Connect with us

Gulf

ദുബൈയുടെ മാനത്ത് അത്ഭുതങ്ങള്‍ വിരിയും ഒപ്പം ഒരു ലോക റെക്കോര്‍ഡും

Published

|

Last Updated

ദുബൈ: 2014 പിറക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ പുതുവര്‍ഷത്തെ സ്വീകരിക്കാന്‍ ദുബൈ ഒരുങ്ങി. ലോകത്തിന് മുമ്പില്‍ നിരന്തരം അത്ഭുതങ്ങള്‍ കാണിക്കുന്ന ദുബൈ പുതുവര്‍ഷത്തെ സ്വീകരിക്കുന്നതിലും പതിവ് തെറ്റിക്കില്ലെന്ന് പ്രഖ്യാപിച്ചിരിക്കയാണ്.

എക്‌സ്‌പോ 2020 ലഭിച്ചതോടെ ദുബൈ ഒന്നുകൂടി ലോക ഭൂപടത്തില്‍ മേനി മിനുക്കി. ഭരണാധികാരികളും ജനങ്ങളും ഒരുപോലെ കഠിനാധ്വാനം ചെയ്തതിന്റെ നേട്ടമാണ് രാജ്യം ആസ്വദിച്ചുകൊണ്ടിരിക്കുന്നത്.
വന്‍ പ്രതീക്ഷയോടെ 2020നെ കാത്തിരിക്കുന്ന ദുബൈക്ക് വരാനിരിക്കുന്ന ഓരോ വര്‍ഷവും നിര്‍ണായകമാണ്. അതിനാല്‍ 2014നെ വന്‍ പ്രതീക്ഷയോടെയാണ് രാജ്യം സ്വീകരിക്കുന്നത്. പുതുവര്‍ഷാഘോഷത്തിന്റെ പേരിലും ഒരു ലോക റെക്കോര്‍ഡ് സ്ഥാപിക്കാനൊരുങ്ങുകയാണ് ദുബൈ. ലോകം ഇന്നോളം കണ്ടതില്‍ ഏറ്റവും വലിയ കരിമരുന്ന് പ്രയോഗത്തിനുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണ്. നാല് ലക്ഷം കരിമരുന്ന് പ്രയോഗങ്ങള്‍, 100 കി. മീറ്റര്‍ നീണ്ട തീരങ്ങളില്‍ 400 സ്ഥലങ്ങളില്‍ ആറ് മിനിട്ട് നീണ്ടുനില്‍ക്കുന്ന പ്രകടനം ദുബൈയുടെ മാനത്ത് അത്ഭുതം വിരിയിക്കും. ഒപ്പം പുതിയ ഒരു ലോക റെക്കോര്‍ഡും പിറക്കും. മുഴുവന്‍ ജനങ്ങളുടെയും കണ്ണും കാതും ഇന്ന് അര്‍ധരാത്രിയോടെ ഈ അത്ഭുതത്തിനു സാക്ഷിയാകും.

ഗ്ലോബല്‍ വില്ലേജ് ഒരുങ്ങി
ദുബൈ: വെടിക്കെട്ടടക്കമുള്ള വൈവിധ്യമാര്‍ന്ന പരിപാടികളോടെ പുതുവത്സരത്തെ എതിരേല്‍ക്കാന്‍ ഗ്ലോബല്‍ വില്ലേജ് ഒരുങ്ങി. വമ്പന്‍ വെടിക്കെട്ടും പ്രത്യേക വൈദഗ്ധ്യം നേടിയ കലാകാരന്മാരുടെ തീപ്പന്ത പ്രകടനങ്ങളും പുതുവത്സരാഘോഷത്തിന്റെ സവിശേഷതയാണ്. വിവിധ പവലിയനുകളുടെ നേതൃത്വത്തിലുള്ള പരേഡ്, ഡിസ്‌കോ ജോക്കികളുടെ നേതൃത്വത്തിലുള്ള ഡിസ്‌കോ പ്രകടനങ്ങള്‍ തുടങ്ങിയവ അരങ്ങേറും. രാവിലെ തുടങ്ങുന്ന ആഘോഷ പരിപാടികള്‍ പുതുവത്സര ദിനത്തില്‍ പുലര്‍ച്ചെ രണ്ടുവരെ തുടരും.

അബുദാബിയില്‍ ട്രാഫിക് പട്രോളിംഗ് ശക്തമാക്കും
അബുദാബി: പുതുവത്സര അവധിയോടനുബന്ധിച്ചു അബുദാബി പോലീസ് ട്രാഫിക് ആന്‍ഡ് പട്രോള്‍ ഡയറക്ടറേറ്റ് റോഡുകളില്‍ പട്രോളിങ് വ്യാപകമാക്കി. പുതുവര്‍ഷത്തില്‍ ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനും സ്പീഡ് ലിമിറ്റ് പരമാവധി പാലിക്കുന്നതിനും പ്രോല്‍സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്ന് അബുദാബി പോലീസ് ട്രാഫിക് ആന്‍ഡ് പട്രോള്‍ ഡയറക്ടറേറ്റ് ഡപ്യൂട്ടി ഡയറക്ടര്‍ കേണല്‍ ഖാമിസ് അറിയിച്ചു. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി 31നു രാത്രി വൈകിയും ഒന്നിനു പുലര്‍ച്ചെയും സുരക്ഷയ്ക്കു വിഘാതം സൃഷ്ടിക്കുന്ന പ്രവൃത്തികള്‍ ട്രാഫിക് പൊലീസ് തടയും.