സ്വവര്‍ഗരതി പ്രകൃതിവിരുദ്ധമാണ്, എന്തുകൊണ്ടെന്നാല്‍

Posted on: December 24, 2013 6:00 am | Last updated: December 24, 2013 at 12:16 am

HOMO SEXUALസ്വവര്‍ഗാനുരാഗത്തെയും സ്വവര്‍ഗരതിയേയും കുറിച്ചുള്ള സുപ്രീം കോടതി വിധിക്കെതിരെ വിവിധ വിഭാഗമാളുകള്‍ വാളോങ്ങി നില്‍ക്കുന്ന സമയമാണിത്. മാധ്യമങ്ങളില്‍ ഭൂരിപക്ഷവും സ്വവര്‍ഗരതിയെ ന്യായീകരിക്കുന്നു. നിയമപണ്ഡിതരില്‍ മഹാഭൂരിപക്ഷവും ലൈംഗിക ന്യൂനപക്ഷാവകാശങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്. സുപ്രീംകോടതി എന്തോ മഹാപാതകം ചെയ്തുവെന്ന പ്രതീതി ഇതിനകം സൃഷ്ടിക്കപ്പെട്ടുകഴിഞ്ഞു. അതുകൊണ്ടു തന്നെ, ഉന്നതമായ സാംസ്‌കാരിക ധാര്‍മിക-സദാചാര ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ പ്രശ്‌നത്തിന്റെ നാനാവശങ്ങള്‍ ചര്‍ച്ച ചെയ്യാനാകൂ.
2009 ജൂലൈ രണ്ടിന് ഡല്‍ഹി ഹൈക്കോടതി സ്വവര്‍ഗരതി കുറ്റകരമല്ലെന്ന് വിധിച്ചതിനെതിരെ രംഗത്തു വന്നവരില്‍ ഒരാളാണ് ഈ ലേഖകന്‍. ഇന്ന് സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നവരില്‍ ഒരാളുമാണ്. അത് നിയമത്തിന്റെ പഴുതുകളുടെ അടിസ്ഥാനത്തിലോ വിശേഷപ്പെട്ട വ്യാഖ്യാനങ്ങളുടെ അടിസ്ഥാനത്തിലോ രൂപപ്പെടുത്തിയ നിലപാടല്ല. മറിച്ച്, മനുഷ്യ ലൈംഗികതയുടെ സ്വാഭാവികമായ പ്രക്രിയയില്‍ സ്ത്രീയും പുരുഷനുമെന്ന ജൈവികമായ വ്യതിരിക്തതയും പരസ്പരബന്ധത്തിന്റെ സൗന്ദര്യസങ്കല്‍പ്പങ്ങളും അന്തര്‍ലീനമാണെന്നും വിശ്വസിക്കുന്നവര്‍ക്ക് സ്വവര്‍ഗരതിയെ അപഭ്രംശമായി മാത്രമേ കാണാനാകൂ. മനുഷ്യ മഹാസമൂഹം ഇന്നും ഇതിനെ പ്രകൃതിവിരുദ്ധമായിട്ടു തന്നെയാണ് കാണുന്നത്. വളര്‍ന്നു വരുന്ന തലമുറകള്‍ക്കും അത്തരമൊരു സദാചാര പാഠം പകര്‍ന്നു നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ ലൈംഗിക അരാജകത്വത്തിന് പച്ചക്കൊടി കാട്ടുന്നവരായി നാം സ്വയം മാറുകയാകും ചെയ്യുക.
