വ്യക്തി സ്വാതന്ത്ര്യത്തിന്റെ നഗ്‌നമായ ലംഘനം

Posted on: December 28, 2013 6:00 am | Last updated: December 28, 2013 at 12:17 am

SIRAJ.......ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയെ വെട്ടിലാക്കിയിരിക്കയാണ് ബംഗളുരു സ്വദേശിയായ യുവതിയെ നിരീക്ഷിച്ച സംഭവം അന്വേഷിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. മോദിക്കു വേണ്ടി അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത അനുയായിയും മുന്‍ ആഭ്യന്തര മന്ത്രിയുമായ അമിത് ഷായുടെ നിര്‍ദേശപ്രകാരം ഗുജറാത്ത് പോലീസ് യുവതിയെ രഹസ്യ നിരീക്ഷണത്തിന് വിധേയയാക്കിയത് വന്‍വിവാദമായതാണ്. ദേശീയ വനിതാ കമ്മീഷനും വിവിധ വനിതാ, സന്നദ്ധ സംഘടനകളും ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ബംഗളൂരുവിലെ ആര്‍ക്കിടെക്റ്റായ യുവതിയെയും ഇവരുമായുള്ള മോദിയുടെ അവിഹിത ബന്ധത്തെയും കുറിച്ചറിയുന്ന ഐ എ എസ് ഓഫീസര്‍ പ്രദീപ് ശര്‍മയെയും നിരീക്ഷിക്കുകയും ഫോണുകള്‍ ചോര്‍ത്തുകയും ചെയ്ത വിവരം വെബ്‌പോര്‍ട്ടലുകളായ ഗുലൈന്‍ ഡോട്ട് കോമും, കോബ്രാ പോസ്റ്റുമാണ് വെളിപ്പെടുത്തിയത്. യുവതിയെ നിരീക്ഷിക്കാന്‍ പോലീസ് ഉദ്യോഗസ്ഥന്് അമിത് ഷാ നിര്‍ദേശം നല്‍കുന്നതിന്റെ ശബ്ദരേഖയടക്കമുള്ള ടേപ്പുകളും ഇതിനു തെളിവായി പുറത്തുവിട്ടിട്ടുണ്ട്. ഇന്ത്യന്‍ ടെലിഗ്രാഫ് നിയമത്തിലെ വ്യവസ്ഥക്ക് വിരുദ്ധമായി ഇവര്‍ രണ്ട് പേരുടെയും യുവതിയുടെ ഭാവി വരന്റയും ബന്ധുക്കളുടെയും ഫോണ്‍ കോളുകളും ഗുജറാത്ത് സര്‍ക്കാര്‍ ചോര്‍ത്തുകയുണ്ടായി. പാര്‍ട്ടിക്കകത്തും മുന്നണിയിലും ഉയര്‍ന്നുവന്ന പ്രതിഷേധങ്ങളെ അമര്‍ച്ച ചെയ്തു പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി വിരാജിക്കുന്ന മോദിയെയും ബി ജെ പിയെയും ഇത് പരുങ്ങലിലാക്കിയിട്ടുണ്ട്.
2005ല്‍ ഗുജറാത്ത് കച്ചിലെ ഹില്‍ ഗാര്‍ഡന്‍ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിനിടെ മോദിയും ഈ യുവതിയും കൂടിക്കാഴ്ച നടത്തിയതായി അന്ന് കച്ച് കലക്ടറായിരുന്ന പ്രദീപ് ശര്‍മയെ ഉദ്ധരിച്ച് ഗുലൈല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മോദിക്ക് യുവതി ഇ മെയില്‍ വിലാസവും ഫോണ്‍ നമ്പറും കൈമാറിയെന്നും അന്ന് രാത്രി അവര്‍ ‘മോദിയുടെ തമ്പിലാണ് കഴിഞ്ഞതെന്നും പ്രദീപ് ശര്‍മ പറയുന്നുണ്ട്. പിന്നീട് കൂടുതല്‍ സുദൃഢമായ ഈ ബന്ധത്തെക്കുറിച്ചു യുവതി പ്രദീപ് ശര്‍മയോട് വെളിപ്പെടുത്തിയതാണ് ശര്‍മയെ കുഴപ്പത്തിലാക്കിയത്. താമസിയാതെ ഒരു അഴിമതിക്കേസില്‍ ശര്‍മയെ ഗുജറാത്ത് പോലസ് അറസ്റ്റ് ചെയ്തു. മോദിയുടെ യുവതിയുമായുള്ള ബന്ധം പുറത്തുവരാതിരിക്കാന്‍ തന്നെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.
