യുവതിയെ നിരീക്ഷിച്ച സംഭവം:മോദിക്കെതിരെ കേസെടുക്കാന്‍ ഗുജറാത്ത് പോലീസ് വിസമ്മതിച്ചു

Posted on: January 6, 2014 11:18 pm | Last updated: January 6, 2014 at 11:18 pm

modi sadഗാന്ധിനഗര്‍: ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോദിയുടെ നിര്‍ദേശപ്രകാരം യുവതിയുടെ വിവരങ്ങള്‍ ചോര്‍ത്തുകയും നിരീക്ഷിക്കുകയും ചെയ്തുവെന്ന ആരോപണം പുതിയ വഴിത്തിരിവില്‍. പുറത്താക്കപ്പെട്ട ഐ എ എസ് ഉദ്യോഗസ്ഥന്‍ പ്രദീപ് ശര്‍മ, മോദിക്കെതിരെ നല്‍കിയ പരാതി സ്വീകരിക്കാന്‍ ഗുജറാത്ത് പോലീസ് തയ്യാറായില്ല. മോദിക്കും അദ്ദേഹത്തിന്റെ സഹായി അമിത് ഷാക്കുമെതിരെ വ്യക്തമായ തെളിവുകള്‍ നിരത്തി ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനില്‍ താന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാനാകില്ലെന്ന് പോലീസ് അറിയിച്ചതായി പ്രദീപ് ശര്‍മ പറഞ്ഞു. സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടക്കുന്നുവെന്ന കാരണമാണ് പോലീസ് ചൂണ്ടിക്കാട്ടിയത്.
‘യുവതിയെ നിരീക്ഷിച്ചത് ക്രിമിനല്‍ കുറ്റമാണെന്നും ഉടന്‍ കേസെടുക്കണമെന്നും ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെത്തി ആവശ്യപ്പെട്ടു. വ്യക്തമായ തെളിവുകള്‍ ഉള്‍ക്കൊള്ളുന്ന പരാതി അവര്‍ മുഖവിലക്കെടുത്തില്ല. പരാതിയുമായി ഡി വൈ എസ് പിയെ സമീപിക്കും’- പ്രദീപ് ശര്‍മ പറഞ്ഞു. കോബ്രാ പോസ്റ്റ്, ഗുലൈല്‍ ഡോട്ട് കോം എന്നീ വെബ്‌സൈറ്റുകള്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു.
2009ല്‍ ശര്‍മയെയും യുവതിയെയും നിരീക്ഷിക്കാന്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അമിത് ഷാ നിര്‍ദേശം നല്‍കുന്ന ശബ്ദരേഖ സി ബി ഐയുടെ പക്കലുണ്ടെന്നാണ് വെബ്‌സൈറ്റുകള്‍ വെളിപ്പെടുത്തിയത്. ‘സാഹിബി’ന് വേണ്ടി നിരീക്ഷണം നടത്തണമെന്ന് പറയുന്ന അമിത് ഷായുടെ ശബ്ദവും പിന്നീട് പുറത്തു വിട്ടു. മോദിയും യുവതിയുമൊത്തുള്ള ചിത്രങ്ങളും പുറത്തുവന്നു. യുവതിയെ ബംഗളൂരുവിലും നിരീക്ഷിച്ചുവെന്ന് കാണിക്കുന്ന മറ്റൊരു ശബ്ദരേഖ കഴിഞ്ഞ മാസം ഗുലൈല്‍ ഡോട്ട് കോം പുറത്തു വിട്ടിരുന്നു. ടേപ്പില്‍ പരാമര്‍ശിക്കുന്ന ‘സാഹിബ്’ മോദിയാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. എന്നാല്‍, യുവതിയുടെ പിതാവിന് മോദിയുമായി അടുത്ത ബന്ധമുണ്ടെന്നും അതുകൊണ്ട് നിരീക്ഷണം ആവശ്യപ്പെടുകയായിരുന്നുവെന്നും ബി ജെ പി വാദിക്കുന്നു. യുവതിയെ നിരീക്ഷിച്ചത് സംബന്ധിച്ച അന്വേഷണം തുടരരുതെന്ന് കാണിച്ച് പിതാവ് ദേശീയ വനിതാ കമ്മീഷന് പരാതി നല്‍കിയിരുന്നു.
2010ലാണ് ശര്‍മയെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത്. പിന്നീട് അഴിമതി കേസില്‍ പെടുത്തി അറസ്റ്റ് ചെയ്തു. അതീവ പ്രധാന്യമുള്ള വീഡിയോ ക്ലിപ്പുകള്‍ യുവതി തനിക്ക് കൈമാറിയെന്ന് മോദി വിശ്വസിക്കുന്നതുകൊണ്ടാണ് തന്നെ വേട്ടയാടുന്നതെന്ന് ശര്‍മ പറയുന്നു.