പാര്‍ട്ടി തീരുമാനം തള്ളി ശര്‍മയും ചന്ദ്രന്‍ പിള്ളയും ചടങ്ങിനെത്തി

Posted on: January 5, 2014 12:24 am | Last updated: January 5, 2014 at 12:24 am

cpi-m-logo_1കൊച്ചി : പ്രധാനമന്ത്രിയുടെ കൊച്ചിയിലെ പരിപാടി ബഹിഷ്‌കരിക്കാനുള്ള സി പി എം എറണാകുളം ജില്ലാകമ്മിറ്റിയുടെ തീരുമാനം തള്ളി സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എസ് ശര്‍മയും കെ ചന്ദ്രന്‍ പിള്ളയും എല്‍ പി ജി ടെര്‍മിനലിന്റെ ഉദ്ഘാടന പരിപാടിക്കെത്തി. വി വി ഐ പി പവലിയനില്‍ ഇരുന്ന് ചടങ്ങില്‍ ആദ്യാവസാനവരെ പങ്കെടുത്ത നേതാക്കള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കരികിലെത്തി കുശലം പറഞ്ഞ് സാന്നിധ്യം വിളിച്ചറിയിക്കാനും മറന്നില്ല. എസ് ശര്‍മ സ്ഥലം എം എല്‍ എ എന്ന നിലയിലും ചന്ദ്രന്‍ പിള്ള തൊഴിലാളി യൂനിയന്‍ പ്രതിനിധി എന്ന നിലയിലുമാണ് ചടങ്ങില്‍ പങ്കെടുത്തത്.
പാചകവാതക വില വര്‍ധനയില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ കൊച്ചി സന്ദര്‍ശന ദിവസമായ ഇന്നലെ എറണാകുളം ജില്ലയില്‍ സി പി എം കരിദിനം ആചരിക്കുമെന്ന് ജില്ലാ സെക്രട്ടറി സി എം ദിനേശ്മണി കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി പങ്കെടുക്കുന്ന ഔദ്യോഗികപരിപാടികളില്‍ ക്ഷണിക്കപ്പെട്ട സി പി എംകാരായ ജനപ്രതിനിധികള്‍ ബഹിഷ്‌ക്കരിക്കുമെന്നും ദിനേശ് മണി പറഞ്ഞിരുന്നു. ഈ പ്രഖ്യാപനമാണ് കെ ചന്ദ്രന്‍ പിളളയും എസ് ശര്‍മയും കാറ്റില്‍ പറത്തിയത്.
സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ നടപടി പാര്‍ട്ടി അച്ചടക്കത്തിന്റെ പരസ്യമായ ലംഘനമാണെന്ന് ഔദ്യോഗിക പക്ഷ നേതാക്കള്‍ പറഞ്ഞു. ഇരുവരും കുറച്ചു കാലമായി നടത്തിവരുന്ന പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണിത്. ഇതിനെതിരെ സംസ്ഥാന കമ്മിറ്റിക്ക് പരാതി നല്‍കുമെന്ന് ജില്ലയിലെ ഒരു ഉന്നതനേതാവ് പറഞ്ഞു.
ജില്ലയില്‍ സി പി എമ്മിലെ വിഭാഗീയത പരിഹാരമില്ലാതെ തുടരുന്നതിനിടയിലാണ് പുതിയ സംഭവം. ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ വി എസ് പക്ഷം നിരന്തരമായി കാറ്റില്‍ പറത്തുന്നത് സി പി എമ്മില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിക്കുകയാണ്.