കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പായാല്‍ കുടിയേറ്റക്കാര്‍ ഭൂമി വിട്ടിറങ്ങേണ്ടി വരും: കെ കെ എന്‍ കുറുപ്പ്‌

Posted on: January 4, 2014 7:40 am | Last updated: January 4, 2014 at 8:12 am

ആലക്കോട്: കുടിയേറ്റ ജനത അതിജീവനത്തിനായി പോരാടേണ്ട സമയമാണ് ഇതെന്ന് ചരിത്രകാരനും കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. കെ കെ എന്‍ കുറുപ്പ് പറഞ്ഞു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലായാല്‍ കുടിയേറ്റ ജനത സ്വന്തം ഭൂമി വിട്ടിറങ്ങേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതിയെ സംരക്ഷിച്ച് പരിസ്ഥിതി സംരക്ഷിക്കുന്നത് കുടിയേറ്റ ജനതയാണെന്ന സത്യം തിരിച്ചറിയാത്തവരാണ് കമ്പ്യൂട്ടറിലൂടെ പഠനം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതെന്നും കെ കെ എന്‍ കുറുപ്പ് ആലക്കോട്ട് പറഞ്ഞു. പാട്യം ഗോപാലന്‍ പഠനഗവേഷണ കേന്ദ്രം ആലക്കോട്ട് സംഘടിപ്പിച്ച മലബാര്‍ കുടിയേറ്റ ചരിത്രവും വികസനവും എന്ന ഏകദിന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പി ജയരാജന്‍ അധ്യക്ഷത വഹിച്ചു. മലബാര്‍ കുടിയേറ്റവും കാര്‍ഷികബന്ധ നിയമവും എന്ന വിഷയം ഡോ. സെബാസ്റ്റ്യന്‍ പോളും മലബാര്‍ കുടിയേറ്റത്തിന്റെ ആദ്യനാളുകള്‍ എന്ന വിഷയം ഡോ. പി ജെ വിന്‍സെന്റും മലയോര മേഖലയും ആദിവാസികളും എന്ന വിഷയം എന്‍ സെബാസ്റ്റ്യനും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും പരിഹാര മാര്‍ഗങ്ങളും എന്ന വിഷയം ഫാ. ടോമി എടാട്ടേലും അവതരിപ്പിച്ചു. പി കെ ശ്രീമതി ടീച്ചര്‍, എ ജെ ജോസഫ്, ജേക്കബ് മാണി പ്രസംഗിച്ചു.