ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍, മെയ് മാസങ്ങളില്‍

Posted on: January 6, 2014 7:40 am | Last updated: January 6, 2014 at 7:50 am

election commissionന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍, മെയ് മാസങ്ങളിലായി നടന്നേക്കും. അഞ്ച്, ആറ് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടത്താനാണ് ആലോചനയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഉന്നത ഉദ്യോഗസ്ഥര്‍ സൂചന നല്‍കി. ആന്ധ്രാപ്രദേശ്, ഒഡീഷ, സിക്കിം നിയമസഭാ തിരഞ്ഞെടുപ്പുകളും ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നടക്കും. ഫെബ്രുവരി അവസാന ദിവസങ്ങളിലോ മാര്‍ച്ച് ആദ്യമോ തിരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് വിശ്വസനീയ കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. എണ്‍പത് കോടിയോളം വോട്ടര്‍മാര്‍ ഇത്തവണ വോട്ടര്‍ പട്ടികയിലുണ്ടാകും. 2009ല്‍ ഇത് 71.4 കോടിയും 2004ല്‍ 67.1 കോടിയുമായിരുന്നു.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പ് 2014- 15 വര്‍ഷത്തെ ബജറ്റ് വോട്ട് ഓണ്‍ അക്കൗണ്ട് പാസ്സാക്കുന്നതിനായി പാര്‍ലിമെന്റ് ചേരും. ജൂണ്‍ ഒന്നിനാണ് നിലവിലുള്ള ലോക്‌സഭയുടെ കാലാവധി. മെയ് 31ന് മുമ്പ് പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തേണ്ടതുണ്ട്. അഞ്ചോ ആറോ ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടത്താനാണ് കമ്മീഷന്‍ ആലോചിക്കുന്നത്. ജനുവരി അവസാനത്തോടെ വോട്ടര്‍ പട്ടിക പുതുക്കുന്നത് അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാത്രമേ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കൂ. സുരക്ഷക്കായി കേന്ദ്ര അര്‍ധ സൈനിക വിഭാഗങ്ങളെ വിന്യസിക്കുന്നതിനായാണിത്. സംസ്ഥാനങ്ങളിലെ ചീഫ് ഇലക്ടറല്‍ ഓഫീസര്‍മാര്‍ പോലീസ് മേധാവികളുമായും ഇതിനു മുമ്പ് കൂടിക്കാഴ്ച നടത്തും.
രാജ്യ വ്യാപകമായി എട്ട് ലക്ഷത്തോളം പോളിംഗ് ബൂത്തുകളായിരിക്കും ഉണ്ടാകുക. പന്ത്രണ്ട് ലക്ഷം ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ സജ്ജമാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. രണ്ടര ലക്ഷം വോട്ടിംഗ് യന്ത്രങ്ങള്‍ നിര്‍മിക്കുന്നതിനായി പൊതുമേഖലാ കമ്പനികള്‍ക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2009 ഏപ്രില്‍ 16 മുതല്‍ മെയ് 16 വരെ അഞ്ച് ഘട്ടങ്ങളിലായാണ് കഴിഞ്ഞ തവണ വോട്ടെടുപ്പ് നടന്നത്.