സ്വവര്‍ഗരതിയെ ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശമെന്ന മട്ടില്‍ അവതരിപ്പിച്ചുകൊണ്ട് ”സാമൂഹിക ധാര്‍മിക മൂല്യങ്ങളെ സംബന്ധിച്ച കാലഹരണപ്പെട്ട വാദമുഖങ്ങളും കുറ്റകൃത്യങ്ങളെ സംബന്ധിച്ച പോഷുലിസ്റ്റ് ധാരണകളുമാണ് കോടതിയെ ആകര്‍ഷിച്ചതെന്ന്’ ആക്ഷേപിക്കുന്ന ചില നിഷ്ണാതരുണ്ട്. കാലഹരണപ്പെട്ട മൂല്യസങ്കല്‍പ്പങ്ങള്‍ നിശ്ചയമായും ഉപേക്ഷിക്കണം. പക്ഷേ, പുതിയ മൂല്യങ്ങളെന്താണ്? ജീര്‍ണതയുടെ അങ്ങേയറ്റത്തേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു തലമുറയെയാണ് നാം ഇന്ന് കാണുന്നത്. മൂല്യരാഹിത്യമാണ് അവരുടെ മുഖമുദ്ര. പിതാവിന് മകളോ അമ്മക്കു മകനോ പോലും അന്യജീവികളാകുകയും ലൈംഗിക പൂരണത്തിനുള്ള ശരീരമാകുകയും ചെയ്തുകൊണ്ടിരിക്കുന്ന ജീര്‍ണമായ സാംസ്‌കാരികാവസ്ഥയിലാണ് മനുഷ്യന്‍ എത്തിനില്‍ക്കുന്നത്. ആ പശ്ചാത്തലത്തില്‍ ഹോമോ സെക്ഷ്വല്‍, ലെസ്ബിയനിസം തുടങ്ങിയ വൈകൃതങ്ങളെ സമൂഹം ആദരിക്കുന്നവരില്‍ ചിലര്‍ ന്യായീകരിക്കാന്‍ തുടങ്ങിയാല്‍ നമ്മുടെ ഭാവി എന്താകും?
മനുഷ്യാവകാശങ്ങളുടെ പ്രശ്‌നമാണിതില്‍ ഉള്ളതെന്ന് വാദിക്കുന്നതെങ്കില്‍ സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം തുടങ്ങിയ ജനാധിപത്യ സങ്കല്‍പ്പങ്ങള്‍ ഉദയം ചെയ്ത വിപ്ലവ കാലഘട്ടത്തില്‍ എവിടെയും ഇങ്ങനെയൊരു അവകാശത്തെക്കുറിച്ചു കേട്ടുകേള്‍വി പോലും ഉണ്ടായിട്ടില്ല എന്ന കാര്യം ഓര്‍ക്കുന്നത് നന്നായിരിക്കും. സമൂഹം സാംസ്‌കാരിക ജീര്‍ണതകളുടെ അഴുക്കുചാലില്‍ സഞ്ചരിക്കുന്ന ഇക്കാലത്താണ് ഇത്രയും വൈകൃതങ്ങള്‍ നിറഞ്ഞ പ്രതിഭാസങ്ങള്‍ ‘മനുഷ്യാവകാശങ്ങള്‍’ എന്ന പേരില്‍ സമൂഹത്തില്‍ അവതരിപ്പിക്കപ്പെടുന്നത്. ഇത് സാമൂഹിക പുരോഗതിയല്ല കുറിക്കുന്നത്; സാമൂഹിക സാംസ്‌കാരിക-രാഷ്ട്രീയ മണ്ഡലങ്ങളുടെ ജീര്‍ണതെയ മാത്രമാണെന്ന് പറയേണ്ടതുണ്ട്.
