Connect with us

Editors Pick

'പ്ലീനിത' കാലത്തെ പഴകിപ്പുളിച്ച പഴങ്കഞ്ഞി

Published

|

Last Updated

യു ഡി എഫ് സര്‍ക്കാറിന്റെ ഭൂതവും ഭാവിയുമാണ് ഗവര്‍ണറുടെ നയപ്രഖ്യാപനത്തിന്റെ കാതല്‍. എന്ന് കരുതി ചര്‍ച്ച അങ്ങനെയാകണമെന്നില്ല. പരിണത പ്രജ്ഞരായ സാമാജികരുടെ ചിന്തകള്‍ കൂടുതല്‍ വിശാലമാണ്. ഭൂമിക്ക് മീതെയും ആകാശത്തിന് താഴെയുമുള്ളതെല്ലാം പറയാനുള്ള അവസരമാണിത്. ഇത് കൊണ്ടുതന്നെയാണ് നന്ദി പ്രമേയ ചര്‍ച്ചയുടെ ആദ്യദിനം ചാക്കില്‍ തുടങ്ങി മോഡിവരെയെത്തിയതും. പാളിപ്പോയ പ്രതിപക്ഷ സമരങ്ങളായിരുന്നു ഭരണപക്ഷത്തിന്റെ ഇന്ധനം. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് തോല്‍വികളില്‍ നിന്ന് പ്രതിപക്ഷവും ഊര്‍ജം സംഭരിച്ചു.
ഗവര്‍ണര്‍ നടത്തിയ ന്യൂജനറേഷന്‍ നയപ്രഖ്യാപനം കേട്ട് ഹര്‍ഷപുളകിതനായ ബെന്നി ബെഹ്‌നാന്‍ മട്ടന്നൂരില്‍ നിന്ന് ഇ പി ജയരാജന്‍ വിമാനത്തില്‍ നിയമസഭയിലേക്ക് വരുന്ന കാലം അതിവിദൂരമല്ലെന്ന് പ്രഖ്യാപിച്ചു. കൊച്ചി മെട്രോയില്‍ യാത്ര ചെയ്യാന്‍ എ കെ ബാലനും മോണോ റെയില്‍ കാണാന്‍ കോടിയേരിക്കും മുന്‍കൂര്‍ ക്ഷണക്കത്തും നല്‍കി. ബെന്നി ബെഹ്‌നാന്റെ ഉമ്മന്‍ ചാണ്ടി മഹത്വം കേട്ടിരുന്ന സി ദിവാകരന് ഒരു സംശയം. “ഉമ്മന്‍ ചാണ്ടിയുടെ കൈവശം ഉടുതുണിയല്ലാതെ മറ്റെന്തെങ്കിലും ഇപ്പോഴുണ്ടോ?”. ആഭ്യന്തരവും വിജിലന്‍സും ഫിഷറീസും തുടങ്ങി കുറെ വകുപ്പുകളുമായി തുടങ്ങിയതാണ്. ഓരോന്നായി ഓരോരുത്തര്‍ കൊണ്ടുപോയി. ബെന്നി പോലെയുള്ളവരുടെ അപദാനം കേട്ടാണ് ഈ ഗതി വന്നതെന്നും ദിവാകരന്‍.
പന്ന്യന്റെ മുടി താഴോട്ട് വളരുന്നതല്ലാതെ സി പി ഐ വളരുന്നില്ലെന്ന ബെന്നിയുടെ പരാമര്‍ശം സി പി ഐക്കാരെ വേദനിപ്പിച്ചു. ക്രമപ്രശ്‌നത്തിന്റെ രൂപത്തില്‍ സഖാക്കള്‍ സടകുടഞ്ഞെഴുന്നേറ്റു. രേഖയില്‍ നിന്ന് നീക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ ചട്ടം പറഞ്ഞു. പന്ന്യന്റെ മനോഹരമായ മുടിയെക്കുറിച്ചുള്ള പരാമര്‍ശം തെറ്റായി പോകുമെന്ന് കരുതിയില്ലെന്നായി ബെന്നിയുടെ വിശദീകരണം. പുരുഷന്റെ മുടി മുകളിലേക്ക് വളരണമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് ജി സുധാകരനും.
