ഡല്‍ഹിയില്‍ ആം ആദ്മി സര്‍ക്കാര്‍ അധികാരമേറ്റു

Posted on: December 28, 2013 12:20 pm | Last updated: December 29, 2013 at 12:29 pm

KEJRIWALന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരമേറ്റു. പാര്‍ട്ടിയിലെ രണ്ടാമന്‍ മനീഷ് സിസോഡിയ ഉള്‍പ്പടെ ആറ് പേര്‍ മന്ത്രിസഭയില്‍ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. രാംലീല മൈതാനിയില്‍ നടന്ന ചടങ്ങില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ഇന്ദ്ര സത്യവാചകം ചൊല്ലിക്കൊടുത്തു.  ഡല്‍ഹിയുടെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രികൂടിയാണ് കെജ്രിവാള്‍. കെജ്രിവാളിനൊപ്പം ആറ് മന്ത്രിമാര്‍ കൂടി സത്യവാചകം ചൊല്ലി.

അരവിന്ദ് കെജ്രിവാള്‍ തന്നെയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പിന്നീട് പാര്‍ട്ടിയിലെ രണ്ടാമനായ മനീഷ് സിസോദിയ, സോംനാഥ് ഭാരതി, സത്യേന്ദ്ര ജെയിന്‍, രാഖി ബിര്‍ള, ഗിരീഷ് സോണി, സൗരഭ് ഭരദ്വാജ് എന്നിവരും സത്യപ്രതിജ്ഞചെയത് അധികാരമേറ്റു. എല്ലാവരും ദൈവ നാമത്തിലാണ് സത്യവാചകം ചൊല്ലിയത്.കനത്ത സുരക്ഷയിലാണ് രാംലീല മൈതാനിയില്‍ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. 1600 ഓളം പോലീസുകാരെയാണ് സ്ഥലത്ത വിന്യസിച്ചത്.

അധികാരമേറ്റത് ഡല്‍ഹിയിലെ ജനങ്ങളാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷമുള്ള പ്രസംഗത്തില്‍ പറഞ്ഞു. ആം ആദ്മി സര്‍ക്കാരിനെ ജനങ്ങള്‍ നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നങ്ങള്‍ ഒരു ദിവസം കൊണ്ട് പരിഹരിക്കാന്‍ തന്റെ കയ്യില്‍ മാന്ത്രികവടിയില്ല. ജനങ്ങള്‍ ഒപ്പം നിന്നാല്‍ രാജ്യത്ത് നിന്ന് അഴിമതി തുടച്ചുനീക്കാന്‍ ആം ആദ്മിക്ക് കഴിയും. രാഷ്ട്രീയ പാര്‍ട്ടികള്‍ രാജ്യത്തെ നശിപ്പിച്ചെന്നും കെജ്‌രിവാള്‍ പറഞ്ഞു.

സത്യപ്രതിജ്ഞാചടങ്ങ് വീക്ഷിക്കുന്നതിന് വേണ്ടി ആയിരങ്ങളാണ് രാലീല മൈതാനിയില്‍ എത്തിച്ചേര്‍ന്നത്.