Connect with us

National

ബി എസ് എന്‍ എല്‍ ശൃംഖലയില്‍ ചൈനീസ് കടന്നുകയറ്റം; അന്വേഷണം തുടങ്ങി

Published

|

Last Updated

ന്യൂഡല്‍ഹി: ചൈനീസ് ടെലികമ്യൂണിക്കേഷന്‍ കമ്പനി ഹാവേയുടെ എന്‍ജിനീയര്‍മാര്‍ ദേശീയ സുരക്ഷക്ക് ‘ഭീഷണിയാകും വിധം ബി എസ് എന്‍ എലിന്റെ ശൃംഖലയില്‍ കടന്നു കയറിയതിനെക്കുറിച്ച് ഇന്റലിജന്‍സ് ബ്യൂറോയുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. ബി എസ് എന്‍ ലിന് വേണ്ടി ഫോണുകളും മറ്റ് സാങ്കേതിക ഉപകരണങ്ങളും നിര്‍മിച്ച് ഇന്‍സ്റ്റാള്‍ ചെയ്ത് നല്‍കുന്ന കമ്പനിയാണ് ഹാവേയ്.
സീമാന്ധ്രയിലെ രാജമുന്‍ദ്രിയിലെ വിവിധ മൊബൈല്‍ റേഡിയോ ബേസ് സ്‌റ്റേഷനുകളെ നിയന്ത്രിക്കുന്ന ബേസ് സ്‌റ്റേഷന്‍ കണ്‍ട്രോളര്‍ (ബി എസ് സി) എന്ന ഉപകരണത്തിന്റെ നിയന്ത്രണമാണ് ബി എസ് എന്‍ എല്‍ അറിയാതെ ഹാവേയ് ഏറ്റെടുത്തത്. ബേസ് കണ്‍ട്രോള്‍ സ്റ്റേഷനുകള്‍ നിയന്ത്രിക്കുന്ന ബേസ് ട്രാന്‍സീവിയര്‍ സ്റ്റേഷനുകളുടെ നിയന്ത്രണവും ചൈനയില്‍ ഇരുന്ന് ഇവര്‍ നിയന്ത്രിച്ചെന്നാണ് കണ്ടെത്തിയത്. സെപ്തംബര്‍, ഒക്‌ടോബര്‍ മാസങ്ങളില്‍ നെറ്റ്‌വര്‍ക്ക് അപ്ഗ്രഡേഷന്‍ സമയത്താണ് അതീവ സുരക്ഷയുള്ള ശൃംഖലയില്‍ കയറാന്‍ ചൈനീസ് കമ്പനിയുടെ എന്‍ജിനീയര്‍മാര്‍ പഴുതുകളുണ്ടാക്കിയതെന്നാണ് കരുതുന്നത്. വിവരമറിഞ്ഞ ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടേറിയറ്റ് (എന്‍ എസ് സി എസ്) ടെലികോം വകുപ്പിനെ വിവരമറിയിച്ചു.
നെറ്റ്‌വര്‍ക്കിന്റെ പാസ്‌വേഡ് മാനേജ്‌മെന്റ് മുഴുവന്‍ തകര്‍ത്ത നിലയിലായിട്ടും ബി എസ് എന്‍ എല്‍ അധികൃതര്‍ക്ക് കണ്ടെത്താനായില്ല. ഡാറ്റാബേസ് തിരുത്തുകയും ബി എസ് സിയുടെ നിയന്ത്രണം വിദൂരത്തു നിന്ന് ഏറ്റെടുക്കാന്‍ സാധിക്കും വിധം കമാന്‍ഡുകള്‍ തിരുത്തുകയും ചെയ്തു. ഇതുമൂലം ചൈനയില്‍ നിന്ന് ബി എസ് എന്‍ എല്‍ വഴി നടക്കുന്ന ഫോണ്‍ വിളികള്‍ ചോര്‍ത്താനും മറ്റ് കമ്പനികളുടെ ഇന്റര്‍നെറ്റ് ശൃംഖലയില്‍ കടന്നു കയറാനും കഴിയും. നക്‌സല്‍ ബാധിത മേഖലയായ തീരപ്രദേശത്താണ് ഈ സുരക്ഷാ പാളിച്ച ഉണ്ടായതെങ്കിലും ആന്ധ്രപ്രദേശ് സര്‍ക്കിളിലെ ബി എസ് എന്‍ എല്‍ അധികൃതര്‍ ഇക്കാര്യം പോലീസിനെ അറിയിച്ചില്ല എന്നതും അധികൃതരെ ഞെട്ടിച്ചു. ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടേറിയറ്റ്, ഇന്റലിജന്‍സ് ബ്യൂറോ, ആഭ്യന്തര മന്ത്രാലയം, ബി എസ് എന്‍ എല്‍ എന്നിവയില്‍ നിന്നുള്ള അഞ്ച് പേരടങ്ങുന്ന സംഘം ഇതേക്കുറിച്ച് അന്വേഷണം തുടങ്ങി.
ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടേറിയറ്റ് ( എന്‍ എസ് സി എസ് ) ഇതു സംബന്ധിച്ച് ബി എസ് എന്‍ എല്‍ അധികൃതരോട് വിശദീകരണം തേടിയിട്ടുണ്ട്.
രണ്ട് ചൈനീസ് കമ്പനികളുടെ തമ്മിലടിയാണ് ദേശീയ സുരക്ഷയെ തകിടം മറിച്ചേക്കാവുന്ന വിവരം ചോര്‍ത്തലിലെത്തിയതെന്നത് സുരക്ഷാ ഏജന്‍സികളെ ഞെട്ടിച്ചിരിക്കുകയാണ്. ബി എസ് എന്‍ എലിന്റെ നെറ്റ്‌വര്‍ക്ക് വികസന പദ്ധതിക്ക് കരാര്‍ കിട്ടിയ ചൈനീസ് കമ്പനി ഇസഡ് ടി ഇയുമായുള്ള മത്സരമാണ് ഹാവേയിയെ ഹാക്കിംഗിലെത്തിച്ചതെന്നാണ് നിഗമനം. രാജമുന്‍ദ്രിയിലെ ബി എസ് എന്‍ എലിന്റെ വന്‍ പദ്ധതി അട്ടിമറിക്കപ്പെടുകയായിരുന്നു ലക്ഷ്യം. ഈ പദ്ധതിയടക്കം വിവിധ പദ്ധതികള്‍ക്ക് കരാര്‍ കിട്ടിയത് ഇസെഡ് ടി ഇക്കാണ്.
ദേശീയ ടെലികോം വകുപ്പ് ബി എസ് എന്‍ എലിനോട് റിപ്പോര്‍ട്ട് ചോദിച്ചപ്പോള്‍ വിശദാംശങ്ങള്‍ നല്‍കാന്‍ ബി എസ് എന്‍ എലിനു കഴിഞ്ഞില്ല. വിവരം ചോര്‍ത്തല്‍ നടന്നിട്ടുണ്ടെന്നു സമ്മതിച്ച ബി എസ് എന്‍ എല്‍, അതുകൊണ്ട് ദേശീയ സുരക്ഷക്കുണ്ടായ ‘ഭീഷണിയോ ഹാവേക്ക് എതിരായി എടുത്ത നടപടിയോ വിശദികരിച്ചതുമില്ല. പ്രശ്‌നത്തിന്റെ ഗൗരവാവസ്ഥ മനസ്സിലാക്കിയിട്ടും ബി എസ് എന്‍ എല്‍ സംഭവം ലാഘവത്തോടെയാണു കൈകാര്യം ചെയ്തതെന്ന് അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. വിവരമറിഞ്ഞപ്പോള്‍ അവര്‍ ഹാവേക്ക് കത്തയക്കുക മാത്രമേ ചെയ്തുള്ളൂവെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. ടെലികോം വകുപ്പ് പലവട്ടം ഇടപെട്ട ശേഷമാണ് ബി എസ് എന്‍ എല്‍ ഇക്കാര്യത്തില്‍ ഉണര്‍ന്നതെന്ന് വകുപ്പും സുരക്ഷാ കൗണ്‍സിലും തമ്മിലുള്ള കത്തിടപാടുകള്‍ വ്യക്തമാക്കുന്നു.