Connect with us

Gulf

അബോധാവസ്ഥയിലുള്ള യുവാവിനെ നാട്ടിലെത്തിക്കണമെന്ന് അധികൃതര്‍

Published

|

Last Updated

ഉമ്മുല്‍ ഖുവൈന്‍: ബോട്ടപകടത്തില്‍പ്പെട്ട് അബോധാവസ്ഥയില്‍ കഴിയുന്ന യുവാവിനെ നാട്ടിലേക്ക് കൊണ്ടുപോകണമെന്ന് ആശുപത്രി അധികൃതര്‍.
പയ്യോളി മണിയൂര്‍ പതിയാരക്കരയില്‍ സ്ഥിര താമസക്കാരനായ ചുള്ളിയില്‍ ഇസ്മായീലാണ് നാല് മാസത്തോളമായി ഉമ്മുല്‍ ഖുവൈന്‍ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കഴിയുന്നത്. ബോട്ടിന്റെ എഞ്ചിന്‍ പൊട്ടിത്തെറിച്ചായിരുന്നു അപകടം. ശക്തമായ ക്ഷതമേറ്റതിനാല്‍ ചലനമറ്റ നിലയിലാണ്.
ഇസ്മാഈലിന്റെ ദുരിത കഥ സിറാജ് മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. തൊണ്ട തുരന്നാണ് ജീവന്‍ രക്ഷാ മരുന്നുകളും ഭക്ഷണവും നല്‍കുന്നത്. എത്രയും വേഗം നാട്ടിലെത്തിച്ച് ചികിത്സിക്കാനാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇവിടെ നിന്നും നാട്ടിലെത്തിക്കുന്നതിന്റെയും തുടര്‍ ചികിത്സയുടെയും ചെലവുകള്‍ക്ക് മുന്നില്‍ പകച്ചു നില്‍ക്കുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും.
ഇദ്ദേഹത്തെ നാട്ടിലെത്തിക്കുന്നതിന് ഒരു നഴ്‌സും ബന്ധുവും അടക്കം അഞ്ചോളം പേരുടെ യാത്രാച്ചെലവ് കാണണം. കൂടാതെ ഓക്‌സിജന്റെയും മറ്റും മെഷീനുകള്‍ വാങ്ങാനും യാത്രയില്‍ അതുപയോഗിക്കാനുമുള്ള ചെലവുകള്‍ വേറെയും. ഏകദേശം 40,000 ദിര്‍ഹത്തിനു മേലെയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഈ ഘട്ടത്തില്‍ കാരുണ്യമനസ്‌കരുടെ സഹായം തേടുകയാണ് ഇസ്മാഈല്‍.
ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ഇസ്മായീല്‍. പാതിവഴിയിലായ വീടുപണിയും മൂന്ന് കുട്ടികളുടെ പഠനവും വഴിമുട്ടി നില്‍ക്കുന്നു. വിവരങ്ങള്‍ക്ക്: 055-5064737 (ഖാസിം മണിയൂര്‍), 056-7005266 (പി മൊയ്തു).

Latest