കെ പി ഉദയഭാനു അന്തരിച്ചു

Posted on: January 6, 2014 1:04 am | Last updated: January 6, 2014 at 10:03 am

udayabhanu

തിരുവനന്തപുരം: മലയാളത്തിന്റെ ഭാവഗായകന്‍ കെ പി ഉദയഭാനു അന്തരിച്ചു. ഇന്നലെ രാത്രി 8.30 ഓടെ തിരുവനന്തപുരം മ്യൂസിയത്തുള്ള ഫഌറ്റിലായിരുന്നു അന്ത്യം. 77 വയസ്സായിരുന്നു. 1936 ജൂണ്‍ ആറിന് പാലക്കാട് ജില്ലയിലെ തരൂരില്‍ എന്‍ എസ് വര്‍മയുടെയും അമ്മു നേത്യാരമ്മയുടെയും മകനായി ജനിച്ച ഉദയഭാനു ഭാവഗാനങ്ങള്‍ക്ക് ശബ്ദം നല്‍കിയാണ് ശ്രദ്ധേയനായത്. ചെറുപ്പകാലത്തു തന്നെ സംഗീത വീഥിയില്‍ എത്തിപ്പെട്ട ഉദയഭാനു, എം ഡി രാമനാഥനുള്‍പ്പെടെയുള്ള പ്രഗത്ഭരുടെ കീഴിലാണ് സംഗീതം പഠിച്ചത്. 1955ല്‍ ആകാശവാണിയില്‍ അനൗണ്‍സറായി ചേര്‍ന്ന അദ്ദേഹം 38 വര്‍ഷം അവിടെ ജോലി ചെയ്തു. 1964- 65ല്‍ ഊട്ടിയില്‍ സംഗീത അധ്യാപകനായി.
2009ല്‍ രാജ്യം അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചു. കമുകറ പുരസ്‌കാരം, കേന്ദ്ര സംഗീത നാടക അക്കാദമിയുടെ അവാര്‍ഡ്, മികച്ച സംഗീത സംവിധായകനുള്ള കേന്ദ്ര അവാര്‍ഡ്, മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ്, മലയാള സിനിമാ വേദിക്ക് നല്‍കിയ സംഭാവനകള്‍ക്കുള്ള സംസ്ഥാന അവാര്‍ഡ്, കേരള സംഗീത നാടക അക്കാദമിയുടെ അവാര്‍ഡ്, കേരള സംഗീത നാടക അക്കാദമിയുടെ ഫെലോഷിപ്പ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിരുന്നു. കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ രണ്ട് പ്രാവശ്യം അദ്ദേഹത്തിന്റെ പി ആര്‍ ഒ ആയി പ്രവര്‍ത്തിച്ചു.