ഹോമോ സെക്ഷ്വല്‍ എന്ന പ്രതിഭാസമെന്താണ്? മനുഷ്യലൈംഗികതയുടെ മനോഹാരിതയെന്താണ്? ഒന്ന് വൈരുപ്യവും രണ്ടാമത്തേത് സൗന്ദര്യവുമാണ്. മനുഷ്യന്റെ ഏറ്റവും ഉദാത്തമായ മൂല്യവിചാരങ്ങളെ അധമ വികാരങ്ങളിലേക്ക് വഴിതിരിച്ചുവിടുന്ന വികലവും സ്വാഭാവിക പ്രകൃതിക്ക് എതിരുമായ പ്രതിഭാസമാണ് സ്വവര്‍ഗരതിയെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇതിനെ സംബന്ധിക്കുന്ന നിയമങ്ങളും കോടതി വിധികളും എന്തു തന്നെയാണെങ്കിലും. സ്ത്രീപുരുഷ ബന്ധത്തിന്റെ പാരസ്പര്യങ്ങളില്‍, സ്‌നേഹസമ്പന്നതയുടെ ഊഷ്മളതയില്‍, സംഭവിക്കുന്ന ആ മനോഹരമായ കൂടിച്ചേരലിനെ രണ്ട് കേവല ശരീരങ്ങള്‍ തമ്മിലുള്ള കേവലാകര്‍ഷണം മാത്രമാക്കുന്നതാണ് ആധുനിക ലൈംഗിക ജീവിതത്തിലെ പുതിയ പ്രവണതകള്‍. സംസ്‌കൃത ചിത്തരായ മനുഷ്യര്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലും ബുദ്ധിമുട്ടുള്ള കാര്യമാണ് ഈ സ്വവര്‍ഗലൈംഗികത. പക്ഷേ, പാശ്ചാത്യലോകത്തിന്റെ വൈകൃതങ്ങളില്‍ ഒന്നായി പ്രത്യക്ഷപ്പെട്ട ആ ആഭാസം നമ്മുടെ നാട്ടിലും അപൂര്‍വമായെങ്കിലും സംഭവിച്ചു തുടങ്ങിയിരിക്കുന്നുവെന്ന കാര്യം സത്യമാണ്. അതിനെ, നേരിടേണ്ടത് ഒരു കുറ്റകൃത്യമെന്ന നിലക്കാണോ, അതോ മനഃശാസ്ത്രപ്രശ്‌നമെന്ന നിലക്കാണോയെന്നൊക്കെയുള്ള കാര്യങ്ങള്‍ തീര്‍ച്ചയായും പരിഗണനയര്‍ഹിക്കുന്നുണ്ട്.
1860ല്‍ ബ്രിട്ടീഷ് ഇന്ത്യന്‍ ഭരണാധികാരികള്‍, വിക്‌ടോറിയന്‍ സദാചാര ധാരണകളുടെ സ്വാധീനത്താല്‍, ആവിഷ്‌കരിച്ച ഐ പി സി സെക്ഷന്‍ 377 ആണ് ‘ഹോമോസ്’ നിയമത്തിന് മുമ്പില്‍ കുറ്റകരമാക്കിയത്. 1970 കള്‍ക്ക് ശേഷം, വിവിധ ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും ഇംഗ്ലണ്ടിലും ‘ഹോമോ’ കുറ്റകരമല്ലാതാക്കി വിവിധ കോടതികള്‍ വിധിക്കുകയുണ്ടായി. വ്യക്തികളുടെ സ്വകാര്യ- വിശേഷാവകാശങ്ങളുടെ പ്രശ്‌നമായി കണ്ടുകൊണ്ടാണ് നിയമം അത്തരമൊരു നിലപാടെടുത്തത്. 2009 ജൂലൈ മൂന്നിന്റെ ഡല്‍ഹി ഹൈക്കോടതി വിധിയും സമാനമായ വാദഗതികളാണുന്നയിച്ചത്. ‘ന്യൂനപക്ഷ ലൈംഗികത’യുടെ അവകാശ സംരക്ഷണം എന്ന പേരില്‍ ബുദ്ധിജീവികളില്‍ ചിലരും ഈ അപഭ്രംശത്തെ അംഗീകരിക്കാനായി മുന്നിട്ടിറങ്ങുന്നുണ്ട്.
