കാലിസിന് 200 ക്യാച്ച്

Posted on: December 28, 2013 12:29 am | Last updated: December 28, 2013 at 12:29 am

kallisരവീന്ദ്ര ജഡേജയെ പുറത്താക്കാന്‍ ജാക്വിസ് കാലിസെടുത്ത ക്യാച്ചിന് ചരിത്രപ്രാധാന്യമുണ്ടായിരുന്നു. കാലിസിന്റെ ഇരുനൂറാം ക്യാച്ച്. ടെസ്റ്റ് ക്രിക്കറ്റില്‍ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ മാത്രം താരം. ആദ്യ കക്ഷി ഇന്ത്യക്കാരനാണ്. രാഹുല്‍ ദ്രാവിഡ്. 166മത്തെ ടെസ്റ്റിലാണ് കാലിസ് ക്യാച്ചില്‍ ഡബിള്‍ സെഞ്ച്വറി തികച്ചതെങ്കില്‍ രാഹുല്‍ ദ്രാവിഡ് 164 ടെസ്റ്റുകളില്‍ 210 ക്യാച്ചുകളുമായി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. ഡര്‍ബന്‍ ടെസ്റ്റോടെ കാലിസ് വിരമിക്കുമെന്നതിനാല്‍ ദ്രാവിഡിന്റെ റെക്കോര്‍ഡിന് ഭീഷണിയില്ല. ഡുമിനിയുടെ പന്തില്‍ എഡ്ജ് ആയ പന്ത് സ്ലിപ്പില്‍ കാലിസ് പിടിക്കുകയായിരുന്നു.
ബാറ്റിംഗില്‍ 55.12 ശരാശരിയില്‍ 13174 റണ്‍സ്, ബൗളിംഗില്‍ 32.65 ശരാശരിയില്‍ 292 വിക്കറ്റുകള്‍ ടെസ്റ്റ് ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ച ആള്‍ റൗണ്ടറുടെ ഗണത്തില്‍ ഇടം പിടിക്കാന്‍ കാലിസിന് ആരുടെയും ശിപാര്‍ശ വേണ്ട. 1995 ഡിസംബറില്‍ ഇംഗ്ലണ്ടിനെതിരെ കളിച്ചു കൊണ്ട് ടെസ്റ്റ് അരങ്ങേറ്റം കുറിച്ച കാലിസ് റിക്കി പോണ്ടിംഗ്,സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നീ മഹാരഥന്‍മാരുടെ സമകാലികന്‍.
കൂടുതല്‍ ക്യാച്ചുകള്‍
ദ്രാവിഡ് (164 മത്സരം) – 210
കാലിസ് (166) – 200
പോണ്ടിംഗ് (168)- 196
മഹേല ജയവര്‍ധന (138) -194
മാര്‍ക് വോ (128) – 181