തിരുനബി വിളിക്കുന്നു; ഐ സി എഫ് മീലാദ് കാമ്പയിന് തുടക്കമായി

Posted on: December 30, 2013 2:12 pm | Last updated: December 30, 2013 at 2:12 pm
SHARE

IMG_5648ദുബൈ: തിരുനബി വിളിക്കുന്നു എന്ന പ്രമേയത്തില്‍ ഐ സി എഫ് ഗള്‍ഫ് രാജ്യങ്ങളിലുടനീളം നടത്തുന്ന മീലാദ് കാമ്പയിന്‍ യു എ ഇ തല ഉദ്ഘാടനം നടന്നു.
എസ് വൈ എസ് സംസ്ഥാന നേതാക്കളും ഐ സി എഫ് ദേശീയ നേതാക്കളും സംബന്ധിച്ച പ്രൗഡമായ പരിപാടിയിലാണ് കാമ്പയിന് തുടക്കമായത്.
സൃഷ്ടാവ് എന്ന നിലയില്‍ പ്രപഞ്ചനാഥന്‍ അതുല്യനും ഏകനുമാണെങ്കില്‍, സൃഷ്ടി എന്ന നിലയില്‍ പ്രപഞ്ച ഗുരുവായ പ്രവാചകര്‍ അതുല്യനും ഏകനുമാണെന്ന് കാമ്പയിന്‍ ഉദ്ഘാടനം ചെയ്ത് എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ മാരായമംഗലം അബ്ദുര്‍റഹ്മാന്‍ ഫൈസി പറഞ്ഞു.
പ്രവാചകരുടെ വിശേഷങ്ങള്‍ പറഞ്ഞോ എഴുതിയോ തീര്‍ക്കാന്‍ കഴിയാത്തതാണ്. വിശുദ്ധ ഖുര്‍ആനില്‍ പ്രത്യക്ഷമായും പരോക്ഷമായും ധാരാളമായി പ്രവാചകരുടെ അപദാനങ്ങള്‍ വാഴ്ത്തപ്പെട്ടതായി കാണാം. പ്രവാചകരെ സമൂഹത്തിന് മനസിലാക്കാന്‍ ഉതകുന്ന രീതിയില്‍, അവിടുത്തെ ചരിത്രത്തിലും ധാരാളമുണ്ട്. പ്രവാചകരെക്കുറിച്ച് കൂടുതല്‍ പഠിക്കാനും സമൂഹത്തിന് പഠിപ്പിച്ചുകൊടുക്കാനും ഐ സി എഫ് പ്രവര്‍ത്തകര്‍ കാമ്പയിന്‍ കാലയളവില്‍ പരിശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഉദ്ഘാടന സംഗമത്തില്‍ ഐ സി എഫ് നാഷനല്‍ പ്രസിഡന്റ് മുസ്തഫ ദാരിമി കടാങ്കോട് അധ്യക്ഷത വഹിച്ചു. പ്രമുഖ വാഗ്മി അബൂബക്കര്‍ സഖാഫി വെണ്ണക്കോട് മുഖ്യപ്രഭാഷണം നടത്തി. ഹുസൈന്‍ തങ്ങള്‍ വാടാനപ്പള്ളി, ഐ സി എഫ് ദേശീയ നേതാക്കളായ ബശീര്‍ സഖാഫി പുന്നക്കാട്, ഹമീദ് ഈശ്വരമംഗലം, മുഹമ്മദലി സഖാഫി കാന്തപുരം, റശീദ് ഹാജി കരുവമ്പൊയില്‍, അബ്ദുല്‍ അസീസ് സഖാഫി മമ്പാട് തുടങ്ങിയവര്‍ പങ്കെടുത്തു. കാരന്തൂര്‍ മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. പ്രഭാഷണങ്ങള്‍, കുടുംബ സംഗമങ്ങള്‍, പ്രശ്‌നോത്തരി, പ്രകീര്‍ത്തന സദസുകള്‍ തുടങ്ങിയ വിവിധ പരിപാടികള്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന കാമ്പയിനില്‍ നടക്കും.