Connect with us

Articles

വിവേചനശക്തി വിലക്ക് വാങ്ങാനാകില്ല

Published

|

Last Updated

ഉറുമ്പിനെ പോലും നോവിക്കാതെ വളര്‍ന്ന കുട്ടി കൗമാരത്തില്‍ കൊലപാതകിയാകുന്നു. കവര്‍ച്ചയും ക്രിമിനല്‍ പ്രവര്‍ത്തനവും അരങ്ങു തകര്‍ക്കുന്നു. കളങ്കമില്ലാത്ത മനസ്സ് കല്ല് പോലെ ഉറച്ചാതാകുന്നത് എന്തുകൊണ്ടാണ്? കുട്ടികളുടെ മനസ്സിന്റെ പെന്‍ഡുലം വിപരീത ദിശയിലേക്ക് പ്രയാണം ചെയ്യുന്നതെപ്പോഴാണെന്ന് നമുക്ക് നോക്കാം.
ബാല്യകാലം വിടുകയും യൗവനത്തിലെത്താതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് കൗമാരക്കാലം. നടുക്കടലിലെത്തിയത് പോലെ. ഇനി അവരെ നിയന്ത്രിക്കേണ്ടത് അവര്‍ തന്നെയാണ്. പിന്നില്‍ മാതാപിതാക്കളുടെ നോട്ടവും ഉണ്ടാകണം. “ഞങ്ങള്‍ കുട്ടികളല്ലേ”, “എന്നെ പറഞ്ഞു പഠിപ്പിക്കണ്ട” എന്ന മുദ്രാവാക്യമാണവരില്‍ ഉണ്ടാകുക. അവ സംയമനത്തോടെ നോക്കാന്‍ കഴിയണം. പ്രശ്‌ന സങ്കീര്‍ണമായ കാലഘട്ടമാണ് കൗമാരം. മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും സമൂഹത്തിനും ഒരുപോലെ തലവേദന സൃഷ്ടിക്കുന്ന കാലവുമാണത്. വളര്‍ന്ന് പന്തലിക്കുമ്പോള്‍ പൊട്ടിത്തെറികളും മറ്റും അരങ്ങ് വാഴും. അതിനെ ശാന്തമാക്കാനുള്ള വഴികളാണ് സ്വീകരിക്കേണ്ടത്. കൗമാരത്തിന്റെ രക്തത്തിളപ്പില്‍ ചെയ്തു കൂട്ടുന്നവയെ കണ്ടില്ലെന്ന് നടിക്കരുത്. അവ ഊതിവീര്‍പ്പിക്കുകയും ചെയ്യരുത്.
ശിശു വളര്‍ന്നു വലുതായി വരുമ്പോള്‍ ഓരോ ഘട്ടത്തിലും പല പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരും. ആ പ്രശ്‌നങ്ങളെ വിജയപൂര്‍വം തരണം ചെയ്താലേ ഭാവിയിലെ പ്രശ്‌നങ്ങള്‍ അതിജീവിക്കാനാകുകയുള്ളൂ. കൗമാരപ്രായത്തില്‍ കുട്ടികളില്‍ പല തരം മാറ്റങ്ങള്‍ ദൃശ്യമാകും. അത് രക്ഷിതാക്കളെ വ്യാകുലരാക്കുന്നതാണ്. അമ്പരിപ്പിക്കുന്ന കൗമാരപ്രായത്തിലെ പ്രവര്‍ത്തികള്‍ രക്ഷിതാക്കളെ ഭയപ്പെടുത്തുകയും ചെയ്യും. ഒളിച്ചോട്ടവും പിണക്കവും തുടങ്ങി പലതും അവരില്‍ നിന്നുണ്ടാകുന്ന സമയമാണ്.
മാതാപിതാക്കളില്‍ മാനസിക സംഘര്‍ഷമുണ്ടാകുന്ന സമയമാണ് കുട്ടികളുടെ കൗമാരക്കാലം. കുട്ടികള്‍ക്കാവശ്യമെന്ന് നാം കരുതുന്നത് അവര്‍ക്കാവശ്യമായിരിക്കില്ല, അവര്‍ക്കാവശ്യമായി വരുന്നത് നമ്മുടെ ദൃഷ്ടിയില്‍ അനാവശ്യമാണ്. ഈ രണ്ട് കാര്യങ്ങളുടെ ഇടയില്‍ രക്ഷിതാക്കളുടെ മനഃസംഘര്‍ഷം വര്‍ധിക്കുന്നു. പിരിമുറുക്കവും മനസ്സില്‍ സമ്മര്‍ദവുമുണ്ടാകുന്നു. ഇവിടെ രക്ഷപ്പെടാനുള്ള വഴി അവര്‍ക്ക് സ്‌നേഹവും അംഗീകാരവും നല്‍കുക എന്നതാണ്.
