റവന്യൂ ജില്ലാ സകൂള്‍ കലോത്സവത്തിന് ഇന്ന് വേദി ഉണരും

Posted on: December 31, 2013 2:09 pm | Last updated: December 31, 2013 at 11:09 pm

കോഴിക്കോട്: കൗമാര കലയുടെ പൂരകാഴ്ചകള്‍ക്ക് ഇന്ന് വേദി ഉണരും. ഇനിയുള്ള നാല് നാള്‍ നഗരത്തെ ഉത്സവത്തിലാഴ്ത്തി നടക്കുന്ന റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് വെള്ളിമാടുകുന്ന് ജെ ഡി ടി ഇസ്‌ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് അരങ്ങുണരുക. 297 ഇനങ്ങളിലായി 8,500 ഓളം വിദ്യാര്‍ഥികള്‍ മാറ്റുരക്കും. ആദ്യദിനമായ ഇന്നലെ സ്റ്റേജിതര, രചനാമത്സരങ്ങളാണ് നടന്നത്. 976 പേരാണ് രചനാ മത്സരങ്ങളില്‍ പങ്കെടുത്തത്. രാവിലെ സ്‌കൂള്‍ അങ്കണത്തില്‍ ഡി ഡി ഇ പ്രസന്നകുമാരി പതാക ഉയര്‍ത്തിയതോടെ മത്സരങ്ങള്‍ ആരംഭിച്ചു. അഞ്ച് ചെറിയ വേദികളിലും പത്ത് വലിയ വേദികളിലുമായാണ് മത്സരങ്ങള്‍ നടക്കുന്നത്.
ഉദ്ഘാടനച്ചടങ്ങിന് മുന്നോടിയായുള്ള ഘോഷയാത്ര വൈകീട്ട് 3.30ന് പാറോപ്പടി സില്‍വര്‍ ഹില്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് ആരംഭിക്കും. ഘോഷയാത്രയില്‍ പ്ലോട്ടുകള്‍ ഉള്‍പ്പെടെ കലാപരിപാടികള്‍ മാറ്റേകും. ഘോഷയാത്രക്ക് സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ ഫഌഗോഫ് ചെയ്യും. ഘോഷയാത്രയില്‍ പങ്കെടുക്കുമെന്ന മികച്ച സ്‌കൂളുകള്‍ക്ക് ട്രോഫികള്‍ സമ്മാനിക്കും. വൈകീട്ട് അഞ്ചിന് പ്രധാന വേദിയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ കലാമേള ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്‍പേഴ്‌സണ്‍ മേയര്‍ പ്രൊഫ. എ കെ പ്രേമജം അധ്യക്ഷയായിരിക്കും. സാഹിത്യകാരന്‍ കെ പി രാമനുണ്ണി മുഖ്യാതിഥിയായിരിക്കും. ലോഗോ രൂപകല്‍പ്പനക്കുളള ഉപഹാര സമര്‍പ്പണം എ പ്രദീപ്കുമാര്‍ എം എല്‍ എ നിര്‍വഹിക്കും.
അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന മേളയുടെ സമാപന സമ്മേളനം മൂന്നിന് വൈകീട്ട് അഞ്ചിന് എം കെ രാഘവന്‍ എം പി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജമീല അധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി മേയര്‍ പി ടി അബ്ദുല്‍ ലത്വീഫ് സമ്മാനദാനം നിര്‍വഹിക്കും.
രചനാമത്സര ഫലം
ഇന്നലൈ നടന്ന രചനാമത്സരത്തില്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവര്‍
ഉറുദു ക്വിസ് (യു പി ജനറല്‍)- വി സി ആമിന (അഴിയൂര്‍ ഇസ്റ്റ് യു പി സ്‌കൂള്‍), അസ്ഹര്‍ അബ്ദുല്‍ ഖാദര്‍ (കണ്ണോത്ത് യു പി സ്‌കൂള്‍)
കവിതാരചന മലയാളം (എച്ച് എസ് എസ് ജനറല്‍)- കീര്‍ത്തന ശശി (ജി എച്ച് എസ് എസ് നടുവണ്ണൂര്‍), എസ് ബി ഋതുപര്‍ണ (ജി വി എച്ച് എസ് എസ്, കൊയിലാണ്ടി), കെ മഞ്ജു (പേരാമ്പ്ര എച്ച് എസ് എസ്)
ഉറുദു ക്വിസ് (എച്ച് എസ് എസ് ജനറല്‍)- സഫറിയ (ഗവ സംസകൃതം എച്ച് എസ് എസ് വടകര), കെ സലാഹുദീന്‍ (ജി എച്ച് എസ് എസ് കരുവന്‍പൊയില്‍), പി എസ് റീഷ (ഫാത്തിമബി എച്ച് എസ് കൂമ്പാറ)
കവിത രചന ഹിന്ദി (എച്ച് എസ് ജനറല്‍)- എസ് അര്‍ച്ചന (ആര്‍ എന്‍ എം എച്ച് എസ് ,നരിപ്പറ്റ), എം എസ് അഞ്ജലി കൃഷ്ണ (ജി ജി എച്ച് എസ് എസ്, കൊയിലാണ്ടി), സിതാര യാസ്മിന്‍ (ജി വി എച്ച് എസ് എസ് ചെറുവണ്ണൂര്‍)
ഉപന്യാസം ഇംഗ്ലീഷ് (എച്ച് എസ് ജനറല്‍)- അനുപമ കെ ജോസഫ് (സെന്റ് ജോസഫ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് എച്ച് എസ് എസ്), സല്‍മാന്‍ റസാഖ് (ഇസ്‌ലാമിക് അക്കാദമി ഇ എച്ച് എസ് കോട്ടക്കല്‍), ഐശ്വര്യ സതീഷ് (സെന്റ് വിന്‍സെന്റ് കോളനി ഗേള്‍സ് എച്ച് എസ്)
ചിത്രരചന പെന്‍സില്‍ (എച്ച് എസ്)- കെ സി അക്ഷയ് (നന്‍മണ്ട എച്ച് എസ് എസ്), വി ജയന്ത് വിഷ്ണു (സില്‍വര്‍ ഹില്‍സ് എച്ച് എസ് എസ്), വി അഞ്ജന (ഗവ. എച്ച് എസ് എസ്, വടകര പുത്തൂര്‍)