എം ജി വൈസ് ചാന്‍സിലര്‍ക്ക് ഗവര്‍ണറുടെ നോട്ടീസ്

Posted on: December 24, 2013 11:58 pm | Last updated: December 24, 2013 at 11:58 pm

തിരുവനന്തപുരം: എം ജി സര്‍വകലാശാലാ വൈസ് ചാന്‍സിലര്‍ എ വി ജോര്‍ജിന് ഗവര്‍ണര്‍ നിഖില്‍കുമാര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. വി സിയുടെ യോഗ്യതയില്ലായ്മ സംബന്ധിച്ച ആരോപണം ശരിയാണെന്ന് ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ചാന്‍സിലര്‍ കൂടിയായ ഗവര്‍ണറുടെ നടപടി. വി സി സ്ഥാനത്തു നിന്ന് പുറത്താക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ഒരാഴ്ചക്കകം ബോധിപ്പിക്കണമെന്നാണ് ജോര്‍ജിനോട് നോട്ടീസില്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വൈസ് ചാന്‍സിലറെ പുറത്താക്കാന്‍ ഗവര്‍ണര്‍ നടപടിയാരംഭിക്കുന്നത്.

സാധാരണ നിലയില്‍ വൈസ് ചാന്‍സിലറെ പുറത്താക്കണമെങ്കില്‍ ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണം ആവശ്യമാണ്. പെരുമാറ്റദൂഷ്യം, ധന ദുര്‍വിനിയോഗം മുതലായ ആക്ഷേപങ്ങള്‍ വി സിക്കെതിരെ ഉയരുമ്പോഴാണ് ഇത്തരമൊരു നടപടിയുണ്ടാകുക. എന്നാല്‍, യോഗ്യതയില്ലാത്തതിന്റെ പേരില്‍ വി സിയെ പുറത്താക്കാന്‍ ഇത്തരം നടപടികള്‍ ആവശ്യമില്ലെന്നാണ് ഗവര്‍ണര്‍ക്കു ലഭിച്ച നിയമോപദേശം. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ ഗവര്‍ണര്‍ക്ക് വി സിയെ പുറത്താക്കാം. വൈസ് ചാന്‍സിലര്‍ സ്ഥാനത്തേക്കുള്ള അപേക്ഷക്കൊപ്പം എ വി ജോര്‍ജ് സമര്‍പ്പിച്ച ജീവചരിത്രക്കുറിപ്പിലാണ് തെറ്റായ യോഗ്യതകള്‍ ഉള്‍പ്പെടുത്തിയത്.
കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയില്‍ എന്‍വയോണ്‍മെന്റ് സയന്‍സ് മേധാവി എന്ന പേരിലാണ് ജോര്‍ജിനെ സെര്‍ച്ച് കമ്മിറ്റി വൈസ് ചാന്‍സിലര്‍ സ്ഥാനത്തേക്ക് ശിപാര്‍ശ ചെയ്തത്. മൂന്നരമാസം മാത്രം ഡെപ്യൂട്ടേഷനില്‍ കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയില്‍ പ്രവര്‍ത്തിച്ച ജോര്‍ജ് നവംബര്‍ 30 ന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ തിരിച്ചെത്തി. എന്നാല്‍, ഡിസംബര്‍ 26 ന് ഒപ്പിട്ട് നില്‍കിയ ബയോഡാറ്റയില്‍ കേന്ദ്ര സര്‍വകലാശാലയില്‍ പ്രവര്‍ത്തിക്കുന്നതായാണ് അദ്ദേഹം അവകാശപ്പെട്ടത്. 30 വര്‍ഷം ക്രൈസ്റ്റ് കോളജില്‍ ജിയോളജി റിസേര്‍ച്ച് ഡിപ്പാര്‍ട്ട്‌മെന്റില്‍ മേധാവിയായി പ്രവര്‍ത്തിച്ചതായും ബയോഡാറ്റയിലുണ്ട്. എന്നാല്‍, ക്രൈസ്റ്റ് കോളജില്‍ ഈ വിഭാഗത്തില്‍ പോസ്റ്റ് ഗ്രാജുവേഷന്‍ അനുവദിച്ചിട്ട് 10 വര്‍ഷമേ ആയിട്ടുള്ളൂവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
സംഭവം വന്‍ വിവാദമായ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ ഇത് സംബന്ധിച്ച് രണ്ട് തവണ വി സിയോട് വിശദീകരണം തേടുകയും സര്‍ക്കാറിന്റെ അഭിപ്രായം ആരായുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജോര്‍ജിനെതിരായ ആരോപണങ്ങള്‍ ശരിവെക്കുന്ന റിപ്പോര്‍ട്ട് സര്‍ക്കാറിനുവേണ്ടി ചീഫ് സെക്രട്ടറി ഗവര്‍ണര്‍ക്ക് കൈമാറി. ഇതിന്റെ തുടര്‍ച്ചയായാണ് കാരണംകാണിക്കല്‍ നോട്ടീസ്. ജോര്‍ജിനേക്കാള്‍ യോഗ്യതയുള്ള രണ്ട് പേരുകള്‍ വി സി നിര്‍ണയസമിതി മുന്നോട്ടു വെച്ചെങ്കിലും രാഷ്ട്രീയ പിന്‍ബലത്തില്‍ അദ്ദേഹം വി സിയായി. സ്ഥാനമേറ്റശേഷം സ്വീകരിച്ച ഭരണപരമായ നടപടികളും വിവാദം സൃഷ്ടിച്ചിരുന്നു. വി സിയുടെ ശമ്പളം, പുതിയ കോഴ്‌സുകള്‍ അനുവദിച്ചത് എന്നിവയെല്ലാം ചോദ്യം ചെയ്യപ്പെട്ടു. സ്വന്തം കേസ് നടത്താന്‍ ഹൈക്കോടതിയില്‍ സര്‍വകലാശാലാ ഫണ്ട് അനുവദിച്ചതും പരാതിക്കിടയാക്കി. നിരന്തരം ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ വി സിയെ കൈയൊഴിഞ്ഞു. ഇതിനു ശേഷമാണ് വി സിക്കെതിരെ ചീഫ് സെക്രട്ടറി സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.