36 പന്തില്‍ സെഞ്ച്വറി ! അഫ്രീദി ഔട്ട്, ഇനി കോറെ

Posted on: January 2, 2014 12:20 am | Last updated: January 2, 2014 at 12:20 am

ക്വൂന്‍സ്ടൗണ്‍: 36 പന്തില്‍ സെഞ്ച്വറി ! അതേ, വിശ്വസിച്ചാലും ഇല്ലെങ്കിലും ന്യൂസിലാന്‍ഡ് ആള്‍ റൗണ്ടര്‍ കോറെ ആന്‍ഡേഴ്‌സനാണ് ഏകദിന ക്രിക്കറ്റിലെ വേഗമേറിയ സെഞ്ച്വറിയുടെ പുതിയ അവകാശി. പാക്കിസ്ഥാന്റെ ഷാഹിദ് അഫ്രീദിയുടെ (37 പന്തില്‍ ) റെക്കോര്‍ഡാണ് പഴങ്കഥയായത്.
വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തിലാണ് കോറെ ആന്‍ഡേഴ്‌സന്‍ ക്രിക്കറ്റ് ലോകത്തെ തന്റെ വെടിക്കെട്ട് ബാറ്റിംഗില്‍ നിശ്ചലമാക്കിയത്. മത്സരം കിവീസ് 159 റണ്‍സിന് ജയിച്ചു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-1ന് സമനില പിടിച്ച് തിരിച്ചുവരുവാനും കിവീസിന് സാധിച്ചു. മഴ കാരണം മത്സരം 21 ഓവറുകള്‍ വീതമുള്ള ഇന്നിംഗ്‌സുകളാക്കി ചുരുക്കിയിരുന്നു. 47 പന്തില്‍ പുറത്താകാതെ 131 റണ്‍സടിച്ച ആന്‍ഡേഴ്‌സന്റെയും 51 പന്തില്‍ 104 റണ്‍സടിച്ച ഓപണര്‍ ജെസി റൈഡറുടെയും മികവില്‍ ന്യൂസിലാന്‍ഡ് നാല് വിക്കറ്റ് നഷ്ടത്തില്‍ 283 റണ്‍സടിച്ചു. വെസ്റ്റിന്‍ഡീസിന്റെ മറുപടി 21 ഓവറില്‍ അഞ്ച് വിക്കറ്റിന് 124ല്‍ അവസാനിച്ചു.
പതിനേഴ് വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് ആന്‍ഡേഴ്‌സന്‍ പന്ത്രണ്ട് സിക്‌സറും നാല് ഫോറും തലങ്ങുംവിലങ്ങും പായിപ്പിച്ചപ്പോള്‍ തകര്‍ന്നു വീണത്. 1996 ല്‍ ശ്രീലങ്കക്കെതിരെയായിരുന്നു പാക്കിസ്ഥാന്‍ ആള്‍ റൗണ്ടര്‍ ഷാഹിദ് അഫ്രീദി ത്‌നറെ വരവറിയിച്ച വെടിക്കെട്ട് സെഞ്ച്വറി തീര്‍ത്തത്. ഇന്നിംഗ്‌സില്‍ പതിനാറ് സിക്‌സറുകള്‍ പറത്തിയ ഇന്ത്യയുടെ രോഹിത് ശര്‍മയുടെ റെക്കോര്‍ഡ് രണ്ട് സിക്‌സറുകളുടെ വ്യത്യാസത്തിനാണ് ആന്‍ഡേഴ്‌സന് നഷ്ടമായത്. രണ്ട് മാസം മുമ്പ് ആസ്‌ത്രേലിയക്കെതിരെയായിരുന്നു രോഹിതിന്റെ റെക്കോര്‍ഡ് സിക്‌സറടി. 2011 ല്‍ ബംഗ്ലാദേശിനെതിരെ ആസ്‌ത്രേലിയന്‍ ആള്‍ റൗണ്ടര്‍ ഷെയിന്‍ വാട്‌സന്‍ നേടിയ 15 സിക്‌സറുകളുടെ റെക്കോര്‍ഡും കിവീസ് താരത്തിന് മറികടക്കാനായില്ല. പതിനാല് സിക്‌സറുമായി പുറത്താകാതെ നിന്ന കോറെ ആന്‍ഡേഴ്‌സന് മുന്നില്‍ ഏറുകള്‍ അവശേഷിച്ചിരുന്നെങ്കില്‍ റെക്കോര്‍ഡുകള്‍ പലതും മാറിമറിയുമായിരുന്നു. ബൗളര്‍മാര്‍ക്ക് അത്രമേല്‍ ആധിപത്യമായിരുന്നു കിവീസ് താരത്തിന്.
