Connect with us

Gulf

യു എ ഇയില്‍ മലയാളിക്ക് ഒന്നേമുക്കാല്‍ കോടി രൂപ നഷ്ടപരിഹാരം

Published

|

Last Updated

അബൂദബി: ഒരു വര്‍ഷം മുമ്പ് നടന്ന റോഡപകടത്തില്‍ നട്ടെല്ലിന് ഗുരുതര ക്ഷതമേറ്റ് കിടപ്പിലായ മലയാളി യുവാവിന് യു എ ഇ കോടതി പത്ത് ലക്ഷം ദിര്‍ഹം (1,68,22,800.00 ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം വിധിച്ചു. ഫോര്‍ട്ട് കൊച്ചി സ്വദേശി മന്‍സൂര്‍ ഹംസ (44) ക്കാണ് അബൂദബിയിലെ അപ്പീല്‍ കോടതി വന്‍ തുക നഷ്ടപരിഹാരം വിധിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രമാണ് ഇത്ര വലിയ തുക നഷ്ടപരിഹാരമായി അനുവദിക്കുന്നതെന്ന് നിയമരംഗത്തുള്ളവര്‍ പറയുന്നു. ഇന്‍ഷൂറന്‍സ് കമ്പനിയാണ് തുക നല്‍കേണ്ടത്. ഈ മാസം 17നായിരുന്നു കോടതി വിധി.

നീതിന്യായ വ്യവസ്ഥയോടും തന്റെ അഭിഭാഷകരോടും അതിയായ നന്ദിയുണ്ടെന്ന് വിധി കേട്ട മന്‍സൂര്‍ ഹംസ പ്രതികരിച്ചു. ഈ തുക കൊണ്ട് തന്റെ കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കാനും ചികിത്സ നടത്താനും സാധിക്കും. സാമ്പത്തിക പ്രയാസത്തെ തുടര്‍ന്ന് നിലച്ച മകളുടെ മെഡിക്കല്‍ വിദ്യാഭ്യാസം ഇനി തനിക്ക് പൂര്‍്ത്തിയാക്കാനാകുമെന്നും സന്തോഷാശ്രുക്കള്‍ പൊഴിച്ച് അദ്ദേഹം പറഞ്ഞു.

അബൂദബി വിമാനത്താവളത്തിന് സമീം കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ രണ്ടിനുണ്ടായ അപക്ടത്തിലാണ് മന്‍സൂറിന് ഗുരുതരമായി പരുക്കേറ്റത്. കാറും വാനും കൂട്ടിയിടിച്ചായിരുന്നു അപകടം. തുടര്‍ന്ന് അബൂദബിയിലെ സിവില്‍ കോടതി മന്‍സൂറിന് എട്ട് ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം വിധിച്ചു. ഇതിനെതിരെ അപ്പീല്‍ കോടതിയെ സമീപിച്ചപ്പോഴാണ് നഷ്ടപരിഹാരത്തുക ഉയര്‍ത്തി വിധി ലഭിച്ചത്. മന്‍സൂറിന് ഭാര്യയും രണ്ട് മക്കളുമുണ്ട്. സെയില്‍സ്മാനായി ജോലി ചെയ്തിരുന്ന മന്‍സൂര്‍ 15 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് യു എ ഇയിലെത്തിയത്. ഉടന്‍ നാട്ടിലേക്ക് തിരിക്കുമെന്ന് മന്‍സൂര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം, ജോലിക്കിടെയുണ്ടാ അപകടത്തില്‍ പരുക്കേറ്റ മലയാളി യുവാവിന് ഒമാന്‍ കോടതിയും ഒരു കോടിയിലേറെ രൂപ നഷ്ടപരിഹാരം വിധിച്ചിരുന്നു. കൊല്ലം സ്വദേശി സുനില്‍ സുരേന്ദ്രനാണ് ഈ മാസം 22ന് നിസ്വയിലെ കോടതി 62,400 ഒമാന്‍ റിയാല്‍ നഷ്ടപരിഹാരം വിധിച്ചത്.

Latest