രാഷ്ട്രീയ നേതൃ മേഖലയില്‍ സ്ത്രീകളുമായുള്ള അവിഹിത ബന്ധങ്ങള്‍ക്ക് പുതുമയില്ല. വിവാഹിതരല്ലാത്ത ചില പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ വെപ്പാട്ടികളെ വെച്ചു പുലര്‍ത്തിയതും വിവാഹിതരായ നേതാക്കള്‍ക്ക് വേറെ സ്ത്രീകളുമായുള്ള ബന്ധങ്ങളും മാധ്യമങ്ങള്‍ പുറത്തു കൊണ്ടുവന്നിട്ടുണ്ട്. അധാര്‍മികവും സദാചാരവിരുദ്ധവുമെങ്കിലും സമൂഹം ഇത്തരം നെറികേടുകള്‍ക്കെതിരെ കണ്ണടക്കുകയും ചെയ്യുന്നു. ഇത്തരമൊരു രാഷ്ട്രീയ പരിസരത്ത് മോദി ഒരു യുവതിയുമായി സൗഹൃദം സ്ഥാപിക്കുന്നതിലെന്ത്? എന്നാല്‍ ഈ സംഭവത്തില്‍ മോദിയുടെ അവിഹിത ബന്ധമല്ല പ്രശ്‌നം. പിന്നീട് മോദിയുമായി അകലുകയും മറ്റൊരു യുവാവുമായി അടുക്കുകയും ചെയ്ത യുവതിയെ നിരന്തരം നിരീക്ഷണത്തിന് വിധേയയാക്കിയെന്നതാണ്. ഒരു കൊടും ക്രിമിനലിനെയെന്ന പോലെയാണ് ഗുജറാത്ത് ഭീകരവിരുദ്ധ സേനയെയും, െ്രെകം ബ്രാഞ്ചിനെയും ഇന്റലിജന്‍സ് വിഭാഗത്തെയും ഉപയോഗപ്പെടുത്തി സംസ്ഥാനത്തും ബംഗളൂരുവിലുള്‍പ്പെടെ ഗുജറാത്തിന് പുറത്തും യുവതിയെ നിരീക്ഷണവിധേയയാക്കിയത്. ബംഗളൂരുവില്‍ മാധുരിയുടെ ഫോണ്‍ ചോര്‍ത്തുന്നതിന് അവിടുത്തെ ആഭ്യന്തര സെക്രട്ടറിയുടെ അനുമതി ആവശ്യ മായതിനാല്‍ യഡിയൂരപ്പ സര്‍ക്കാരുമായി മോദി ബന്ധപ്പെടുകയും സ്വകാര്യ ഫോണ്‍ കമ്പനികള്‍ക്ക് ബന്ധപ്പെട്ടവര്‍ പ്രത്യേക നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നുവത്രെ.
തന്റെ സ്വകാര്യതകളിലേക്ക് മറ്റുള്ളവര്‍ കടന്നുകയറാതിരിക്കുക എന്നത് ഓരോ വ്യക്തിയുടെയും അവകാശമാണ്. അതിന്റെ നഗ്നമായ ലംഘനമാണ് ഗുജറാത്തില്‍ നടന്നത്. ചില വ്യക്തിതാത്പര്യങ്ങള്‍ക്കു വേണ്ടി ഇത്തരമൊരു മോശപ്പെട്ട പ്രവൃത്തിക്ക് തുനിഞ്ഞത് മോദിയുടെ പ്രതിച്ഛായക്ക് തന്നെ മങ്ങലേല്‍പ്പിച്ചിരിക്കയാണ്. നിരപരാധികളെ പിടിച്ചുകൊണ്ടുപോയി നിഷ്ഠൂരമായി കൊന്ന ശേഷം ഏറ്റുമുട്ടല്‍ മരണമായി ചിത്രീകരിക്കുകുയും ഇരുളിന്റെ മറവില്‍ സ്വന്തം മതസ്ഥാപനങ്ങള്‍ക്കും അനുയായികള്‍ക്കുമെതിരെ അക്രമം നടത്തി മറ്റുള്ളവരുടെ മേല്‍ കെട്ടിവെച്ചു രാജ്യത്തുടനീളം വര്‍ഗീയ സംഘര്‍ഷങ്ങള്‍ വിതക്കുകയും ചെയ്യുന്ന തീവ്രഹിന്ദുത്വത്തിന്, ഒരു പെണ്ണിന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം അത്ര ഗുരുതരമായി തോന്നണമെന്നില്ല. പക്ഷേ വ്യക്തികള്‍ക്ക് ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശങ്ങളെ സംരക്ഷിക്കേണ്ടതും അത് മാനിക്കാത്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടതും ഭരണകൂടത്തിന്റെ ബാധ്യയാണ്.

ALSO READ  കോണ്‍ഗ്രസ് അഴിച്ചുപണിയുടെ പിന്നാന്പുറങ്ങൾ