Connect with us

Eranakulam

ഭായി നസീറിനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി

Published

|

Last Updated

കൊച്ചി: മൈസൂരില്‍ നിന്ന് അറസ്റ്റ് ചെയ്ത കുപ്രസിദ്ധ ഗുണ്ട ഭായി നസീറിനെയും കൂട്ടാളികളായ ആറ് പേരെയും കൊച്ചിയിലെത്തിച്ച് ജയിലിലടച്ചു. കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട്(കാപ) പ്രകാരം നസീറിനെ തൃശൂര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് മാറ്റിയത്. മറ്റ് പ്രതികളെ ഇന്ന് എറണാകുളം അഡിഷനല്‍ ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതില്‍ ഹാജരാക്കും.
ഭായി നസീറിനെ മൈസൂര്‍ കൃഷ്ണരാജ മൊഹള്ളയിലെ ഗോകുല്‍ ഹോട്ടലില്‍ നിന്നാണ് കൊച്ചിയില്‍ നിന്നുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. മൈസൂരിലെ വിവിധ ഹോട്ടലുകളിലും ലോഡ്ജുകളിലും മൂന്ന് സംഘമായി തിരിഞ്ഞായിരുന്നു ഭായി നസീറിന് വേണ്ടി പോലീസ് തിരച്ചില്‍ നടത്തിയത്. ഗോകുല്‍ ഹോട്ടലില്‍ നസീറും സംഘവും ഉണ്ടെന്ന് ഹോട്ടല്‍ ജീവനക്കാരെ ഫോട്ടോ കാണിച്ച് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് സൗത്ത് എസ് ഐ ഗോപകുമാറിന്റെ നേതൃത്വത്തില്‍ മുറികള്‍ പുറത്തുനിന്ന് പൂട്ടി മൈസൂര്‍ പോലീസിനെയും വിളിച്ചു വരുത്തി മുറിയിലേക്ക് ഇരച്ചുകയറി പിടികൂടുകയുമായിരുന്നു. പോലീസിന്റെ അപ്രതീക്ഷിത നീക്കത്തില്‍ ഭായി നസീറും സംഘവും എതിര്‍പ്പൊന്നും കൂടാതെ കീഴടങ്ങി.
മുണ്ടംവേലി പുളിക്കല്‍ വീട്ടില്‍ പ്രവീണ്‍(25), കാക്കനാട് ചെമ്പുമുക്ക് കൈതക്കാട്ടില്‍ വീട്ടില്‍ പ്രജീഷ് (29), തേവര മട്ടുംമ്മേല്‍ സ്വദേശി ശ്രീമോന്‍(31), മരട് വില്ലേജില്‍ പെരിങ്ങാട്ടു പറമ്പില്‍ പുലിക്കോടന്‍ നസീര്‍ എന്ന പുലി നസീര്‍ (36), പള്ളുരുത്തി കച്ചേരിപ്പടി ചളിയനങ്കാട്ട് റംഷാദ്(32), വൈറ്റില തൈക്കൂടം ഔസാന്‍ വിഹാറില്‍ സമീഷ് (25) എന്നിവരാണ് നസീറിനൊപ്പം അറസ്റ്റിലായത്.
നസീറിനെതിരെ കൊച്ചി സിറ്റിയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ രണ്ട് കൊലപാതക കേസുകളും (പലാരിവട്ടത്തെ ജയ്‌മോന്‍ വധക്കേസ്, വിദ്യാധരന്‍ കൊലക്കേസ്) കൊലപാതകശ്രമം, പിടിച്ചു പറി, ആയുധ കേസ് എന്നിവയടക്കം പത്തോളം കേസുകള്‍ ഉണ്ട്. നസീര്‍ സംഘത്തിലെ കൊടും ക്രിമിനലായ പ്രവീണിനെതിരെ 16 കേസുകള്‍ നിലവിലുണ്ട്.
ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന്റെ ഭാഗമായി കൂടുതല്‍ പേര്‍ക്കെതിരെ ഗുണ്ടാ ആക്ട് ചുമത്താന്‍ പോലീസ് തയ്യാറെടുക്കുകയാണെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ കെ ജി ജെയിംസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

 

Latest