കൗമാരത്തില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ശാരീരിക മാനസിക മാറ്റങ്ങള്‍ ഉണ്ടാകുന്നു. ലൈംഗിക ഹോര്‍മോണുകള്‍ രംഗപ്രവേശം ചെയ്യുന്നു. ആണ്‍ കുട്ടികളുടെയും പെണ്‍ കുട്ടികളുടെയും ശരീരം ഊര്‍ജ്വസലമായി വളര്‍ച്ചയാരംഭിക്കുന്നു. കൗമാരത്തില്‍ കുട്ടികളുടെ ചിന്താശക്തി, കൂര്‍മത കൂടിവരുന്നു. യുക്തിയുക്തമായ വിശകലനശേഷിയും നിരീക്ഷണ പാടവവും അവനു കൈമുതലാകുന്നു. കൗമാര കാലഘട്ടത്തില്‍ കുട്ടികളില്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നത് അവരില്‍ അക്രമോത്സുത വളര്‍ന്നു വരാനിടയാക്കും. തൊട്ടതിനെല്ലാം ശിക്ഷയും ശാസനയും നല്‍കിയാല്‍ മാതാപിതാക്കള്‍ക്കും വിലക്കിനുമെതിരെ അവര്‍ രംഗത്തിറങ്ങും. അമിത നിയന്ത്രണമേര്‍പ്പെടുത്താതിരിക്കുക, അടിച്ചമര്‍ത്തലുകള്‍ ഒഴിവാക്കുക.
കുട്ടിക്കാലത്ത് കാണുകയും കേള്‍ക്കുകയും ചെയ്യുന്നതെല്ലാം കുട്ടിമനസ്സില്‍ അതേപടി പതിഞ്ഞു കിടക്കും. അവരുടെ മസ്തിഷ്‌കത്തില്‍ ഈ ചിന്തകളുടെ സങ്കീര്‍ണമായ സംസ്‌കരണവും നടക്കും. ഈ സമയത്ത് കൊലപാതകങ്ങളും ബേങ്ക് കവര്‍ച്ചയും മറ്റും ഇവരെ സ്വാധീനിക്കുമെന്നതാണ് സത്യം. സിനിമകളില്‍ കാണുന്ന കൊലപാതകങ്ങളുടെ ചിത്രം കൗമാര മനസ്സില്‍ പതിയുന്നു. മസില്‍ പവറും ക്രൂരതയും കൊണ്ട് ഒരാളെ നേരിടാമെന്ന മാതൃക സിനിമയില്‍ നിന്നും മറ്റു മാധ്യമങ്ങളില്‍ നിന്നുമെല്ലാം ലഭിക്കുമ്പോള്‍ കുട്ടികള്‍ അനുകരിക്കുന്നു. പല പ്രശ്‌നങ്ങളാലും കൗമാരം വഴിതെറ്റുന്നുണ്ട്. ലൈംഗികതയുടെ വളര്‍ച്ചാ ഘട്ടമായതുകൊണ്ട് അവ നിയന്ത്രണം വിട്ട് അവിഹിത വേഴ്ചകളിലേക്കും ബലാത്‌സംഗ ശ്രമിത്തിലേക്കും അക്രമം, കവര്‍ച്ച, അടിപിടി എന്നിവയിലേക്കും എത്തിക്കും. പ്രിയക്കാരുമായുള്ള കൂട്ടുകെട്ടും കുടുംബത്തില്‍ നിന്ന് അകലാനുള്ള പ്രവണതയും കൂടി വരും. തന്റെ സൗഹൃദ വലയത്തിലുള്ളവരെ പോലെ വസ്ത്രം ധരിക്കാനും പെരുമാറാനും ഇഷ്ടാനിഷ്ടങ്ങള്‍ ചെയ്യാനും അവര്‍ തുനിയും. മാതാപിതാക്കളേക്കാള്‍ അവരുടെ നായകന്മാരെ അനുകരിക്കുകയും അനുസരിക്കുകയും ചെയ്യും.
വൃത്തി കെട്ട ഭാഷ ഉപയോഗിക്കലും അയല്‍ക്കാരുമായും നാട്ടുകാരുമായും വഴക്കിടലും പുകവലിയും മദ്യപാനവും ആരംഭിക്കുന്നതും കൗമാരപ്രായത്തിലാണ്. പഠനത്തില്‍ പിന്നോട്ടിരിക്കാനുള്ള പ്രവണതയും അവനിലുണ്ടാകുന്നു. പ്രണയം നാമ്പിട്ട് തുടങ്ങുന്നതും ഈ കാലഘട്ടത്തിലാണ്. കുട്ടികള്‍ അധികാരത്തിനും പാരമ്പര്യത്തിനുമെതിരെ ശബ്ദമുയര്‍ത്തുന്നത് കൗമാര പ്രായത്തിലാണ്. മാതാപിതാക്കളുടെയും കുട്ടികളുടെയും നിത്യജീവിതം ഒരു യുദ്ധപ്രതീതിയാണ്. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ യുദ്ധം, ഉറങ്ങാന്‍ പോകുമ്പോള്‍ യുദ്ധം. പഠിക്കുമ്പോള്‍ യുദ്ധം, കളിക്കളത്തിലെ തോല്‍വിയെ ചൊല്ലി യുദ്ധം.