ന്യൂനപക്ഷ ലൈംഗികതയെന്നൊക്കെ പറയുമ്പോള്‍, ഏതോ ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ജനാധിപത്യവകാശ പ്രശ്‌നമെന്ന തോന്നലാണുളവാക്കുക. അപൂര്‍വം മനുഷ്യരില്‍ മാത്രം കാണപ്പെടുന്ന ഈ വ്യതിചലനത്തെ ഒരു ജനവിഭാഗത്തിന്റെ പ്രശ്‌നമെന്ന മട്ടില്‍ അവതരിപ്പിക്കുന്നത് തീരെ നന്നല്ല. ലൈംഗിക വൈകൃതങ്ങളുടെ നാടായ അമേരിക്കയില്‍ പോലും 0.42 ശതമാനം ആളുകളില്‍ മാത്രമാണ് ഈ രോഗം കാണപ്പെടുന്നതെന്നാണ് രണ്ടായിരമാണ്ടില്‍ നടന്ന യു എസ്സെന്‍സസ് രേഖപ്പെടുത്തുന്നത്. കാനഡയിലും ഫ്രാന്‍സിലും ഇത് ഒരു ശതമാനം മാത്രമാണു താനും. ഇന്ത്യയില്‍ അതിനെക്കാള്‍ താഴെയാണ് രോഗനില.
അതിനുള്ള ചികിത്സയെങ്ങനെയെന്നല്ലേ ഒരു പരിഷ്‌കൃത സമൂഹം ചിന്തിക്കേണ്ടത്? അതോ അവയൊക്കെ യഥേഷ്ടം നടത്താനും വ്യാപിപ്പിക്കാനുമുള്ള അനുവാദം കൊടുക്കുന്നതോ ശരി? വ്യക്തിസ്വതന്ത്ര്യത്തിന്റെ പ്രശ്‌നമായിട്ടാണ് ഇതിനെ വ്യാഖ്യാനിക്കുന്നതെങ്കില്‍ തെറ്റി. ബഹുഭാര്യാത്വവും ബഹുഭര്‍തൃത്തവും നിയമത്തിന്റെ മുന്നില്‍ ഇന്നും കുറ്റകരമാണ്. വ്യക്തി സ്വാതന്ത്ര്യത്തിന്റെ പേരില്‍ അതനുവദിക്കുമോ? നഗ്നനായി നടക്കണമെന്നാണ് ഒരാള്‍ ആഗ്രഹിക്കുന്നതെങ്കില്‍, അതയാളുടെ അവകാശമാണെന്ന് വാദിക്കുകയാണെങ്കില്‍, സിവില്‍ സമൂഹത്തിന് അതംഗീകരിക്കാന്‍ കഴിയുമോ? എങ്കില്‍പ്പിന്നെ പൊതു സിവില്‍ നിയമങ്ങളുടെ പ്രസക്തിതന്നെയെന്താണ്?
അതിനേക്കാളുപരി ഓരോ കാലഘട്ടത്തിലെയും മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന പരിഷ്‌കൃത സമൂഹം അംഗീകരിക്കുന്ന സദാചാര നിഷ്ഠകള്‍ കാറ്റില്‍പ്പറത്തി ആര്‍ക്കും എന്തുമാകാമെന്ന സ്ഥിതിവിശേഷം എത്രഭീകരമായിരിക്കുമെന്ന് ഓര്‍ത്തുനോക്കുക. ലൈംഗികമായ അരാജകത്വവും സാംസ്‌കാരികമായ തകര്‍ച്ചയുമായിരിക്കും അതിന്റെ ഉടനടിയുള്ള പ്രത്യാഘാതം. പ്രശ്‌നത്തിന്റെ മനഃശാസ്ത്ര, സാംസ്‌കാരിക, സദാചാര വശങ്ങളെ അവഗണിച്ചുകൊണ്ട് പരിഹാരമുണ്ടാക്കാനാകില്ലെന്ന തിരിച്ചറിവാണ് ഭരണകൂടത്തിന് ആദ്യം ഉണ്ടാകേണ്ടത്.
