ജില്ലാ സ്‌കൂള്‍ കലോത്സവം; വേങ്ങരയില്‍ നിയന്ത്രണമേര്‍പ്പെടുത്തും

Posted on: January 1, 2014 8:08 am | Last updated: January 1, 2014 at 8:08 am

വേങ്ങര: ജില്ലാ സ്‌കൂള്‍ കലോത്സവത്തോടനുബന്ധിച്ച് വേങ്ങരയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ അധികൃതരുടെ തീരുമാനം. ട്രാഫിക് പരിഷ്‌ക്കരണം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി സാംസ്‌കാരിക ഘോഷയാത്ര നടക്കുന്ന അഞ്ചിന് ഉച്ചക്ക് രണ്ട് മുതല്‍ അഞ്ച് വരെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
ഈ സമയം റോഡിന്റെ ഇരുവശങ്ങളിലും കുറ്റാളൂര്‍ മുതല്‍ താഴെ അങ്ങാടിവരെ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് നിരോധിച്ചിട്ടുണ്ട്. ഈ സമയം ടാക്‌സികള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ നിര്‍ത്താന്‍ ഗ്രാമ പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ സൗകര്യമൊരുക്കും. ഘോഷയാത്ര സമയം മലപ്പുറം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ ചേറൂര്‍ റോഡ് വഴി ടൗണില്‍ ബന്ധപ്പെടാതെയും കൂരിയാട് ഭാഗത്ത് നിന്ന് മലപ്പുറം ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ കച്ചേരിപ്പടി പുത്തനങ്ങാടി റോഡിലൂടെ ബ്ലോക്ക് റോഡ് ജംഗ്ഷനിലേക്ക് ചേരണം. കലോത്സവ ദിവസങ്ങളില്‍ ഓട്ടോകള്‍ അമിത ചാര്‍ജ്ജ് ഈടാക്കുന്നത് തടയും. ക്രമസമാധാനത്തിന് പ്രത്യേക പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. വഴിയോരത്തെ കച്ചവടങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വൃത്തിയില്ലാത്തതും മായം കലര്‍ത്തിയതുമായ ഭക്ഷണ സാധനങ്ങള്‍, ഐസ്‌ക്രീം, ഉപ്പിലിട്ടവ, അച്ചാറുകള്‍, മുറിച്ച് വെച്ച പഴങ്ങള്‍ തുടങ്ങിയവയുടെ വില്‍പ്പന നിരോധിച്ചിട്ടുണ്ട്. കലോത്സവ റോഡിന് തന്നെ ഭീഷണിയായി മാറിയിരുന്ന പോലീസ് പിടിച്ചിട്ട വാഹനങ്ങള്‍ ഇന്നലെ മാറ്റി തുടങ്ങി. റവന്യൂ അധികൃതരും പോലീസും വാങ്ങനങ്ങള്‍ മാറ്റാനുള്ള സ്ഥലം അന്വേഷിച്ചെങ്കിലും കണ്ടെത്തിയിരുന്നില്ല.
ഇതേ തുടര്‍ന്ന് പോലീസ് സ്റ്റേഷന് സമീപമുള്ള പറമ്പിലെ നിലവിലെ വാഹനങ്ങള്‍ അടുക്കി വെച്ച് റോഡരികിലെ വാഹനങ്ങള്‍ കൂടി അവിടേക്ക് മാറ്റുകയാണ്.