Connect with us

Kerala

ഇ എഫ് എല്‍ നിയമം റദ്ദാക്കിയാല്‍ വനഭൂമി നഷ്ടപ്പെടും

Published

|

Last Updated

തിരുവനന്തപുരം: പരിസ്ഥിതിദുര്‍ബല പ്രദേശ ( ഇ എഫ് എല്‍) നിയമം റദ്ദാക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് നടപ്പായാല്‍ സംസ്ഥാനത്തെ ആയിരക്കണക്കിന് ഏക്കര്‍ വനഭൂമി നഷ്ടപ്പെടും. വനം കൈയേറ്റവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന 52 കേസുകള്‍ തോറ്റു കൊടുക്കുന്നതിന് തുല്യമാണിതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അതേസമയം, റിപ്പോര്‍ട്ടിലെ ഈ ശിപാര്‍ശക്കെതിരെ കോണ്‍ഗ്രസ് എം എല്‍ എമാരായ വി ഡി സതീശനും ടി എന്‍ പ്രതാപനും രംഗത്തുവന്നു. സമിതി അധ്യക്ഷനായി പ്രവര്‍ത്തിച്ച ഉമ്മന്‍ വി ഉമ്മന് ജൈവവൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ പദവിയില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് ഇരുവരും വ്യക്തമാക്കി. എന്നാല്‍, ഇ എഫ് എല്‍ സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ കടുത്ത ആശങ്കയുണ്ടെന്നും അതുകൊണ്ടാണ് ഇങ്ങനെയൊരു നിര്‍ദേശം മുന്നോട്ടുവെച്ചതെന്നും ഉമ്മന്‍ വി ഉമ്മന്‍ പ്രതികരിച്ചു.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ പരിഗണനാ വിഷയം പോലുമല്ലാത്ത കാര്യത്തിലാണ് സമിതി ശിപാര്‍ശ നല്‍കിയിരിക്കുന്നതെന്നതാണ് പ്രധാന ആക്ഷേപം. വനസംരക്ഷണത്തിനായി കൊണ്ടുവന്ന ഇ എഫ് എല്‍ നിയമം ഗാഡ്ഗില്‍ കമ്മിറ്റിയുടെയൊ കസ്തൂരിരംഗന്‍ സമിതിയുടെ പോലുമോ പരിഗണനയില്‍ വരുന്നതല്ല. ഇ എസ് എയും (പരിസ്ഥിതിലോല മേഖല) ഇ എഫ് എല്ലും (പരിസ്ഥിതി ദുര്‍ബല പ്രദേശം) രണ്ട് വകുപ്പുകളുടെ കീഴില്‍ വരുന്ന നിയമങ്ങളാണ്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയതുമായി ബന്ധപ്പെട്ട് പ്രതിഷേധം അരങ്ങേറിയപ്പോള്‍ മുഖ്യമന്ത്രി തന്നെ ആവര്‍ത്തിച്ച് ഇക്കാര്യം വ്യക്തമാക്കിയതാണ്. ഇ എഫ് എല്‍ നിയമം പൂര്‍ണമായി നടപ്പാക്കുന്നത് വനം വകുപ്പാണ്. ഇ എസ് എ നടപ്പാക്കുന്നതാകട്ടെ ജില്ലാ ഭരണകൂടവും മലിനീകരണ നിയന്ത്രണ ബോര്‍ഡുമാണ്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ആശങ്കയുണ്ടായതും ഇ എസ് എയെ ചൊല്ലിയാണെന്നിരിക്കെയാണ് ഇ എഫ് എല്‍ റദ്ദാക്കണമെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി ശിപാര്‍ശ ചെയ്തിരിക്കുന്നത്.
1971ല്‍ നിക്ഷിപ്ത വനഭൂമി നിയമപ്രകാരം വനമെന്ന് കണ്ടെത്തിയ ഭൂമിയാണ് പരിസ്ഥിതിദുര്‍ബല പ്രദേശ നിയമത്തിന്റെ പരിധിയില്‍ വന്നത്. ഇങ്ങനെ 37,000 ഏക്കര്‍ വനഭൂമിയാണ് ഇ എഫ് എല്‍ ആക്ട് അനുസരിച്ച് കേരളത്തിലാകെ സര്‍ക്കാറില്‍ നിക്ഷിപ്തമാക്കിയത്. ഇതില്‍ ഒട്ടുമിക്ക പ്രദേശങ്ങളും വനഭൂമിയാണ്. കുറച്ച് ഭൂമി വനഭൂമിയുടെ തുടര്‍ച്ചയായുള്ളതും വനപ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന കോറിഡോര്‍ പ്രദേശങ്ങളുമാണ്. നെല്ലിയാമ്പതി, സൈലന്റ്‌വാലി മേഖലകളിലെയും വയനാട്ടിലെയും നിബിഡ വനങ്ങളും ഇതില്‍പ്പെടും. എന്നാല്‍, ഈ ഭൂമി സംബന്ധിച്ച് പലയിടങ്ങളിലും തര്‍ക്കങ്ങളുണ്ട്. വനം വകുപ്പും സ്വകാര്യ വ്യക്തികളും തമ്മില്‍ കേസ് നിലനില്‍ക്കുകയുമാണ്.
ഇ എഫ് എല്‍ നിയമം റദ്ദാക്കുന്നതോടെ നെല്ലിയാമ്പതി അടക്കം കോളിളക്കം സൃഷ്ടിച്ച കേസുകളില്‍ ആയിരക്കണക്കിന് ഏക്കര്‍ വനഭൂമി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകും. സെന്റിന് പതിനായിരം രൂപ വിലയിട്ടാല്‍ പോലും 3,700 കോടിയുടെ വിലയുള്ള ഭൂമിയാണിത്. ഈ ഭൂമിയിലെ മരത്തിന്റെ വില കൂടി ചേര്‍ക്കുന്നതോടെ ഈ തുക ഇനിയും ഉയരും.
ഇ എഫ് എല്‍ നിയമം റദ്ദാക്കിയാല്‍ വിലമതിക്കാനാകാത്ത ഈ സ്വത്ത് ഭൂമാഫിയയുടെ കൈകളിലേക്കെത്തുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇ എഫ് എല്‍ നിയമത്തെ ആശ്രയിച്ചാണ് ഹൈക്കോടതിയുടെ പരിഗണനയില്‍ നില്‍ക്കുന്ന കേസുകളുടെ നിലനില്‍പ്പ്. നിയമം ഇല്ലാതാകുന്നതോടെ ഈ കേസുകള്‍ തന്നെ അപ്രസക്തമാകും. കര്‍ഷകരുടെ ആശങ്കയാണ് വിദഗ്ധ സമിതി ചൂണ്ടിക്കാണിക്കുന്നതെങ്കിലും അതിന് പ്രായോഗികമായ മറ്റു നിര്‍ദേശങ്ങളുണ്ടെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.
അഞ്ച് ഏക്കര്‍ വരെയുള്ളവരുടെ ഭൂമി ഇ എഫ് എല്‍ നിയമ പ്രകാരം ഏറ്റെടുത്തിട്ടുണ്ടെങ്കില്‍ അതു തിരികെ നല്‍കുന്നത് അനുവദിക്കുന്ന ഭേദഗതി കൊണ്ടു വരാവുന്നതാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

Latest