ബാറിലെ അടിപിടിയില്‍ ഗുരുതരമായി പരുക്കേറ്റ് കോമ അവസ്ഥയിലായിരുന്ന ജെസി റൈഡര്‍ രണ്ട് വര്‍ഷത്തിന് ശേഷമുള്ള തിരിച്ചുവരവ് അതി ഗംഭീരമാക്കി. ആന്‍ഡേഴ്‌സനൊപ്പം അടിച്ചു തകര്‍ത്ത റൈഡര്‍ 46 പന്തിലാണ് സെഞ്ച്വറി നേടിയത്. 51 പന്തുകള്‍ നീണ്ട ഇന്നിംഗ്‌സില്‍ പന്ത്രണ്ട് ഫോറുകളും അഞ്ച് സിക്‌സറുകളും ഉള്‍പ്പെടുന്നു.
84ന് മൂന്ന് വിക്കറ്റ് നഷ്ടമായപ്പോഴാണ് റൈഡര്‍ക്കൊപ്പം ആന്‍ഡേഴ്‌സന്‍ ചേര്‍ന്നത്. അപ്പോള്‍ റൈഡറുടെ വ്യക്തിഗത സ്‌കോര്‍ 41. റൈഡര്‍ക്ക് പിന്തുണ നല്‍കുന്ന ഇന്നിംഗ്‌സായിരുന്നു ആന്‍ഡേഴ്‌സന്റെ മനസ്സില്‍. സിംഗിളുകളെടുത്ത് സ്‌ട്രൈക്ക് കൈമാറാനെത്തിയ ആന്‍ഡേഴ്‌സന്‍ അപ്രതീക്ഷിത മികവിലേക്കുയര്‍ന്നു. പന്ത് ബാറ്റിന്റെ മധ്യഭാഗത്ത് തന്നെ കൊണ്ടതോടെ ആത്മവിശ്വാസമായി. ഞാനും ജെസിയും തീരുമാനിച്ചു, മത്സരിച്ചടിക്കാന്‍. അഫ്രീദിയുടെ റെക്കോര്‍ഡൊന്നും മനസ്സിലുണ്ടായിരുന്നില്ല – ആന്‍ഡേഴ്‌സന്‍ പറഞ്ഞു. 191 റണ്‍സിന്റെ കൂട്ടുകെട്ടാണ് നാലാം വിക്കറ്റില്‍ ഇവര്‍ സൃഷ്ടിച്ചത്.
ന്യൂസിലാന്‍ഡ് ഇന്നിംഗ്‌സില്‍ ഓപണര്‍ മാര്‍ട്ടിന്‍ ഗുപ്ടില്‍ (1), റോസ് ടെയ്‌ലര്‍ (9) കുറഞ്ഞ സ്‌കോറിന് പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ ബ്രെന്‍ഡന്‍ മെക്കുല്ലം 11 പന്തില്‍ 33 റണ്‍സടിച്ചു. മൂന്ന് വീതം ഫോറും സിക്‌സറും ഉള്‍പ്പെടുന്ന അതിവേഗ ഇന്നിംഗ്‌സ്. വിക്കറ്റ് കീപ്പര്‍ ലൂക് റോഞ്ചി മൂന്ന് റണ്‍സുമായി പുറത്താകാതെ നിന്നു.
കൂറ്റന്‍ സ്‌കോര്‍ പിന്തുടരുന്നതിന്റെ സമ്മര്‍ദം വെസ്റ്റിന്‍ഡീസിനുണ്ടായിരുന്നു. ഓപണര്‍ ജോണ്‍സണ്‍ ചാള്‍സ് നേരിട്ട മൂന്നാം പന്തില്‍ ഡക്ക് ആയി. ലെന്‍ഡല്‍ സിമണ്‍സ് (13), ചാഡ്‌വിക് വാള്‍ട്ടന്‍ (17), കീരന്‍ പവല്‍ (1), നര്‍സിംഗ് ഡിയോനരെയ്ന്‍ (29) ലക്ഷ്യത്തിന് മുന്നില്‍ പതറി. ക്യാപ്റ്റന്‍ ഡ്വെയിന്‍ ബ്രാവോ 54 പന്തില്‍ പുറത്താകാതെ 56 റണ്‍സ് നേടി. ദിനേശ് രാംദിനായിരുന്നു (1) മറുഭാഗത്ത്.