കാളികാവില്‍ വര്‍ക്കിംഗ് ഗ്രൂപ്പ് ചേര്‍ന്നു കുടിവെള്ള പ്രശ്‌നത്തിന് മുന്‍ഗണന

Posted on: December 25, 2013 8:23 am | Last updated: December 25, 2013 at 8:23 am

കാളികാവ്: കാളികാവ് ഗ്രാമപഞ്ചായത്തില്‍ അടുത്ത രണ്ട് വര്‍ഷത്തേക്ക് നടപ്പാക്കേണ്ട പദ്ധതികളുടെ കരട് രേഖ തയ്യാറാക്കുന്നതിന് വേണ്ടി വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ചേര്‍ന്നു.
ഭവന നിര്‍മാണത്തിനും കുടിവെള്ള ക്ഷാമം പരിഹരിക്കുക എന്നിവക്ക് മുന്‍തൂക്കം നല്‍കി കൊണ്ടുള്ള പദ്ധതികളാണ് അടുത്ത രണ്ട് വര്‍ഷത്തേക്കും പഞ്ചായത്തില്‍ നടപ്പിലാക്കുകയെന്ന് പ്രസിഡന്റ് ആലിപ്പറ്റ ജമീല പറഞ്ഞു. ഒരു ദിവസം നീണ്ട് നിന്ന ക്യാമ്പില്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നായി 125 ഓളം പേര്‍ പങ്കെടുത്തു. കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി ജെ മറിയക്കുട്ടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ആലിപ്പറ്റ ജമീല, വൈസ് പ്രസിഡന്റ് കെ കുഞ്ഞാപ്പഹാജി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ മൂസ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോജി കെ അലക്‌സ്, വി മുസ്തഫ തുടങ്ങിയവര്‍ പ്രസംഗിച്ചു.
വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍പെട്ടവര്‍, വാര്‍ഡ് മെമ്പര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, പഞ്ചായത്ത് ജീവനക്കാര്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, അധ്യാപകര്‍ തുടങ്ങിയവരാണ് വര്‍ക്കിംഗ് ഗ്രൂപ്പ് യോഗത്തില്‍ പങ്കെടുത്തത്.. പതിമൂന്ന് വിഭാഗങ്ങളിലായി ഗ്രൂപ്പ് തിരിഞ്ഞ് ചര്‍ച്ചചെയ്താണ് കരട് രേഖകള്‍ തയ്യാറാക്കുന്നത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പും, തുടര്‍ന്ന് നടക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പും പടിവാതിലില്‍ എത്തി നില്‍ക്കുന്ന ഘട്ടത്തിലാണ് അടുത്ത് രണ്ട് വര്‍ഷത്തേക്കുള്ള കരട് രേഖകള്‍ തയ്യാറാക്കുന്നത്.
സംസ്ഥാനത്തെ എല്ലാ പഞ്ചായത്തകളിലും അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നിശ്ചയിക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ കാല താമസം കൂടാതെ നടത്തുന്നതിനും വേണ്ടി നേരത്തേ തന്നെ പ്രവര്‍ത്തനങ്ങള്‍ നടപ്പില്‍ വരുത്തുന്നതിന് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.