കൗമാരത്തില്‍ കുട്ടികള്‍ വൈരുധ്യങ്ങളുടെ കലവറായിയിമാറുന്നു. അവരുടെ ഭാഷ പരുക്കനായിരിക്കും. പക്ഷേ, പ്രേമത്തെക്കുറിച്ച് വാതോരാതെ സംസാരിക്കും. മാതാവിനോട്് യുദ്ധം ചെയ്യും, എന്നാലും അവരുടെ ഒരു ആശ്ലേഷണത്തിനു വേണ്ടി മോഹിക്കും. മാതാപിതാക്കളുടെ വാക്കുകള്‍ തട്ടിക്കളയും. പക്ഷേ, തന്റെ പ്രവര്‍ത്തികള്‍ മാതാപിതാക്കളെ വേദനിപ്പിക്കുന്നു എന്ന് തോന്നിയാല്‍ അത്ഭുതപ്പെടും.
കൗമാരത്തെ രക്ഷിക്കാന്‍ കഴിയും. വെറുമൊരു മാര്‍ഗനിര്‍ദേശമോ ബോധവത്കരണമോ അല്ല കൗമാരപ്രായക്കാര്‍ക്ക് നല്‍കേണ്ടത്. അവരില്‍ നന്മയും തിന്മയും തിരിച്ചറിയാനുള്ള വിവേചന ശക്തിയും വളര്‍ത്തണം. ചെയ്യുന്നത് തെറ്റാണെന്ന് മാതാപിതാക്കള്‍ പറയണം. ആവശ്യമെങ്കില്‍ ചെറിയ ശിക്ഷയും നല്‍കണം. മാന്യതയുടെ ബിരുദമാണ് കുട്ടിക്കാലത്ത് നേടിയെടുക്കേണ്ടതെന്ന് ഓരോ കുട്ടിയെയും ബോധ്യപ്പെടുത്തണം.
കുട്ടികളില്‍ വിവേചനശക്തി ഉത്തേജിപ്പിച്ചെടുക്കാന്‍ മാതാപിതാക്കളും അധ്യാപകരും പ്രത്യേകം ശ്രദ്ധിക്കണം. വിവേചനശക്തി വിലക്ക് വാങ്ങാനാകില്ല. പ്രായോഗിക തലത്തിലൂടെ കുട്ടികള്‍ നന്മതിന്മകള്‍ വേര്‍തിരിച്ചറിയാന്‍ ശീലിക്കണം. നിയമത്തെക്കുറിച്ചും പോലീസിനെക്കുറിച്ചും ശിക്ഷകളെക്കുറിച്ചും പഠനകാലത്ത് തന്നെ അറിയുന്നതിന് കുട്ടികള്‍ക്ക് അവസരം നല്‍കണം. അങ്ങനെ ബോധ്യമുണ്ടായാല്‍ കുട്ടികള്‍ സന്മാര്‍ഗത്തിന്റെ വഴി തിരഞ്ഞെടുക്കും. വീട്ടില്‍ മാതാപിതാക്കളും കുട്ടികളും ചേര്‍ന്ന് കുറ്റകൃത്യങ്ങളുടെ നിയമപരമായ പരിണിതഫലങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതും നല്ലതാണ്.
കള്ളനാണ്, കൊലപാതകിയാണ് എന്നെല്ലാം മുദ്ര ചാര്‍ത്തപ്പെട്ടാല്‍ പഴയ കാലത്തേക്ക് തിരിച്ചുവരവ് കൗമാരക്കാര്‍ക്ക് വളരെ ബുദ്ധിമുട്ടാകും. പിന്നീട് അവരുടെ ജീവിതം ഏറെ വേദനാജനകവുമായി മാറും. അവര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കണം. കുട്ടികളുടെ സംശയങ്ങള്‍ക്കെല്ലാം ഉചിതമായ ഉത്തരം നല്‍കണം. ലൈംഗിക വിദ്യാഭ്യാസം എന്ന രീതിയിലല്ലാതെ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം എന്ന പേരില്‍ ലൈംഗിക പാഠങ്ങള്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കണം.