Connect with us

Gulf

ഡി എസ് എഫിനെ വരവേല്‍ക്കാന്‍ സ്വര്‍ണ സമ്മാനങ്ങളുമായി ദുബൈ ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി

Published

|

Last Updated

ദുബൈ: 19ാമത് ദുബൈ ഷോപ്പിങ് ഫെസ്റ്റിവലി(ഡി എസ് എഫ്)നോടനുബന്ധിച്ച് സ്വര്‍ണ സമ്മാനങ്ങളുമായി ദുബൈ ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി. ദുബൈ വിനോദ സഞ്ചാര വാണിജ്യ വിപണന കേന്ദ്ര(ഡി ടി സി എം)ത്തിന്റെ ഏജന്‍സിയായ ദുബൈ ഫെസ്റ്റിവല്‍സ് ആന്‍ഡ് റിട്ടെയ്ല്‍ എസ്റ്റാബ്ലിഷ്‌മെന്റ്(ഡി എഫ് ആര്‍ ഇ) അധികൃതരാണ് ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി ഗ്രൂപ്പുമായി സഹകരിച്ച്് ഡി എസ് എഫിനോടനുബന്ധിച്ച് സ്വര്‍ണം സമ്മാനമായി നല്‍കുക.
ഈ വര്‍ഷം 350 ജ്വല്ലറികള്‍ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള സ്വര്‍ണ സമ്മാന പദ്ധതിയില്‍ പങ്കെടുക്കുമെന്ന്് ഡി എഫ് ആര്‍ ഇ, സി ഇ ഒ ലൈല മുഹമ്മദ് സുഹൈലിയും ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി ഗ്രൂപ്പ് ചെയര്‍മാന്‍ സണ്ണി ചിറ്റിലപള്ളിയും പറഞ്ഞു.
ഷോപ്പിംഗ് ഫെസ്റ്റിവല്‍ തുടരുന്ന 32 ദിവസവും ഒരോ കിലോ സ്വര്‍ണവും വജ്രം പതിച്ച മോതിരവുമടക്കം ആകെ 60 ലക്ഷം ദിര്‍ഹത്തിന്റെ സ്വര്‍ണമാണ് നറുക്കെടുപ്പിലൂടെ നല്‍കുക.
പദ്ധതിയില്‍ പങ്കെടുക്കുന്ന ജ്വല്ലറികളില്‍ നിന്ന് 500 ദിര്‍ഹത്തിന്റെ സ്വര്‍ണം വാങ്ങുന്നവര്‍ക്ക് കൂപ്പണ്‍ ലഭിക്കും. ഈ കൂപ്പിണില്‍ നിന്നാവും നറുക്കെടുപ്പിലൂടെ വിജയിയെ തിരഞ്ഞെടുക്കുക. എല്ലാ ദിവസവും രാത്രി 7.30ന് ഗ്ലോബല്‍ വില്ലേജിലാണ് നറുക്കെടുപ്പ്. എക്‌സ്‌പോ 2020 ഹോസ്റ്റ് സിറ്റി ദുബൈ എന്ന പ്രത്യേക സ്വര്‍ണ നാണയം വാങ്ങിക്കുന്നവര്‍ക്കും നറുക്കെടുപ്പില്‍ പങ്കെടുക്കാം. 500 ദിര്‍ഹം വിലമതിക്കുന്ന വജ്രാഭരണം, മുത്തുകള്‍, വാച്ചുകള്‍ എന്നിവ വാങ്ങിക്കുന്നവര്‍ക്ക് രണ്ട് റാഫിള്‍ കൂപ്പണുകള്‍ ലഭിക്കും. ജോയ് ആലുക്കാസ്, മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്, കല്യാണ്‍ ജ്വല്ലേഴ്‌സ്, സ്‌കൈ ജ്വല്ലറി, ചിറ്റിലപ്പിള്ളി ജ്വല്ലേഴ്‌സ്, പോപ്‌ലി കെവല്‍റാം ജ്വല്ലേഴ്‌സ്, ലാ മാര്‍ക്വിസ് ഡയമണ്ട്‌സ് ആന്‍ഡ് വാച്ചസ്, മീനാ ജ്വല്ലേഴ്‌സ്, അറ്റ്‌ലസ് ജ്വല്ലറി, അല്‍ ഹസീന ജ്വല്ലറി എന്നിവ പങ്കെടുക്കുന്നവയില്‍ ഉള്‍പ്പെടും.
എക്‌സ്‌പോ 2020ന് ആതിഥേയത്വം വഹിക്കാന്‍ ദുബൈയെ തിരഞ്ഞടുത്ത ഈ ഘട്ടത്തില്‍ നടക്കുന്ന ഡി എസ് എഫ് എല്ലാ അര്‍ഥത്തിലും വിജയമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. 1996ല്‍ ഡിഎസ്എഫ് ആരംഭിച്ച് ശേഷം ഇതുവരെ 700 കിലോഗ്രാം സ്വര്‍ണം സമ്മാനമായി നല്‍കിയിട്ടുണ്ടെന്ന് വേള്‍ഡ് എക്‌സ്‌പോ 2020 ഹോസ്റ്റ് സിറ്റി ദുബൈ എന്ന പ്രത്യേക സ്വര്‍ണ നാണയം പുറത്തിറക്കിക്കൊണ്ട് ലൈലാ സുഹൈല്‍ പറഞ്ഞു. ദുബൈയെക്കുറിച്ച് ചിന്തിക്കുന്നവരെല്ലാം സ്വര്‍ണത്തെക്കുറിച്ചും ചിന്തിക്കാറുണ്ട്.
നിങ്ങളുടെ മികച്ച ഷോപ്പിംഗ് എന്ന പ്രമേയത്തില്‍ ജനുവരി രണ്ട് മുതല്‍ ഫെബ്രുവരി രണ്ട് വരെയാണ് ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍. ഡിഎഫ്ആര്‍ഇ സ്ട്രാറ്റജിക് അലയന്‍സസ് ഡിവിഷന്‍ ഡയറക്ടര്‍ സഈദ് മുഹമ്മദ് മെസം അല്‍ ഫലാസി, ചന്തു സൂര്യ, ടോമി ജോസഫ്, പങ്കെടുത്തു.

Latest