Connect with us

Gulf

ദുബൈ നഗരസഭ ജീവനക്കാര്‍ക്ക് 8.5 കോടി അലവന്‍സായി നല്‍കും

Published

|

Last Updated

ദുബൈ: ജീവനക്കാര്‍ക്ക് അലവന്‍സ് നല്‍കാനായി ദുബൈ നഗരസഭ 8.5 കോടി ദിര്‍ഹം വകയിരുത്തി. വിവിധ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട 2,000 തൊഴിലാളികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് ദുബൈ നഗരസഭയുടെ മനുഷ്യ വിഭവ വിഭാഗം ഡയറക്ടര്‍ ഖാലിദ് അബ്ദുറഹിമാന്‍ അബ്ദുല്ല വ്യക്തമാക്കി.

ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമാണ് തുക അനുവദിച്ചിരിക്കുന്നത്.
നഗരസഭക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍, ഫാര്‍മസിസ്റ്റുകള്‍, എഞ്ചീനിയര്‍മാര്‍, കണ്‍ട്രോള്‍ ആന്‍ഡ് ഓഡിറ്റര്‍ വിഭാഗം ജീവനക്കാര്‍, മനുഷ്യ വിഭവ വിഭാഗത്തില്‍ ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്കൊപ്പം നിയമ കാര്യങ്ങള്‍ക്കായി നഗരസഭക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ട്രേഡ് ആറ് മുതല്‍ 16 വരെയുള്ള ജീവനക്കാര്‍ക്ക് അലവന്‍സ് ലഭിക്കും. ശമ്പളത്തിന്റെ 30 മുതല്‍ 60 ശതമാനം വരെയാവും പ്രത്യേക അലവന്‍സായി ലഭിക്കുക. അലവന്‍സ് പ്രഖ്യാപനം ജീവനക്കാരുടെ കാര്യക്ഷമത വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബൈ നഗരസഭ മുന്നോട്ട് വെച്ച ഒട്ടുമിക്ക പദ്ധതികള്‍ക്കും ദുബൈ സര്‍ക്കാരിന്റെ മനുഷ്യ വിഭവ വിഭാഗം തത്വത്തില്‍ അംഗീകാരം നല്‍കിയിരിക്കയാണെന്നും ഖാലിദ് പറഞ്ഞു.
വിവിധ വിഭാഗങ്ങളിലായി 700 തസ്തികകളില്‍ നിന്നുള്ള ജീവനക്കാര്‍ക്കാണ് അലവന്‍സ് നല്‍കാന്‍ ശുപാര്‍ശ ചെയ്തിരുന്നത്. ഡിസംബറിലെ ശമ്പളം ലഭിച്ച് രണ്ടു ദിവസം കഴിയുമ്പോള്‍ അലവന്‍സായി ലഭിക്കുന്ന തുക ജീവനക്കാരുടെ എക്കൗണ്ടില്‍ എത്തും.
കഴിഞ്ഞ ജൂണ്‍ മാസം ഒന്നാം തിയ്യതി മുതല്‍ മുന്‍കാല്യ പ്രാബല്യത്തോടെയാവും തുക നല്‍കുക. നാലു കോടി ദിര്‍ഹം എക്കൗണ്ടുകളിലേക്ക് മാറ്റി കഴിഞ്ഞിട്ടുണ്ട്. ഓരോ മാസത്തേക്കും ഏഴുപത് ലക്ഷം ദിര്‍ഹമാണ് മൊത്തമായി നല്‍കുക. വര്‍ഷത്തില്‍ ഏഴു കോടി ദിര്‍ഹം വരും ഈ തുകയെന്നും ഡയറക്ടര്‍ ഖാലിദ് അബ്ദുറഹിമാന്‍ അബ്ദുല്ല വിശദീകരിച്ചു.

 

Latest