ബംഗാളില്‍ മമതയുടെ ഭരണത്തില്‍ കിരാത നടപടികള്‍: സൂര്യകാന്ത് മിശ്ര

Posted on: December 30, 2013 1:46 am | Last updated: December 30, 2013 at 1:48 am

SURYAKANTH MISHRAകണ്ണൂര്‍: സിദ്ധാര്‍ഥ ശങ്കര്‍റേയുടെ നേതൃത്വത്തില്‍ നടപ്പാക്കിയ അര്‍ധ ഫാസിസ്റ്റ് ഭീകരവാഴ്ചയേക്കാള്‍ കിരാതമായ നടപടികളാണ് മമതയുടെ നേതൃത്വത്തില്‍ പശ്ചിമബംഗാളില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് നേരെ ഇപ്പോള്‍ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവും സി പി എം പോളിറ്റ്ബ്യൂറോ അംഗവുമായ സൂര്യകാന്ത് മിശ്ര. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ബംഗാളില്‍ സി പി എമ്മിന്റെ 142 പ്രവര്‍ത്തകരാണ് കൊലചെയ്യപ്പെട്ടത്. 2000ത്തോളം ഓഫീസുകള്‍ തകര്‍ത്തു. അരലക്ഷത്തിലധികം പാര്‍ട്ടി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി. ഇടതുപക്ഷ അനുകൂലികളായ ഗ്രാമീണരില്‍ നിന്ന് സര്‍ക്കാര്‍ പിഴയീടാക്കുകയാണ്. 28 കോടി രൂപയാണ് ഇത്തരത്തില്‍ പിടിച്ചെടുത്തത്. കണ്ണൂര്‍ പ്രസ്‌ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സൂര്യകാന്ത് മിശ്ര.
സഹകരണ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തദ്ദേശ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍ എന്നിവയും വ്യാപകമായി ആക്രമിക്കപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മീഷനെ ദുരുപയോഗം ചെയ്ത് തിരഞ്ഞെടുപ്പ് പോലും അട്ടിമറിക്കുന്നു. മൂന്നിലൊന്ന് തദ്ദേശ സ്ഥാപനങ്ങളില്‍ ജനാധിപത്യ രീതിയിലായിരുന്നില്ല വോട്ടെടുപ്പ് നടന്നത്. പ്രധാന പ്രതിപക്ഷമായ സി പി എമ്മിന്റെ സ്ഥാനാര്‍ഥികളെ പലയിടങ്ങളിലും പത്രിക നല്‍കാന്‍ അനുവദിച്ചില്ല. വിജയിച്ച സ്ഥാനാര്‍ഥികളെ വരെ ആക്രമിച്ചു കൊലപ്പെടുത്തി. എം എല്‍ എ വരെ കൊലക്കത്തിക്കിരയായി. എം എല്‍ എയുടെ കൊലപാതകത്തില്‍ ഹൈക്കോടതി ഇടപെട്ടാണ് സി ബി ഐ അന്വേഷണം പ്രഖ്യാപിച്ചത്. സി പി എമ്മിന്റെ മാത്രമല്ല കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും ആക്രമിച്ചു. ബി ജെ പിയുടെ ഓഫീസും ആക്രമിക്കപ്പെട്ടു. ഭരണപക്ഷ ഭീകരതയിലും സി പി എം തിരിച്ചുവരവിന്റെ പാതയിലാണെന്ന് സൂര്യകാന്ത് പറഞ്ഞു. നിയമസഭയില്‍ ലഭിച്ചതിനേക്കാല്‍ കൂടുതല്‍ വോട്ടുകള്‍ തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് നേടാനായി. ലോക്‌സഭാ തിരഞ്ഞെടുപ്പ് ജനാധിപത്യ രീതിയിലാണെങ്കില്‍ മികച്ച പ്രകടനം കാഴ്ചവക്കും. സീറ്റിന്റെ എണ്ണത്തിലല്ല സാധാരണക്കാരുടെ ജീവത് പ്രശ്‌നങ്ങളില്‍ ഇടപെട്ട് മുന്നോട്ട് പോവുകയാണ് ഇടതുപക്ഷത്തിന്റെ ലക്ഷ്യം. ഇടതു വേരോട്ടമുള്ള പശ്ചിമബംഗാള്‍ നിയമസഭയില്‍ ബിജെ പിക്ക് ഇതുവരെ സാന്നിധ്യം ഉറപ്പിക്കാന്‍ സാധിച്ചിട്ടില്ല. എങ്കിലും തൃണമൂലിന്റെ പിന്തുണയോടെ രണ്ട് എം പിമാരെ ബി ജെ പിക്ക് ലഭിച്ചിരുന്നു. ബി ജെ പി തൃണമൂലുമായി അകന്ന സാഹചര്യത്തില്‍ പശ്ചിമബംഗാളില്‍ ഒരു സീറ്റും ലഭിക്കില്ല. നന്ദിഗ്രാമില്‍ വ്യവസായികള്‍ക്കുവേണ്ടി ഒരിഞ്ച് ഭൂമി പോലും സി പി എം നല്‍കിയിട്ടില്ലെന്നും ഇത്തരത്തിലുള്ള ആരോപണങ്ങളെ തരണം ചെയ്ത് ഇടതുമുന്നണി ശക്തമായി തിരിച്ചുവരുമെന്നും സൂര്യകാന്ത് മിശ്ര പറഞ്ഞു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് കെ എന്‍ ബാബു അധ്യക്ഷത വഹിച്ചു. സെക്രട്ടറി മട്ടന്നൂര്‍ സുരേന്ദ്രന്‍ സ്വാഗതം പറഞ്ഞു.

ALSO READ  തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നല്‍കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് സിപിഎം