ദുരൂഹ സാഹചര്യത്തില്‍ കുട്ടിയെ കണ്ടെത്തിയ സംഭവം: തുമ്പൊന്നും ലഭിച്ചില്ല

Posted on: December 30, 2013 1:25 am | Last updated: December 30, 2013 at 1:25 am

കോഴിക്കോട്: ഒമ്പത് വയസ്സുകാരനായ കുട്ടിയെ ദുരൂഹ സാഹചര്യത്തില്‍ വൃദ്ധക്കൊപ്പം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായില്ല. സ്ത്രീയെ വെള്ളിമാടുകുന്ന് ജുവനൈല്‍ ഹോമിലെ ഷോര്‍ട്ട് സ്റ്റേ ഹോമിലും കുട്ടിയെ ചില്‍ഡ്രന്‍സ് ഹോമിലും താമസിപ്പിച്ചിരിക്കുകയാണ്. അന്വേഷണം നടക്കുന്നുണ്ടെങ്കിലും കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. കഴിഞ്ഞ 25 ന് രാവിലെ ഏഴ് മണിയോടെയാണ് കോഴിക്കോട് മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് വൃദ്ധക്കൊപ്പം സംശയകരമായ സാഹചര്യത്തില്‍ കുട്ടിയെ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പോലീസെത്തി കുട്ടിയെയും വൃദ്ധയെയും സ്റ്റേഷനിലേക്ക് കൊണ്ടുവരികയായിരുന്നു. മാധ്യമങ്ങളിലൂടെ വാര്‍ത്ത പുറത്തു വന്നാല്‍ കുട്ടിയെ തിരിച്ചറിഞ്ഞ് രക്ഷിതാക്കള്‍ എത്തുമെന്നായിരുന്നു പോലീസിന്റെ പ്രതീക്ഷ. എന്നാല്‍ മൂന്ന് ദിവസം പിന്നിട്ടെങ്കിലും കുട്ടിയെ അന്വേഷിച്ച് ആരും എത്തിയിട്ടില്ല.
ക്രിസ്മസ് ദിവസം രാവിലെയാണ് സ്ത്രീയെയും കുട്ടിയെയും സ്റ്റാന്‍ഡില്‍ കണ്ടത്. സ്ത്രീക്ക് കുട്ടിയുമായി യാതൊരു സാമ്യവും ഇല്ല. കുട്ടിയെ ഇവര്‍ തട്ടിക്കൊണ്ടുവന്നതാണെന്ന സംശയത്തില്‍ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുയായിരുന്നു. സ്ത്രീ പറഞ്ഞ കാര്യങ്ങള്‍ തമ്മില്‍ യാതൊരു ബന്ധവും ഇല്ലാതെ വന്നതോടെ സംശയം ബലപ്പെടുകയും ചെയ്തു. അമ്പിളിയെന്ന് ആദ്യം പേര് പറഞ്ഞ ഇവര്‍ ഇപ്പോള്‍ ഷാജിതയെന്നാണ് പേരെന്ന് മാറ്റിപ്പറഞ്ഞിട്ടുമുണ്ട്. ഇവരുടെ കൈയിലുണ്ടായിരുന്ന റേഷന്‍ കാര്‍ഡില്‍ എസ് നാഗരാജന്‍, ചരിവുകാലായില്‍, കൊറ്റനാട്, പത്തനംതിട്ട എന്ന വിലാസമാണ് ഉണ്ടായിരുന്നത്. നാഗരാജന്‍ തന്റെ ഭര്‍ത്താവാണെന്നും ഒരു വര്‍ഷം മുമ്പ് മരിച്ചുപോയെന്നുമാണ് ഇവരുടെ മൊഴി.
കോട്ടയത്ത് താമസിക്കുമ്പോള്‍ പ്രസവിച്ച് നാല് ദിവസം പ്രായമായ കുട്ടിയെ സോമനാഥനും ഭാര്യ വാസന്തിയും കൊല്ലാന്‍ ശ്രമിക്കുമ്പോള്‍ താന്‍ അമ്പതിനായിരം രൂപ കൊടുത്തു വാങ്ങുകയായിരുന്നു എന്നാണ് ഇവര്‍ പറഞ്ഞത്. ആദ്യം 5,000 എന്ന് പറഞ്ഞ ഇവര്‍ പിന്നീട് 50,000 എന്ന് തിരുത്തുകയായിരുന്നു. ഇത്രയും തുക എവിടെ നിന്നു കിട്ടി എന്ന ചോദ്യത്തിന് ഇവര്‍ക്ക് ഉത്തരമുണ്ടായിരുന്നില്ല. കുറച്ചു കാലമായി കോഴിക്കോടിനടുത്ത് കുറ്റിക്കാട്ടൂരാണ് താമസമെന്നും ഭര്‍ത്താവ് മരിച്ചതോടെ മതം മാറി മുസ്‌ലിമായെന്നും പേര് ഷാജിത എന്നാക്കിയെന്നും ഇവര്‍ പറഞ്ഞു.
കുട്ടിയുടെ പേര് ഷാഹില്‍ എന്നാണെന്നും കുട്ടി പേരാമ്പ്രയിലെ യത്തീംഖാനയുടെ കീഴിലുള്ള സ്‌കൂളിലാണ് പഠിക്കുന്നതെന്നും ഇവര്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സത്രീ ഇവിടെ ജോലി ചെയ്തു താമസിച്ചിട്ടുണ്ടെന്നും കുട്ടി സ്‌കൂളില്‍ പഠിച്ചതായും യതീംഖാനാ അധികൃതര്‍ അറിയിച്ചതായി വനിതാ സ്റ്റേഷന്‍ എസ് ഐ. സി ടി ഉമാദേവി പറഞ്ഞു. പത്തനംതിട്ടയില്‍ ജോലി ചെയ്തു എന്ന് പറയുന്ന സ്ഥലത്ത് അന്വേഷണം നടത്തിയെങ്കിലും അവിടെ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ഇപ്പോഴും വാര്‍ത്ത കണ്ട് ആരെങ്കിലും ബന്ധപ്പെടുമെന്ന പ്രതീക്ഷയിലാണ് പോലീസ് ഉദ്യോഗസ്ഥര്‍.