Connect with us

Editorial

മന്‍മോഹന്റെ പത്രസമ്മേളനം

Published

|

Last Updated

ഒരു ദശാബ്ദത്തിനിടെ മൂന്ന് പ്രാവശ്യം മാത്രമാണ് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പത്രസമ്മേളനം വിളിച്ചിട്ടുള്ളത്. രാഷ്ട്രീയ നേതാവിന്റെ രീതികള്‍ക്ക് അദ്ദേഹം ഇന്നും കീഴടങ്ങിയിട്ടില്ല. പഴയ ഉദ്യോഗസ്ഥന്‍ തന്നെയാണ് മുന്നിട്ട് നില്‍ക്കുന്നത്. പ്രധാനമന്ത്രിപദത്തില്‍ രണ്ട് ഊഴം പൂര്‍ത്തിയാക്കുന്ന ഘട്ടത്തില്‍ വിടവാങ്ങലിന്റെ വൈകാരിക അംശം ഉള്‍ക്കൊള്ളുന്ന തരത്തിലാണ് അദ്ദേഹം കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിച്ചത്. മിണ്ടാന്‍ മടിയുള്ള പ്രധാനമന്ത്രി 75 മുനുട്ട് സംസാരിച്ചു. പത്രസമ്മേളനം സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പ് ഇറക്കിയത് മുതല്‍ വലിയ അഭ്യൂഹങ്ങളാണ് പരന്നത്. സിംഗ് രാജിവെക്കാന്‍ പോകുന്നു, രാഹുല്‍ പ്രധാനമന്ത്രിപദം ഏറ്റെടുക്കും എന്നായിരുന്നു ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഓഫീസ് അപ്പോള്‍ തന്നെ അത് നിഷേധിച്ചു. എന്നിട്ടും ആകാംക്ഷക്ക് അറുതിയായില്ല. രാജി വെക്കുന്ന പ്രശ്‌നമില്ലെന്ന് സിംഗ് പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചതോടെയേ ആ സംശയം തീര്‍ന്നുള്ളൂ. മന്‍മോഹന്‍ സിംഗിനെ വെച്ച് പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിലേക്കുള്ള മുഖം മിനുക്കലുകള്‍ അസാധ്യമാണെന്ന വിലയിരുത്തല്‍ കോണ്‍ഗ്രസില്‍ ശക്തമാകുന്ന ഘട്ടത്തിലാണ് പത്രസമ്മേളനം എന്നത് തന്നെയാണ് ഈ ആകാംക്ഷയുടെ ഹേതു.
മൂന്നാമൂഴത്തിനില്ലെന്ന് സിംഗ് പത്രസമ്മേളനത്തില്‍ ആവര്‍ത്തിച്ചു. രാഹുല്‍ ഗാന്ധി സര്‍വഥാ യോഗ്യനാണെന്നും അദ്ദേഹത്തെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉചിതമായ സമയത്ത് പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷയെന്നും സിംഗ് പറഞ്ഞു. സോണിയയുമായും രാഹുലുമായും ഒരു നിലക്കും ഭിന്നിപ്പോ അമിതമായ വിധേയത്വമോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറയുന്നു. പത്ത് ജനപഥില്‍ നിന്നാണല്ലോ തീരുമാനങ്ങളെല്ലാം എടുക്കുന്നത്, അത് പ്രഖ്യാപിക്കുന്ന പണിയല്ലേ താങ്കള്‍ക്കുള്ളതെന്ന ചോദ്യത്തോട് സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളില്‍ സോണിയക്കും രാഹുലിനുമുള്ള വിയോജിപ്പുകള്‍ അവര്‍ രേഖപ്പെടുത്താറുണ്ട്, സര്‍ക്കാര്‍ തിരുത്തലുകള്‍ക്ക് തയ്യാറാകാറുമുണ്ട് എന്നായിരുന്നു മറുപടി. ഇതില്‍ എന്താണ് തെറ്റെന്ന് ചോദിക്കുക വഴി പാര്‍ട്ടി നേതൃത്വത്തോടും ഗാന്ധി കുടംബത്തോടുമുള്ള തന്റെ മനോഭാവം അദ്ദേഹം ഒരിക്കല്‍ കൂടി വ്യക്തമാക്കി. അധികാരഭ്രഷ്ടനാകുന്ന തനിക്ക് മേല്‍ കുറ്റാരോപണങ്ങളുടെ കെട്ടഴിക്കുക രാഹുലായിരിക്കുമെന്ന ഭയം ഈ സാമ്പത്തിക ശാസ്ത്രജ്ഞനെ വേട്ടയാടുന്നുവെന്നും അതൊഴിവാക്കാനുള്ള മുന്‍കൂര്‍ തന്ത്രമാണ് ഈ വിധേയത്വ പ്രഖ്യാപനമെന്നും വ്യാഖ്യാനിക്കാവുന്നതാണ്.
