മുസാഫര്‍നഗര്‍: കാരാട്ട് അഖിലേഷിനെ കണ്ടു

Posted on: December 24, 2013 11:59 pm | Last updated: December 24, 2013 at 11:59 pm

ലക്‌നോ: മുസാഫര്‍നഗര്‍ കലാപത്തിന് ഇരയായി ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നത് സംബന്ധിച്ച് സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവുമായി ചര്‍ച്ച നടത്തി. മുസാഫര്‍നഗര്‍ കലാപത്തിന് ഇരയായവരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് വന്നത്. കലാപത്തില്‍ കഷ്ടനഷ്ടങ്ങള്‍ക്കിരയായവര്‍ക്ക് കൂടുതല്‍ സഹായം ലഭ്യമാക്കേണ്ടതുണ്ടെന്ന് പ്രകാശ് കാരാട്ട് വാര്‍ത്താ ലേഖകരോട് പറഞ്ഞു.
ആസന്നമായ ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് മൂന്നാം മുന്നണി രൂപവത്കരിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടന്നോയെന്ന് വാര്‍ത്താ ലേഖകര്‍ ആരാഞ്ഞപ്പോള്‍ ആ വിഷയം ചര്‍ച്ചക്ക് വന്നില്ലെന്ന് കരാട്ട് മറുപടി നല്‍കി. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുടെ പ്രശ്‌നങ്ങളാണ് ചര്‍ച്ച ചെയ്തതെന്നും അദ്ദേഹം അറിയിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പാര്‍ട്ടി ആരംഭിച്ചതായി പറഞ്ഞ കാരാട്ട്, ബി ജെ പിക്കും കോണ്‍ഗ്രസിനും എതിരെ രാജ്യവ്യാപകമായി ജനരോഷം കത്തിജ്വലിക്കുന്നതായി അഭിപ്രായപ്പെട്ടു. ജനപിന്തുണ മൂന്നാം മുന്നണിക്ക് ലഭിക്കുമെന്നും കാരാട്ട് അഭിപ്രായപ്പെട്ടു.
ഭാവിയില്‍ ആം ആദ്മി പാര്‍ട്ടിയെ മൂന്നാം മുന്നണിയില്‍ ഉള്‍പ്പെടുത്തുമോയെന്ന ചോദ്യത്തിന് അവര്‍ ഡല്‍ഹിയില്‍ മാത്രമേ ജയിച്ചിട്ടുള്ളുവെന്നായിരുന്നു കാരാട്ടിന്റെ മറുപടി. ശക്തമായ പ്രാദേശിക പാര്‍ട്ടികള്‍ നിലവിലുള്ളതിനാല്‍ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പരാജയമായിരിക്കും. സി പി എം നേതാവ് സുഭാഷിണി അലിയും കാരാട്ടിനൊപ്പമുണ്ടായിരുന്നു.