പാലക്കാട് പ്ലീനത്തിന്റെ പ്രധാന നേട്ടം മലയാള ഭാഷക്ക് “പ്ലീനിതന്‍” എന്ന വാക്ക് ലഭിച്ചതാണെന്ന് പി സി വിഷ്ണുനാഥ് കണ്ടെത്തി. പ്ലീനാനന്തരം ഇ പി ജയരാജന്‍ മാധ്യമങ്ങളോടും ബേബി ജോണ്‍ നന്തന്‍കോട് ജംഗ്ഷനിലും പ്ലീനിതനായത് മാധ്യമങ്ങളിലൂടെ തത്സമയം കാണാന്‍ കഴിഞ്ഞെന്നും വിഷ്ണു. “വീക്ഷണ”ത്തിനും “ചന്ദ്രിക”ക്കും ചാക്ക് രാധാകൃഷ്ണന്റെ പരസ്യം നല്‍കാമെങ്കില്‍ “ദേശാഭിമാനി”ക്കും അത് പുളിക്കില്ലെന്ന് ഇ പി ജയരാജന്‍ നയം വ്യക്തമാക്കി.
സമദാനിയുടെ ബാലഗോകുലം പരിപാടിക്ക് നേരെ വിമര്‍ശം ഉയര്‍ന്നപ്പോള്‍ കെ എന്‍ എ ഖാദറും അബ്ദുര്‍റഹ്മാന്‍ രണ്ടത്താണിയും പ്രതിരോധം തീര്‍ത്തു. ബാലഗോകുലം വേറെ, വിവേകാനന്ദന്‍ വേറെ. സി പി എമ്മിന് നമോവിചാര്‍ മഞ്ചുമായി സഖ്യമാകാമെങ്കില്‍, മാണിക്ക് സി പി എം സെമിനാറില്‍ പങ്കെടുക്കാമെങ്കില്‍ തങ്ങള്‍ക്കും സമദാനിക്കും ബാലഗോകുലവും ആകാമെന്ന് ഖാദര്‍ പറഞ്ഞുവെച്ചു. ഇതിനെ ലീഗിന്റെ മത സൗഹാര്‍ദമായി കണ്ട് അഭിനന്ദിക്കണമെന്ന അപേക്ഷയും മുന്നോട്ടുവെച്ചു.
സ്വാമി വിവേകാനന്ദനെയും ശ്രീനാരായണ ഗുരുവിനെയും ബി ജെ പിയുടെ ആലയില്‍ കെട്ടിക്കൊടുക്കാന്‍ ലീഗിന് മനസ്സില്ലെന്ന് രണ്ടത്താണിയും പ്രഖ്യാപിച്ചു. വാഗ്ഭടാനന്ദ ഗുരുവിനൊപ്പം സി എച്ച് മുഹമ്മദ് കോയ രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിച്ച പാരമ്പര്യം ഓര്‍ത്തെടുത്തു. ലോക്‌സഭാ തിരഞ്ഞെടുപ്പ് നല്‍കുന്ന തിരിച്ചറിവും ചര്‍ച്ചയില്‍ പങ്കുവെച്ചു. സ്വന്തം പാര്‍ട്ടിയുടെ വലിപ്പത്തെ കുറിച്ചുള്ള ബോധ്യം മടികൂടാതെ തന്നെ പറയുകയും ചെയ്തു. സി പി എം കേന്ദ്ര കമ്മിറ്റിയംഗം ജയരാജന്റേതായിരുന്നു ആദ്യ സ്വയം വിമര്‍ശം. നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ സി പി എമ്മിനേറ്റ തിരിച്ചടി ചൂണ്ടിക്കാട്ടിയ ജയരാജന്‍, സ്വന്തം പാര്‍ട്ടിയെ കൂറിച്ചുള്ള ചോദ്യം ഒഴിവാക്കാന്‍, സി പി എം പ്രത്യേക രാഷ്ട്രീയക്കാഴ്ചപ്പാടോടെ പ്രവര്‍ത്തിക്കുന്ന ചെറിയ പാര്‍ട്ടിയെന്ന മുന്‍കൂര്‍ ജാമ്യമെടുത്തൂ. കോണ്‍ഗ്രസിനെ പൂര്‍ണമായി എഴുതിത്തള്ളിയ അദ്ദേഹം കേരളത്തില്‍ ലീഗിലും കേരള കോണ്‍ഗ്രസിലും പ്രതീക്ഷ വെച്ചു.
