Connect with us

Ongoing News

ക്ലിഫ് ഹൗസ് ഉപരോധം: ഇടതുമുന്നണി യോഗം ഇന്ന്

Published

|

Last Updated

തിരുവനന്തപുരം: ക്ലിഫ് ഹൗസ് ഉപരോധ സമരത്തിന്റെ വേദി മാറ്റുന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇടതുമുന്നണി യോഗം ഇന്ന് ചേരും. എ കെ ജി സെന്ററില്‍ വൈകീട്ട് നാലിനാണ് യോഗം. ഉപരോധ സമരം വിവാദമായതിനെത്ത തുടര്‍ന്ന് മുന്നണിയില്‍ത്തന്നെ ഭിന്നാഭിപ്രായങ്ങളുണ്ടെങ്കിലും തത്കാലം സമരം തുടരാനായിരുന്നു കഴിഞ്ഞയോഗം തീരുമാനിച്ചത്. നിയമസഭാ സമ്മേളനം ജനുവരി മൂന്നിന് ആരംഭിക്കുന്ന സാഹചര്യത്തില്‍ സമരരീതിയില്‍ മാറ്റത്തിനു മുന്നണി നേതൃത്വം തയ്യാറായേക്കും. ക്ലിഫ്ഹൗസിന് മുന്നിലെ ഉപരോധം നിയമസഭക്കു മുന്നിലേക്കു മാറ്റാനും ആലോചനയുണ്ട്.
ഫെബ്രുവരിയില്‍ ആരംഭിക്കുന്ന പാര്‍ട്ടി ജാഥയുടെ തയ്യാറെടുപ്പുകള്‍ സി പി എമ്മിന് നടത്തേണ്ടതുണ്ട്. മുഖ്യമന്ത്രിയെ ബഹിഷ്‌കരിക്കുന്നതു തുടരണമോ എന്ന കാര്യത്തിലും മുന്നണിയില്‍ വ്യത്യസ്ത അഭിപ്രായമുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രാരംഭ തയ്യാറെടുപ്പുകളും യോഗം ചര്‍ച്ച ചെയ്യും. ചെറിയകക്ഷിയായ കേരളാ കോണ്‍ഗ്രസിലെ ഭിന്നതക്കെതിരേ സി പി എം ശക്തമായ മുന്നറിയിപ്പു നല്‍കിയെങ്കിലും ബി ജെ പി ബന്ധം വരെ ആയുധമാക്കി ഇരു വിഭാഗങ്ങളും പരസ്പരം ചെളിവാരിയെറിയുന്നതു തുടരുകയാണ്. ചേരിതിരിഞ്ഞു മുന്നണി നേതൃത്വത്തിനു കത്തുനല്‍കിയാല്‍ ഇരുവിഭാഗങ്ങളെയും തത്കാലം മുന്നണിയില്‍ നിന്നു മാറ്റിനിര്‍ത്തിയേക്കും.