നിയമം കൈകാര്യം ചെയ്യേണ്ടതും വൈദ്യശാസ്ത്രം കൈകാര്യം ചെയ്യേണ്ടതുമായ കാര്യങ്ങള്‍ ഇതിലുണ്ട്. സമൂഹം അംഗീകരിച്ച സദാചാരത്തിന്റെ അതിര്‍വരമ്പുകള്‍ ലംഘിക്കാതെ നോക്കേണ്ടതുണ്ട്. എന്നാല്‍ അതേ സമയം, വ്യക്തികളുടെ സവിശേഷ പ്രശ്‌നത്തെ മനഃശാസ്ത്ര വിഭാഗം തന്നെയാണ് കൈകാര്യം ചെയ്യേണ്ടത്. ലൈംഗികമായ അതിക്രമങ്ങളോ കുറ്റകൃത്യങ്ങളോ സംഭവിച്ചാല്‍ നിയമത്തിന് ഇതില്‍ ഇടപെടുകയും ചെയ്യാം. അതില്ലാത്തിടത്തോളം കാലം മെഡിക്കല്‍ സയന്‍സ് കൈകാര്യം ചെയ്യേണ്ട ഒരു പ്രശ്‌നമാണിത്.
ഹോര്‍മോണ്‍ തകരാറ് മൂലം അപൂര്‍വം വ്യക്തികളിലെങ്കിലും ലൈംഗികമായ വഴിപിരിവും ലിംഗമാറ്റ പ്രശ്‌നവും ഉത്ഭവിക്കാറുണ്ട്. അവരില്‍ അതുണ്ടാക്കുന്ന മനഃശാസ്ത്രപരമായ വ്യതിയാനങ്ങളും സങ്കീര്‍ണതകളും വളരെ ശ്രദ്ധാപൂര്‍വം പരിഹരിച്ചെടുക്കേണ്ട വെല്ലുവിളി തന്നെയാണ്. വൈദ്യശാസ്ത്ര വിഭാഗം അത് ഏറ്റെടുത്തേ മതിയാവൂ. ഇക്കാലത്ത്, വൈദ്യശാസ്ത്ര മേഖല അക്കാര്യത്തില്‍ വളരെയേറെ മുന്നിലാണ് താനും.
ചാനലുകളിലെ ലൈംഗികാഭാസ പ്രദര്‍ശനങ്ങള്‍ക്ക് അറുതി വരുത്താന്‍ സക്രിയമായ യാതൊരു നടപടിക്കും മുതിരാത്ത ഭരണാധികാരികള്‍ പ്രകടമായ ഒരു ലൈംഗികവ്യതിചലനത്തെ മുഖ്യധാരാ ജീവിതത്തില്‍ പ്രതിഷ്ഠിക്കാനും അതുവഴി വമ്പിച്ച പ്രത്യാഘാതങ്ങള്‍ക്കു വഴിവെക്കാനും ഇടയാക്കുന്ന തരത്തില്‍ ന്യായീകരിക്കാന്‍ വ്യഗ്രത കാണിക്കുന്നതെന്തിന് എന്നത് വ്യക്തമാണ്.
