Connect with us

Malappuram

മോട്ടോര്‍ തകരാര്‍: കുടിവെള്ളം മുടങ്ങിയിട്ട് ഒന്നര മാസം

Published

|

Last Updated

വണ്ടൂര്‍: ഒമ്പത് മാസം മുമ്പ് പ്രവര്‍ത്തനമാരംഭിച്ച ചാത്തങ്ങോട്ടുപുറം കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തനം അവതാളത്തിലായി. വെള്ളം പമ്പുചെയ്യാനുപയോഗിച്ചിരുന്ന മോട്ടോര്‍ തകരാറിലായതാണ് കാരണമെന്നറിയുന്നു.
ഇതോടെ ചാത്തങ്ങോട്ടുപുറം, താലപ്പോലിപറമ്പ്, മുണ്ടയില്‍കുന്ന്, കിഴക്കേകര ഭാഗങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങള്‍ ദുരിതത്തിലായി. ഒന്നര മാസം മുമ്പ് തകരാറിലായ മോട്ടോറിന്റെ അറ്റകുറ്റ പ്രവൃത്തി വൈകുന്നതിനാലാണ് ജലവിതരണം പുനസ്ഥാപിക്കാന്‍ വൈകുന്നത്.
ഇതിനാവശ്യമായ ഫണ്ടില്ലെന്നാണ് നടത്തിപ്പുകാര്‍ പറയുന്നത്. അതെസമയം ഇത്തരം അറ്റകുറ്റ പ്രവൃത്തികള്‍ക്കായി പദ്ധതിയുടെ പ്രാരംഭഘട്ടത്തില്‍ 500 രൂപ വീതം നല്‍കിയിരുന്നതായും നടത്തിപ്പുകാര്‍ വീണ്ടും പണം ആവശ്യപ്പെടുന്നതായും ഗുണഭോക്താക്കള്‍ പറഞ്ഞു.
കൂടാതെ മാസം തോറും അടക്കേണ്ട വിഹിതം യഥാസമയം പിരിച്ചെടുക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്. എന്നാല്‍ ഉപഭോക്താക്കളില്‍ നിന്ന് നേരത്തെ സ്വരൂപിച്ചിരുന്ന പണം വിവിധ അറ്റകുറ്റ പ്രവൃത്തികള്‍ക്കായി തീര്‍ന്നതിനാലാണ് വീണ്ടും പണപ്പിരിവ് നടത്തേണ്ടിവരുന്നതെന്നും മൂന്ന് ദിവസത്തിനകം കുടിവെള്ള വിതരണം പുനസ്ഥാപിക്കാനാകുമെന്നും വാര്‍ഡ് അംഗം കൃഷ്ണജ്യോതി പറഞ്ഞു.
പാണ്ടിക്കാട്:പന്തല്ലൂരിലും പരിസര പ്രദേശങ്ങളിലും കുടിവെള്ള പദ്ധതിയുടെ പൈപ്പുകള്‍ പൊട്ടി വ്യാപകമായി ജലം പാഴാകുന്നു.പന്തല്ലൂര്‍, മില്ലുംപടി,പുള്ളിയിലങ്ങാടി-സ്റ്റേഡിയം റോഡ് എന്നീ ഭാഗങ്ങളിലാണ് പൈപ്പുകള്‍ പൊട്ടി ജലം പാഴാകുന്നത്.
ഇന്നലെ ഉച്ചയോടെയാണ് മില്ലുംപടിയില്‍ പൈപ്പ് പൊട്ടിയത്. തുടര്‍ന്ന് ജലം റോഡിലൂടെ ഒഴുകുകയാണ്. പുള്ളിയിലങ്ങാടി-സ്റ്റേഡിയം റോഡില്‍ കുടിവെള്ള പൈപ്പ്‌പൊട്ടി ജലം പാഴാകുന്നത് നിത്യ കാഴ്ചയാണെങ്കിലും കാര്യക്ഷമമായ അറ്റകുറ്റപ്രവൃത്തികള്‍ വൈകുകയാണ്.

 

Latest