റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം: വിളംബര ജാഥ നാളെ

Posted on: December 27, 2013 12:47 pm | Last updated: December 27, 2013 at 12:47 pm

കോഴിക്കോട്: റവന്യൂ ജില്ലാ കേരള സ്‌കൂള്‍ കലോത്സവം 30 മുതല്‍ ജനുവരി മൂന്ന് വരെ വെള്ളിമാടുകുന്ന് ജെ ഡി ടി ഇസ്‌ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുമെന്ന് ജില്ലാ ഡി ഡി ഇ പ്രസന്നകുമാരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മേളയുടെ ഉദ്ഘാടനം 31ന് വൈകുന്നേരം അഞ്ചിന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ നിര്‍വഹിക്കും. സാഹിത്യകാരന്‍ കെ പി രാമനുണ്ണി മുഖ്യാതിഥിയായിരിക്കും.
15 വേദികളില്‍ 297 ഇനങ്ങളിലായി 8500ലധികം വിദ്യാര്‍ഥികള്‍ വിവിധ മത്സരയിനങ്ങളില്‍ പങ്കെടുക്കും. സ്റ്റേജിതര മത്സരങ്ങള്‍ 30ന് നടക്കും.
മേളയോടനുബന്ധിച്ചുള്ള വിളംബര ജാഥ നാളെ നാല് മണിക്ക് മുതലക്കുളം മൈതാനത്തുനിന്ന് ആരംഭിച്ച് ബി ഇ എം ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അവസാനിക്കും. ഘോഷയാത്ര 31ന് ഉച്ചക്ക് ശേഷം 3.30ന് സില്‍വര്‍ ഹില്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് ആരംഭിക്കും.
മീഡിയാ സെന്റര്‍ ഉദ്ഘാടനം ഇന്ന് രാവിലെ 11 മണിക്ക് ജെ ഡി ടി എച്ച് എസ് എസില്‍ പ്രസ് ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ ഉദ്ഘാടനം ചെയ്യും.
മേളയുടെ സമാപന സമ്മേളനം ജനുവരി മൂന്നിന് വൈകുന്നേരം അഞ്ച് മണിക്ക് എം കെ രാഘവന്‍ എം പി ഉദ്ഘാടനം ചെയ്യുമെന്ന് അവര്‍ പറഞ്ഞു.
പബ്ലിസിറ്റി കണ്‍വീനര്‍ സദാനന്ദന്‍ ഡി, ജോഷി ആന്റണി, അബ്ദുല്‍ കബീര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.