Connect with us

National

ആം ആദ്മിമാര്‍ക്ക് ഇന്നോവ ഔദ്യോഗിക വാഹനം

Published

|

Last Updated

ന്യൂഡല്‍ഹി: ആം ആദ്മി മന്ത്രിമാര്‍ ഇനി മുതല്‍ ഔദ്യോഗിക വാഹനമായി ഉപയോഗിക്കുക ടോയോട്ടയുടെ ഇന്നോവ കാര്‍. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഒഴികെ മറ്റെല്ലാ മന്ത്രിമാരും വെള്ളിയാഴ്ച സെക്രട്ടറിയേറ്റിലെത്തിയത് ഔദ്യോഗിക വാഹനമായ ഇന്നോവയിലാണ്. അതേസമയം വാഹനത്തില്‍ ബീക്കണ്‍ ലൈറ്റുകള്‍ ഉപയോഗിക്കില്ലെന്ന തീരുമാനത്തില്‍ മാറ്റം വരുത്തിയിട്ടില്ല.

എന്നാല്‍ ആഡംബര വസതി വേണ്ടെന്നവെച്ച അരവിന്ദ് കെജ്‌രിവാള്‍ കൂടുതല്‍ സൗകര്യമുള്ള ഡ്യൂപ്ലക്‌സ് ഫഌറ്റുകളിലേക്ക് ഉടന്‍ താമസം മാറും. വസതിയായും ഓഫീസായും പ്രവര്‍ത്തിക്കുന്ന രണ്ട് ഫഌറ്റുകളാണ് സെന്‍ട്രല്‍ ഡല്‍ഹിയിലെ ഭഗവാന്‍ദാസ് റോഡില്‍ അദ്ദേഹത്തിനായി ഒരുങ്ങിയത്. നേരത്തെ മുഖ്യമന്ത്രിമാര്‍ക്കുള്ള ബംഗ്ലാവ് അദ്ദേഹം നിരസിച്ചിരുന്നു. 9000 ചതുരശ്ര അടിയാണ് ഫഌറ്റുകളുടെ വിസ്തീര്‍ണം.
അതേസമയം, കെജ്‌രിവാളിനെ ആക്രമിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന പ്രതിപക്ഷമായ ബി ജെ പി, പുതിയ നീക്കം ആക്രമണത്തിന് ആയുധമാക്കിയേക്കാമെന്ന് ആം ആദ്മി പാര്‍ട്ടി വിലയിരുത്തുന്നുണ്ട്. “മുന്‍ മുഖ്യമന്ത്രിയുടെ വസതിയും ഇപ്പോഴത്തെ ഫഌറ്റും താരതമ്യം ചെയ്‌തോളൂ” എന്നാണ് ഇതു സംബന്ധിച്ച ചോദ്യത്തിന് കെജ്‌രിവാള്‍ പ്രതികരിച്ചത്.