സ്പീഡ് ഗവേണര്‍: അന്തര്‍ സംസ്ഥാന വാഹനങ്ങള്‍ക്ക് നല്‍കുന്ന ഇളവ് പിന്‍വലിക്കണമെന്ന് കേരളം

Posted on: December 28, 2013 12:21 am | Last updated: December 28, 2013 at 12:21 am

തിരുവനന്തപുരം: അന്തര്‍ സംസ്ഥാന വാഹനങ്ങള്‍ക്ക് നല്‍കുന്ന സ്പീഡ് ഗവേണര്‍ വ്യവസ്ഥയിലുള്ള ഇളവു റദ്ദുചെയ്യണമെന്നു ദക്ഷിണേന്ത്യാ ട്രാന്‍്‌സ്‌പോര്‍ട്ട്് കൗണ്‍സില്‍ യോഗത്തില്‍ കേരളം ആവശ്യപ്പെട്ടു. നിലവില്‍ അന്തര്‍ സംസ്ഥാന വാഹനങ്ങള്‍ കേരളത്തിലേക്ക് പ്രവേശിക്കുമ്പോള്‍ അവക്ക് ഇവിടുത്തെ സ്പീഡ് ഗവേണര്‍ നിയന്ത്രണങ്ങളില്‍ നിന്ന് ഇളവു ലഭിക്കുന്നു. ഈ സാഹചര്യം ഒഴിവാക്കുന്നതിനാണ് കേരളം ഇളവു റദ്ദു ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. 2014 ഏപ്രില്‍ മുതല്‍ പുറത്തിറങ്ങുന്ന വാഹനങ്ങള്‍ക്കു സ്പീഡ് ഗവേണര്‍ നിര്‍ബന്ധമാക്കാനും യോഗത്തില്‍ ധാരണയായതായി ചീഫ് ട്രാന്‍്‌സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കേരളത്തിള്‍ നിന്നുള്ള ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് കര്‍ണാടകയില്‍ ചുമത്തുന്ന ഉയര്‍ന്ന നികുതി കുറക്കണമെന്നും ഇത്തരം വാഹനങ്ങള്‍ ഒരു വര്‍ഷത്തെ നികുതി അടക്കണമെന്ന വ്യവസ്ഥ കര്‍ണാടക പിന്‍വലിക്കണമെന്നും ഇരു സംസ്ഥാനങ്ങളിലെയും ഗതാഗത മന്ത്രിമാര്‍ നടത്തിയ ഉഭയകക്ഷി ചര്‍ച്ചയില്‍ കേരളം ആവശ്യപ്പെട്ടു. നിലവില്‍ ഒരു സീറ്റിനു 600ഓളം രൂപ നിരക്കിലാണ് കര്‍ണാടക നികുതി ചുമത്തുന്നത്.
കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് മൂന്ന് മാസത്തേക്കുള്ള നികുതി അടച്ചാല്‍ മതിയെന്നിരിക്കെ തിരിച്ചു കേരളത്തില്‍ നിന്നുള്ള ഇത്തരം വാഹനങ്ങള്‍ കര്‍ണാടകയില്‍ പ്രവേശിക്കുമ്പോള്‍ ഒരു വര്‍ഷത്തേക്കുള്ള നികുതിയാണ് അടക്കേണ്ടത്. ഇതിനെതിരെ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് കേരളം ഈ ആവശ്യവുമായി രംഗത്തെത്തിയത്്.
കേരളത്തിലെ പഴക്കം ചെന്ന ഗ്യാസ് ടാങ്കറുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കര്‍ണാടകയില്‍ നിന്നും പുനര്‍ രജിസ്റ്റര്‍ ചെയ്തു വീണ്ടും നിരത്തില്‍ ഇറക്കുന്നത് തടയണമെന്നും കേരളം ആവശ്യപ്പെട്ടു. സ്ത്രീകളുടെ സുരക്ഷക്കു വേണ്ടി കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്ന നിര്‍ഭയ ഫണ്ടില്‍ നിന്ന് സംസ്ഥാനത്തെ ബസുകളില്‍ ജി പി എസ് സംവിധാനം സ്ഥാപിക്കാനും സി സി ടി വി സംവിധാനം സ്ഥാപിക്കാനും നടപടിയെടുക്കും. നിലവില്‍ 10 ലക്ഷത്തിനു മുകളില്‍ ജനസംഖ്യയുള്ള 32 നഗരങ്ങളിലാണ് പദ്ധതി അനുവദിക്കാന്‍ കേന്ദ്രം തൂരുമാനിച്ചത്. കേരളത്തിന്റെ സാഹചര്യത്തില്‍ ജനസംഖ്യാ മാനദണ്ഡം പരിഗണിക്കാതെ പദ്ധതി അനുവദിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.
കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ നികുതിയിളവിനായി പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന സാഹചര്യമുണ്ട്. ഇതുകാരണം സംസ്ഥാനത്തിനു നേരിടുന്ന നഷ്ടം ഒഴിവാക്കുന്നതിനായി പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങളില്‍ നിന്ന് നികുതി ഈടാക്കാന്‍ കേരളം നടപടി സ്വീകരിക്കും.
സംസ്ഥാനങ്ങള്‍ക്കിടയില്‍ യാത്ര ചെയ്യുന്ന ആംബുലന്‍സുകള്‍ക്ക് നികുതി ഇളവിനു നടപടി സ്വീകരിക്കുന്ന കാര്യവും യോഗംചര്‍ച്ച ചെയ്തു.