ദേശീയ രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കാന്‍ എ എ പി

Posted on: January 5, 2014 12:43 am | Last updated: January 5, 2014 at 12:43 am

AAPന്യൂഡല്‍ഹി: പരമാവധി ലോക്‌സഭാ മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി. പത്ത,് പതിനഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ പ്രഥമ സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കുമെന്ന് എ എ പി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷമേ പ്രധാനമന്ത്രിയെ തീരുമാനിക്കുകയുള്ളൂവെന്ന് പാര്‍ട്ടി നേതാവ് പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
രണ്ട് ദിവസത്തെ ദേശീയ നിര്‍വാഹക സമിതി യോഗത്തിനിടെയാണ് എ എ പി ഇക്കാര്യമറിയിച്ചത്. അധിക സംസ്ഥാനങ്ങളിലും പരമാവധി സീറ്റുകളില്‍ മത്സരിക്കും. ഫെബ്രുവരി മധ്യത്തിലോ അവസാനമോ പരമാവധി സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തിറക്കും. കെജ്‌രിവാളിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുമോയെന്ന ചോദ്യത്തിന് ഇക്കാര്യം തീരുമാനിച്ചിട്ടില്ലെന്നായിരുന്നു മറുപടി.
അതേസമയം, വിവിധ കോണുകളില്‍ നിന്ന് ശക്തമായ വിമര്‍ശം ഉടലെടുത്തതിനെ തുടര്‍ന്ന്, ഡ്യൂപ്ലക്‌സ് ഫഌറ്റിലേക്ക് മാറുന്നത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ മരവിപ്പിച്ചു. തനിക്ക് വേണ്ടി ചെറിയ താമസ സ്ഥലം അന്വേഷിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കി. അഞ്ച് വീതം കിടപ്പുമുറികളുള്ള രണ്ട് ഫഌറ്റുകളിലേക്ക് വസതിയും ഓഫീസും മാറ്റാന്‍ കഴിഞ്ഞ ദിവസമാണ് തീരുമാനമായത്.
ഡ്യൂപ്ലക്‌സ് ഫഌറ്റിലേക്ക് മാറരുതെന്ന് അഭിപ്രായപ്പെട്ട് നിരവധി സുഹൃത്തുകളും അനുയായികളും വിളിക്കുകയും സന്ദേശമയക്കുകയും ചെയ്യുന്നുണ്ട്. അവരുടെ അഭിപ്രായം അംഗീകരിക്കുന്നു. ചെറിയ താമസ സൗകര്യം ഒരുക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയാണെന്നും പാര്‍ട്ടി യോഗത്തില്‍ അദ്ദേഹം പറഞ്ഞു. അതുവരെ ഗാസിയാബാദിലെ വീട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കും. മധ്യ ഡല്‍ഹിയിലെ ഭഗവന്‍ദാസ് റോഡിലാണ് നേരത്തെ ഡ്യൂപ്ലക്‌സ് ഫഌറ്റുകള്‍ കണ്ടെത്തിയത്. ബി ജെ പിയടക്കം നിരവധി എതിരാളികള്‍ ഇതുവെച്ച് കെജ്‌രിവാളിനെ കടന്നാക്രമിച്ചിരുന്നു. ഡല്‍ഹി നിയമസഭയില്‍ ബി ജെ പി അംഗങ്ങള്‍ രൂക്ഷമായ ആക്രമണമാണ് നടത്തിയത്. ഫഌറ്റില്‍ താമസിക്കാനുള്ള തീരുമാനം എ എ പിയുടെ അവകാശവാദങ്ങള്‍ക്ക് എതിരാണെന്ന് ബി ജെ പി പറഞ്ഞിരുന്നു.
അതേസമയം, എ എ പി മന്ത്രിമാരുടെ ഔദ്യോഗിക വാഹനമായി ടൊയോട്ട ഇന്നോവ തിരഞ്ഞെടുത്തു. കെജ്‌രിവാള്‍ ഒഴികെയുള്ള മന്ത്രിമാര്‍ ഇന്നലെ നിയമസഭയിലേക്ക് എത്തിയത് ഇന്നോവയിലാണ്. മനീഷ് സിസോദിയ, രാഖി ബിര്‍ള, സൗരഭ് ഭരദ്വാജ് തുടങ്ങിയവര്‍ ഇന്നോവയിലാണ് എത്തിയത്. അതേസമയം, ഇതിനെ വിമര്‍ശിച്ചും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. ഔദ്യോഗിക കാറുകള്‍ ഉപയോഗിക്കരുതെന്ന് മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് ഇതുസംബന്ധിച്ച ചോദ്യത്തിന് കെജ്‌രിവാള്‍ മറുപടി നല്‍കി.