എന്നാല്‍ ജയരാജനുള്ള പ്രതീക്ഷപോലും സ്വന്തം പാര്‍ട്ടിയെ കുറിച്ച് ഖാദറിനില്ലായിരുന്നു. ഇതര സംസ്ഥാനങ്ങളില്‍ ലീഗിന്റെ സാന്നിധ്യം നാമമാത്രമായതിനാല്‍ അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ലീഗിനും സി പി എമ്മിനും ഇന്ത്യ വിധിച്ചിട്ടില്ലെന്ന് തുറന്ന് പറഞ്ഞു. അതുകൊണ്ട് മതേതര കക്ഷികള്‍ ഐക്യപ്പെടേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെടുത്തി. ഭാവി ഇന്ത്യ കോണ്‍ഗ്രസിന്റെയും ബി ജെ പിയുടെയും അല്ലെന്നതിന്റെ വ്യക്തമായ സൂചനയായാണ് ആം ആദ്മിയുടെ വിജയത്തെ സി ദിവാകരന്‍ നിരീക്ഷിക്കുന്നത്.
പിന്നെയാരെന്ന് പറഞ്ഞില്ലെങ്കിലും അത് തങ്ങളാകില്ലെന്ന തിരിച്ചറിവ് സി പി ഐ നേതാവിനും ഉണ്ട്. മോദിയും രാഹുലും അല്ല പ്രധാനമന്ത്രിയാകുകയെന്ന് എ എ അസീസ് ഉറപ്പിച്ച് പറഞ്ഞു. എങ്കില്‍ പിന്നെ ചന്ദ്രചൂഡനാകുമോയെന്ന് ഭരണപക്ഷത്തിന് സംശയം. ആയില്ലെങ്കിലും തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കാരാട്ടിനെയും ബര്‍ദനെയും തേടി സോണിയാ ഗാന്ധി അലയുന്നത് അസീസ് സ്വപ്‌നം കണ്ടു.
പഴകിപ്പുളിച്ച പഴങ്കഞ്ഞി പോലെ നയമില്ലാത്ത പ്രഖ്യാപനമെന്നാണ് നയപ്രഖ്യാപനത്തെ പി ശ്രീരാമകൃഷ്ണന്‍ വിശേഷിപ്പിച്ചത്. വധശിക്ഷക്ക് വിധിക്കപ്പെട്ട അനാഥ ബാലന്റെ അപേക്ഷ പോലെയാണ് എസ് ശര്‍മക്ക് നയപ്രഖ്യാപനം തോന്നിയത്. മനുഷ്യനേക്കാള്‍ മൃഗങ്ങള്‍ക്ക് വില നല്‍കുന്ന ഗാഡ്ഗില്‍ കാലം പി സി ജോര്‍ജിലെ കര്‍ഷക സ്‌നേഹിയെ ഉണര്‍ത്തി.
ഇ എഫ് എല്‍ നിയമം പാസാക്കാന്‍ കൈ പൊക്കിയതില്‍ പോലും ജോര്‍ജിന് ഇന്ന് കുറ്റബോധം. പരിസ്ഥിതിക്ക് വേണ്ടി വാദിക്കുന്നവര്‍ മലയോര മേഖല സന്ദര്‍ശിക്കാനും ജോര്‍ജ് ഉപദേശിച്ചു. സണ്ണി ജോസഫ്, സി കെ നാണു, സി പി മുഹമ്മദ്, എളമരം കരീം എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.