ഖലീഫ സാറ്റ് 2017ല്‍ യാഥാര്‍ഥ്യമാവും: ശൈഖ് മുഹമ്മദ്

Posted on: December 30, 2013 2:09 pm | Last updated: December 30, 2013 at 2:10 pm

ദുബൈ: രാജ്യത്തിന്റെ പ്രഥമ ഉപഗ്രഹ സംരംഭമായ ഖലീഫ സാറ്റ് 2017ല്‍ യാഥാര്‍ഥ്യമാവുമെന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം. രാജ്യം തദ്ദേശീയമായി വികസിപ്പിക്കുന്ന ഉപഗ്രഹമാണിത്. ഇതിന്റെ അണിയറയില്‍ രാജ്യത്തെ ശാസ്ത്ര പ്രതിഭകളാണുള്ളത്. അറബ് മേഖലയില്‍ നിന്നുള്ള ആദ്യ ഉപഗ്രഹമെന്ന പ്രത്യേകതയും ഈ പദ്ധതിക്ക് മാത്രം അവകാശപ്പെട്ടതാണ്. എമിറേറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂഷന്‍ ഫോര്‍ അഡ്‌വാന്‍സ്ഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ വിദഗ്ധരാണ് പദ്ധതി യാഥാര്‍ഥ്യമാക്കുക.

അറബ് മേഖല ഉപഗ്രഹങ്ങള്‍ സ്വന്തമായി വികസിപ്പിക്കണമെന്ന സന്ദേശമാണ് ഖലീഫ സാറ്റ് നല്‍കുന്നതെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. അറബ് മേഖലക്ക് ഒന്നും അസാധ്യമല്ലെന്നതിന്റെ തെളിവുകൂടിയാണിത്. ഞങ്ങള്‍ക്ക് ഈ പദ്ധതി യാഥാര്‍ഥ്യമാക്കാനാവുമെന്ന വിശ്വാസവും അതിനുള്ള അര്‍പ്പണ മനോഭാവവും ധൈര്യവുമുണ്ട്. യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ അഭിലാഷവും അര്‍പ്പണബോധവുമാണ് ഏറെ വെല്ലുവിളി നേരിട്ടേക്കാവുന്ന ഒരു പദ്ധതി ഏറ്റെടുക്കാന്‍ രാജ്യത്തിന്റെ കരുത്ത്.
ബഹിരാകാശവുമായി ബന്ധപ്പെട്ട് രാജ്യം ആര്‍ജിച്ച അറിവുകള്‍ അറബ് മേഖലയിലെ ഏത് രാജ്യവുമായി പങ്കുവെക്കാനും യു എ ഇ ഒരുക്കമാണെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.