എന്തായാലും, ഇന്ത്യന്‍ പാര്‍ലമെന്റില്‍, ഇക്കാര്യത്തില്‍ ഒരുതരം ഉദാരവത്കരണം സാധ്യമാക്കുന്ന നിയമം പാസ്സാക്കാന്‍ തയ്യാറായിരിക്കുകയാണ് സര്‍ക്കാര്‍. അവര്‍ക്ക് ഇതില്‍ മറ്റൊരുപാട് ലക്ഷ്യങ്ങളുണ്ട്. സ്വവര്‍ഗപ്രേമികളുടെ മനുഷ്യാവകാശ സംരക്ഷണത്തിന് നിയമമുണ്ടാക്കുന്നുവെന്ന പേരില്‍, ഒരു സാംസ്‌കാരികാഭാസത്തിന് ഭരണകൂടം നിര്‍ലജ്ജം കൂട്ടുനില്‍ക്കുക വഴി യുവതലമുറക്ക് കുറ്റകരമായ ഒരു സന്ദേശം കൈമാറുകയാണവര്‍. സൗന്ദര്യത്തേയും വൈരൂപ്യത്തേയും തിരിച്ചറിയാന്‍ വിദ്യാര്‍ഥികള്‍ക്കും യുവതീയുവാക്കള്‍ക്കും ദിശ കാണിക്കേണ്ട ഭരണകൂടം വൈരൂപ്യത്തോടൊപ്പം നിലക്കൊള്ളുന്ന കാഴ്ച നിശ്ചയമായും അസ്വസ്ഥജനകമാണ്. വിശേഷിച്ചും, ലൈംഗിക അരാജകത്വത്തിന്റെ പടുകുഴിയിലേക്കു വീണുകൊണ്ടിരിക്കുന്ന യുവജനതയെ വീണ്ടും വഴിതെറ്റിക്കാനേ ഇത്തരം നിയമങ്ങള്‍ ഉതകൂ.
പ്രകൃതി മനുഷ്യന് സമ്മാനിച്ചിട്ടുള്ള ഏറ്റവും മനോഹരമായ സ്ത്രീ-പുരുഷ ബന്ധത്തിന്റെ ആഴവും ദൃഢതയുമെന്തെന്ന് പുതിയ തലമുറക്കു കാണിച്ചു കൊടുക്കുന്ന മാതൃകാ പെരുമാറ്റ ചട്ടമാണ് ഒരു പരിഷ്‌കൃത സമൂഹത്തിന് അഭികാമ്യം. മൃഗങ്ങള്‍ക്കിടയില്‍ കാണുന്ന ലൈംഗിക രീതികളല്ല പരിഷ്‌കൃതരായ മനുഷ്യര്‍ അനുവര്‍ത്തിക്കുന്നതെന്ന കാര്യം മറക്കാതിരിക്കുക. സംസ്‌കാരത്തിന്റെയും സദാചാരത്തിന്റെയും ധാര്‍മിക മൂല്യങ്ങളുടേയും പ്രസക്തിയും പ്രധാന്യവും മനുഷ്യകുലത്തിന് മാത്രം അവകാശപ്പെട്ടതാണ്. അതില്‍ നിന്ന് വിഭിന്നമായ ഏത് ബന്ധവും മനുഷ്യന് അന്യമാണ്. മനുഷ്യനേയും മൃഗത്തേയും തമ്മില്‍ വേര്‍തിരിക്കുന്നത് ഈ ഉയര്‍ന്ന സാംസ്‌കാരിക-സദാചാര സങ്കല്‍പ്പങ്ങളാണ്.
മനുഷ്യജീവിതത്തിന്റെ ആ മനോഹാരിതയില്‍ നിന്നും പല കാരണങ്ങളാല്‍ ഒറ്റതിരിഞ്ഞു പോകുന്നവരെക്കൂടി എങ്ങനെ തിരിച്ചുകൊണ്ടുവരാനാകുമെന്നാണ് നാം ആലോചിക്കേണ്ടത്. അതിന് ഉതകുന്ന സാംസ്‌കാരികാന്തരീക്ഷം സമൂഹത്തില്‍ സൃഷ്ടിക്കുകയും ആ ചൈതന്യ പ്രവാഹത്തില്‍ കൂടുതലുയര്‍ന്ന, സംസ്‌കൃതരായ മനുഷ്യര്‍ പിറക്കുകയും ചെയ്യുന്ന കാലമാണ് നാം വിഭാവനം ചെയ്യേണ്ടത്, പ്രയത്‌നമെല്ലാം അതിനുവേണ്ടിയാകണം.