക്കോ കേരളത്തിലെ സാധാരണ ജനങ്ങളുടെ പിന്തുണയില്ല. എല്‍ ഡി എഫ് ജനങ്ങളില്‍ നിന്ന് അകന്നുവെന്നതിന്റെ സൂചനയാണ് ജനപങ്കാളിത്തമില്ലാത്ത അവരുടെ സമരങ്ങളില്‍ കാണുന്നത്.
പ്രസിഡന്റ് സ്ഥാനം ഒഴിയാനുള്ള സന്നദ്ധത താന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചുകഴിഞ്ഞു. വൈകാതെ പുതിയ പ്രസിഡന്റ് ചുമതലയേല്‍ക്കുമെന്നാണ് പ്രതീക്ഷ. ഒമ്പതിന് താനും മുഖ്യമന്ത്രിയും ഡല്‍ഹിയിലെത്തി കോണ്‍ഗ്രസ് പ്രസിഡന്റിനെ കാണും. നേരത്തെ നിശ്ചയിച്ച പാര്‍ട്ടി പരിപാടികള്‍ മാറ്റമില്ലാതെ നടക്കുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു. ഡി സി സി പ്രസിഡന്റുമാരുടെ നേതൃത്വത്തിലുള്ള വാഹനജാഥ മുന്‍ നിശ്ചയിച്ച തീയതികളില്‍ തന്നെ നടക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭരണനേട്ടം ജനങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഡി സി സി പ്രസിഡന്റുമാര്‍ ജാഥ നടത്തുന്നത്.