Connect with us

Idukki

എസ് എസ് എഫ് മീലാദ് ക്യാമ്പയിന്‍ സംസ്ഥാനതല ഉദ്ഘാടനം നാളെ

Published

|

Last Updated

തൊടുപുഴ: എസ് എസ് എഫിന്റെ തിരുനബിയുടെ സ്‌നേഹ പരിസരം മീലാദ് ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ നടക്കും. ഭീകരവാദം, തീവ്രവാദം, അഴിമതി തുടങ്ങിയ സാമൂഹിക വിരുദ്ധ-ദേശവിരുദ്ധ പ്രവണതകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും ആശയം പുനരവതരിപ്പിക്കുകയാണ് ക്യാമ്പയിനിന്റെ ലക്ഷ്യമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ ജന്‍മ മാസമായ റബീഉല്‍ അവ്വലില്‍ സംസ്ഥാനത്തെ 6300 കേന്ദ്രങ്ങളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. 84 ഡിവിഷന്‍ കേന്ദ്രങ്ങളില്‍ മിലാദ് സമ്മേളനവും തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ സന്ദേശപ്രഭാഷണം, മൗലിദ് സദസുകള്‍, മിലാദ് വിളംബരജാഥ, മിലാദ് സന്ദേശയാത്ര, കലാസാഹിത്യ മത്സരങ്ങള്‍ എന്നിവയും നടക്കും.
ക്യാമ്പയിന്‍ നാളെ വൈകിട്ട് അഞ്ചിന് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. എസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് വിഅബ്ദുല്‍ ജലീല്‍ സഖാഫി അധ്യക്ഷത വഹിക്കും. സംസ്ഥാന ഡെപ്യൂട്ടി പ്രസിഡന്റ് പി എ മുഹമ്മദ് ഫാറൂഖ് നഈമി പ്രമേയപ്രഭാഷണം നടത്തും. എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തും. കേന്ദ്ര മന്ത്രി പ്രൊഫ കെ വി തോമസ് മുഖ്യാതിഥിയായിരിക്കും.
എസ്‌വൈഎസ് ജില്ലാ പ്രസിഡന്റ് സയ്യിദ് ജഅ്ഫര്‍ കോയ തങ്ങള്‍, എസ് എസ്എഫ് സംസ്ഥാന സെക്രട്ടറി ബശീര്‍ കെ ഐ, ജില്ലാ പ്രസിഡന്റ് മുസ്തഫ അഹ്‌സനി, സെക്രട്ടറി എം.എ ശബീര്‍, സ്വാഗതസംഘം ചെയര്‍മാന്‍ അബ്്ദുല്‍ കരീം സഖാഫി, കണ്‍വീനര്‍ സുബൈര്‍ അഹ്‌സനി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Latest