പത്രസമ്മേളനം വലിയ മാധ്യമ ശ്രദ്ധ നേടിയത് അദ്ദേഹം ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചതിന്റെ പേരിലാണ്. സാധാരണ എടുത്തണിയാറുള്ള സൗമ്യതയുടെ മേലങ്കി അദ്ദേഹം ഉപേക്ഷിച്ചു. ദുര്‍ബലനായ പ്രധാനമന്ത്രിയെന്ന മോദിയുടെ വിമര്‍ശം ചൂണ്ടിക്കാട്ടിയപ്പോഴാണ് സിംഗ് രൂക്ഷമായ ഭാഷ പുറത്തെടുത്തത്. മോദി പ്രധാനമന്ത്രിയാകുന്നത് രാജ്യത്തിന് ദുരന്തമാകും. അഹമ്മദാബാദിലെ തെരുവില്‍ നിരപരാധികളെ കൊന്നൊടുക്കുന്നതാണ് ശക്തിയുടെ മാനദണ്ഡമെങ്കില്‍ അത്തരമൊരു കരുത്ത് രാജ്യത്തിന് ആവശ്യമില്ലെന്നാണ് സിംഗ് തുറന്നടിച്ചത്. മാരകമായ ആയുധപ്രയോഗം തന്നെയായിരുന്നു അത്. തെളിവുകളുടെ അഭാവമൊരുക്കി എല്ലാ നിയമസംവിധാനങ്ങളില്‍ നിന്നും തടിയൂരുന്ന സമയത്തു തന്നെ മോദിയെ ഇങ്ങനെ ആക്രമിക്കുക വഴി വംശഹത്യയും അതിലെ മോദിയുടെ കര്‍തൃത്വവും ഒരിക്കല്‍ കൂടി ചര്‍ച്ചയായിരിക്കുന്നു. എക്കാലവും ആ പാപക്കറ മോദിയുടെ കൈകളില്‍ നിലനില്‍ക്കുമെന്ന സത്യവും സിംഗിന്റെ കടന്നാക്രമണം ഉദ്‌ഘോഷിക്കുന്നു. സിംഗിന്റെ പത്ത് വര്‍ഷക്കാലത്തെ ഭരണമാണ് യഥാര്‍ഥ ദുരന്തമെന്ന് ബി ജെ പിക്ക് മറുപടി പറയേണ്ടി വന്നത് അതു കൊണ്ടാണ്.
അഴിമതിയെക്കുറിച്ചും വിലക്കയറ്റത്തെക്കുറിച്ചും മന്‍മോഹന്‍ സിംഗ് നടത്തിയ വെളിപാടുകള്‍ പക്ഷേ രാജ്യം അവജ്ഞയോടെ തള്ളിക്കളയും. ജനജീവിതം ദുസ്സഹമാക്കിയതില്‍ പ്രധാനമന്ത്രിയെന്ന നിലയില്‍ അദ്ദേഹത്തിനുള്ള ഉത്തരവാദിത്വത്തില്‍ നിന്ന് ആഗോള സാമ്പത്തിക സാഹചര്യങ്ങളുടെയും ബാഹ്യകാരണങ്ങളുടെയും വായില്‍ കൊള്ളാത്ത വര്‍ത്തമാനങ്ങള്‍ ഉപയോഗിച്ച് രക്ഷപ്പെടാനാകില്ല. തന്നെ ചരിത്രം ശരിയെന്ന് വിലയിരുത്തുമെന്ന് ഒരു പ്രധാനമന്ത്രിക്ക് പറയേണ്ടി വരുന്നത് മഹാ കഷ്ടമാണ്. വര്‍ത്തമാന കാലത്തെ നിഷ്‌ക്രിയത്വത്തിനും കൊടും ക്രിയകള്‍ക്കുമുള്ള വ്യക്തിപരമായ ആശ്വാസം മാത്രമാണത്. വര്‍ത്തമാനകാലമാണ് ചരിത്രമാകുന്നതെന്ന് സിംഗ് മറക്കരുത്. ആണവ കരാറില്‍ ഒപ്പ് വെച്ചതാണ് തന്റെ ഭരണകാലത്തെ സുവര്‍ണ നിമിഷമെന്ന് പ്രഖ്യാപിക്കുക വഴി ജനഹിതത്തെ കുറിച്ച് താന്‍ ഇന്നും അജ്ഞനാണെന്ന് മന്‍മോഹന്‍ തെളിയിച്ചിരിക്കുന്നു. അഴിമതി നടന്നുവെന്ന് ആരോപിക്കപ്പെട്ട ഒന്നാം യു പി എ സര്‍ക്കാറിന് തുടര്‍ച്ച ഉണ്ടായില്ലേ എന്ന ന്യായം ജനങ്ങളോടുള്ള വെല്ലുവിളിയായിപ്പോയി. വംശഹത്യ നടത്തിയിട്ടും വന്‍ ഭൂരിപക്ഷത്തില്‍ ഗുജറാത്തില്‍ താന്‍ അധികാരത്തില്‍ വന്നില്ലേയെന്ന മോദിയുടെ ചോദ്യം പോലെ അപകടകരമാണത്. സ്വയം ന്യായീകരിക്കാനുള്ള ശ്രമം, ഇടക്കുവെച്ച് ഒഴിയാന്‍ പോകുന്നില്ലെന്ന സന്ദേശം, അടുത്ത മത്സരം ബി ജെ പിയും കോണ്‍ഗ്രസും തമ്മിലാകും, മറ്റ് കക്ഷികളൊക്കെ ഈ വന്‍മരങ്ങളുടെ തണല്‍ പറ്റേണ്ടി വരുമെന്ന തീര്‍പ്പ്, എല്ലാ പിഴകള്‍ക്കും കാരണം കൂട്ടുകക്ഷി സംവിധാനമാണെന്ന ഒഴിഞ്ഞു മാറല്‍. ഇതൊക്കയാണ് സിംഹാസനത്തില്‍ ഇരുന്നു കൊണ്ടുള്ള അവസാനത്തെ വിളംബരത്തില്‍ സിംഗ് നിര്‍വഹിച്ചത്.

---- facebook comment plugin here -----